ചെങ്കൊടിയേന്തി ചെങ്ങന്നൂര്‍; സജി ചെറിയാന് 20956 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയം

ചെങ്ങന്നൂര്‍:  ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയന്‍ വന്‍ ഭൂരുപക്ഷത്തോടെ വിജയിച്ചു.  20956 ആണ് സജി ചെറിയാന്റെ ഭൂരിപക്ഷം. 1987ല്‍ മാമ്മന്‍ ഐപ്പിന് ലഭിച്ച 15703 ആയിരുന്നു എല്‍.ഡി.എഫിന് ചെങ്ങന്നൂരില്‍ ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷം.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഡ്വ.കെ.കെ.രാമചന്ദ്രന്‍ നായർ ( ലഭിച്ച വോട്ട് : 52880- സിപിഐഎം )  7983 വോട്ടിന് ജയിച്ച മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിലാണ് സജി ചെറിയാന്‍ (ലഭിച്ച വോട്ട് : 67303, ഭൂരിപക്ഷം : 20956 )  മണ്ഡലം നിലനിര്‍ത്തിയിരിക്കുന്നത്.

തന്റെ പ്രതീക്ഷകൾക്ക് അപ്പുറമാണ് വിജയമെന്ന് സജി ചെറിയാൻ വ്യക്തമാക്കി. ഇത്രയും ജനങ്ങൾക്ക് എന്നെ ഇഷ്ടമാണെന്നു കരുതിയിരുന്നില്ല. എസ്എൻഡിപിയുടെയും എൻഎസ്എസിന്റെയും ക്രിസ്ത്യൻ സഭകളുടെയും വോട്ടുകൾ തനിക്കു ലഭിച്ചു. പിണറായി വിജൻ സർക്കാരിനുള്ള അംഗീകാരമാണിത്. ആഘോഷങ്ങൾ എല്ലാവരും ചേർന്നു നടത്തണമെന്നും പരിധിവിടരുതെന്നും സജി ചെറിയാൻ ആവശ്യപ്പെട്ടു.

അതേസമയം, ബിജെപിയും സിപിഐഎമ്മും കോൺഗ്രസിനെ തോൽപ്പിക്കാൻ ഒരുമിച്ചെന്ന് യുഡിഎഫ് സ്ഥാനാർഥി ഡി. വിജയകുമാർ ആരോപിച്ചു. കോൺഗ്രസിനു വീഴ്ച പറ്റി. താഴേത്തട്ടിൽ പ്രതിരോധിക്കാൻ ആളുണ്ടായില്ല. വീഴ്ചയുടെ കാരണം പാർട്ടി നേതൃത്വം ആലോചിക്കണമെന്നും തോൽവി സമ്മതിച്ച് വിജയകുമാർ പറഞ്ഞു. കോൺഗ്രസ് വോട്ടു മറിച്ചെന്ന് ബിജെപി സ്ഥാനാർഥി പി.എസ്. ശ്രീധരൻപിള്ളയും ആരോപിച്ചു. മാന്നാർ അതിന്റെ സൂചനയാണ്. വോട്ട് പർച്ചേസ് ചെയ്തു. ധനധാരാളിത്തം എൽഡിഎഫിന്റെ മുഖമുദ്രയെന്നും പിള്ള കൂട്ടിച്ചേർത്തു.

ഫാസിസത്തിനും അഴിമതിക്കും എതിരായ ശക്തമായ പോരാട്ടത്തിന്റെ വിജയമാണു ചെങ്ങന്നൂരിലേതെന്നു ഭരണഭരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ പറഞ്ഞു. കെ.എം. മാണി ഇപ്പോൾ എവിടെ ഇരിക്കുന്നുവെന്നും വിഎസ് ചോദിച്ചു.

1000 കോടിയുടെ സ്വപ്നം

കെ.കെ. രാമചന്ദ്രൻ നായർ തുടങ്ങിവച്ച 750 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഭരണത്തുടര്‍ച്ച വേണമെന്നായിരുന്നു എല്‍ഡിഎഫ് ആവശ്യപ്പെട്ടത്. ഇത് 1,000 കോടിയിലേക്ക് ഉയർത്താമെന്ന് പ്രകടന പത്രികയിൽ വാഗ്ദാനവുമുണ്ടായി. ചെങ്ങന്നൂരിൽ ഏതുവിധേനയും ജയിക്കണം എന്നാണു മാസങ്ങൾക്കു മുന്നേ മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി ജില്ലാനേതൃത്വത്തോട് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി ഉൾപ്പെടെ മുഴുവൻ മന്ത്രിപ്പടയും നേതാക്കളും ഊർജവും വിട്ടുതരാമെന്നും പിണറായി ഉറപ്പുനൽകി.

തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മാസങ്ങൾക്കു മുന്നേ കമ്മിറ്റികൾ രൂപീകരിച്ച് എൽഡിഎഫ് പ്രവർത്തനം തുട‌ങ്ങി. ഭവന സന്ദര്‍ശനത്തിന് മന്ത്രിമാർ ഉൾപ്പെടെയുള്ളവർ വന്നു. ഒന്നിലേറെ ദിവസം മുഖ്യമന്ത്രി മണ്ഡലത്തിലെ പരിപാടികളിൽ പങ്കെടുത്തു, പ്രസംഗിച്ചു. സമുദായ നേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്കും മുഖ്യമന്ത്രി നേതൃത്വം നൽകി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചെങ്ങന്നൂരിൽ തമ്പടിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

