സുധീരനെതിരെ കേരള കോണ്‍ഗ്രസ്; രാജ്യസഭാ സീറ്റ് വിട്ടുകൊടുത്ത നടപടിയില്‍ നേതൃത്വത്തെ വിമര്‍ശിച്ച് പി.ടി.തോമസ്

കോട്ടയം: കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.എം.സുധീരനെതിരെ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് രംഗത്ത്. കെ.എം.മാണിയെ വിമര്‍ശിക്കുന്ന സുധീരന്‍ സ്വന്തം ചരിത്രം പരിശോധിക്കണമെന്ന് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 1980 ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു സുധീരന്‍. അന്നു തോല്‍പിച്ചത് കോണ്‍ഗ്രസുകാരനെയാണ്. സുധീരന്‍ ഇതെല്ലാം മറന്നാലും ചരിത്രവസ്തുതകള്‍ മാറില്ലെന്നും ആത്മവഞ്ചനാപരമായ പ്രസ്താവനകളാണു സുധീരന്റേതെന്നും കേരള കോണ്‍ഗ്രസ് വിമര്‍ശിച്ചു.

അതിനിടെ, കേരള കോണ്‍ഗ്രസിനു രാജ്യസഭാ സീറ്റ് വിട്ടുകൊടുത്ത നടപടിയില്‍ നേതൃത്വത്തെ വിമര്‍ശിച്ച് എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ടി.തോമസ് രംഗത്തെത്തി. യുഡിഎഫ് വിട്ടുപോയ മാണിയെ തിരികെ കൊണ്ടുവരേണ്ടത് അനിവാര്യമായിരുന്നെങ്കില്‍ ആ കാര്യം രഹസ്യ സ്വഭാവത്തോടെ നീക്കേണ്ട ഒന്നായിരുന്നില്ല. മുന്നണിയില്‍ ഇല്ലാത്ത മാണിക്കു രാജ്യസഭാ സ്ഥാനം നല്‍കി തിരികെ കൊണ്ടുവരുന്ന നടപടി കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും യശ്ശസ്സ് ഉയര്‍ത്താനല്ല തളര്‍ത്താനാണ് ഉപകരിച്ചതെന്ന് അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.