സാംസ്കാരികമായി ഔന്നത്യമുള്ള ചെങ്ങന്നൂരിനു വികസന പന്ഥാവിലേക്കു പറന്നുയരാൻ 1000 കോടി നൽകാമെന്ന ഇടതുപക്ഷത്തിന്റെ മോഹനവാഗ്ദാനത്തിനാണു നാട്ടുകാർ വോട്ട് ചെയ്തത്. ചെങ്ങന്നൂരിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്കു തൊഴില്‍ ഉറപ്പുവരുത്താനും വിനോദസഞ്ചാരം, കൃഷി, വ്യവസായം എന്നിവയ്ക്ക് ഊന്നല്‍ നല്‍കി ഉല്‍പാദനമേഖലയെ ശക്തിപ്പെടുത്താനും പദ്ധതിയുണ്ടെന്ന് എൽഡിഎഫ് പ്രഖ്യാപിച്ചു. മണ്ഡലത്തിലെ പത്തു പഞ്ചായത്തുകളില്‍ അഞ്ചിടത്ത് ഇടതുഭരണമാണ്. സർക്കാർ ഫണ്ട് ഒഴുകിയെത്താൻ എൽഡിഎഫ് ജയിക്കണമെന്ന പ്രചാരണം ഏറ്റിരിക്കുന്നു. സജി ചെറിയാന്റെ സാന്ത്വന ചികില്‍സാ പ്രവര്‍ത്തനങ്ങളും ജൈവകൃഷി, നദീ സംയോജന പദ്ധതികളും വോട്ടർമാരെ സ്വാധീനിച്ചു.

ഇടതിനെ ‘തുണച്ച്’ മാണിയും വെള്ളാപ്പള്ളിയും

കോൺഗ്രസ് സ്ഥാനാർഥി ഡി. വിജയകുമാറിനെ പിന്തുണയ്ക്കാൻ തീരുമാനിച്ച കേരള കോൺഗ്രസ് (എം) വീണ്ടും യുഡിഎഫിലേക്കു പാലമിട്ടത് നേട്ടമായത് എൽഡിഎഫിനാണ്. മലപ്പുറം ലോക്സഭ, വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പു മാതൃകയിൽ ചെങ്ങന്നൂരിലും കേരള കോൺഗ്രസ് (എം) പിന്തുണ നൽകി. മലപ്പുറത്തും വേങ്ങരയിലും മുസ്‌ലിം ലീഗിനാണു പിന്തുണയെന്നായിരുന്നു നിലപാട്. കോൺഗ്രസ് സ്ഥാനാർഥിയെ പിന്തുണയ്ക്കാനുള്ള തീരുമാനത്തോടെ ഇടതുപക്ഷവും ബിജെപിയും തുറന്നിട്ട വാതിലുകൾ കണ്ടില്ലെന്നു നടിച്ച മാണിക്കും ഈ തോൽവി അപ്രതീക്ഷിതം.

ചെങ്ങന്നൂരിൽ കേരള കോൺഗ്രസിന്റെ പിന്തുണയില്ലാതെയുള്ള സ്ഥിതി സിപിഎമ്മിന് അത്ര അനുകൂലമല്ലെന്നും കെ.എം. മാണി എൽ‍ഡിഎഫിലേക്കു വരുന്നതു ക്രൈസ്തവ മേഖലകളിൽ പാർട്ടിക്കു ഗുണം ചെയ്യുമെന്നുമാണു കാരാട്ട്പക്ഷം വാദിച്ചത്. എന്നാൽ‍, ഇടത്–ന്യൂനപക്ഷ വോട്ടുകൾ ഒരുമിക്കുന്നതു ഭൂരിപക്ഷ സമുദായ വോട്ടുകൾ ഏകോപിപ്പിക്കാൻ ബിജെപിയെ സഹായിക്കുമെന്നു യച്ചൂരിപക്ഷം പറഞ്ഞു. കെ.കെ. രാമചന്ദ്രന്‍ നായര്‍ ജയിച്ചതു കെ.എം. മാണി പിന്തുണച്ചിട്ടാണോയെന്ന ചോദ്യത്തിന് ഇനി ശബ്ദം കൂടും.

ചെങ്ങന്നൂരിൽ യുഡിഎഫിനെ പിന്തുണച്ച കെ.എം. മാണിയുടെ നിലപാടു ലജ്ജാകരമെന്ന അഭിപ്രായവുമായാണ് എസ്എൻഡിപി യോഗം ജനറൽ ‌സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയത്. ബിജെപിയുമായി ബിഡിജെഎസ് ഉടക്കിയ പശ്ചാത്തലത്തിൽ എസ്എൻഡിപിയുടെ നിലപാട് ഇടതുപക്ഷത്തിനു തുണയായി. ഇങ്ങോട്ടു സഹായിക്കുന്നവരെ ചെങ്ങന്നൂരിൽ എസ്എൻഡിപി തിരിച്ചു സഹായിക്കുമെന്ന വെള്ളാപ്പള്ളിയുടെ വെളിപ്പെടുത്തൽ സജി ചെറിയാന്റെ വിജയത്തിൽ സ്വാധീനം ചെലുത്തി.

ചെങ്ങന്നൂര്‍ ലീഡ്

മാന്നാര്‍ – എൽഡിഎഫ്  – 2768 
പാണ്ടനാട്- എല്‍ഡിഎഫ് – 649 
തിരുവന്‍വണ്ടൂര്‍-  എൽഡിഎഫ് –  618
ചെങ്ങന്നൂര്‍- എൽഡിഎഫ് –  621 
മുളക്കുഴ- എൽഡിഎഫ്  – 3875
ആല- എൽഡിഎഫ് –  1180
പുലിയൂര്‍- എൽഡിഎഫ്  – 606 
ബുധനൂര്‍-  എൽഡിഎഫ് – 2766 
ചെന്നിത്തല- എൽഡിഎഫ്  – 2403 
ചെറിയനാട്- എൽഡിഎഫ്  – 2424 
വെണ്മണി- എൽഡിഎഫ് – 3246