കേരളത്തിലെ നേതൃമാറ്റം വൈകില്ലെന്ന് എഐസിസി വൃത്തങ്ങള്‍; തീരുമാനം ഒരാഴ്ചക്കുള്ളില്‍

കേരളത്തിലെ നേതൃമാറ്റം വൈകില്ലെന്ന് എഐസിസി വൃത്തങ്ങള്‍. ഇത് സംബന്ധിച്ച് ഒരാഴ്ചക്കുള്ളില്‍ തീരുമാനമുണ്ടാകും. കേരളത്തിലെ പ്രശ്‌നങ്ങള്‍ ഗുരുതരമാകുന്നതായാണ് വിലയിരുത്തല്‍. രണ്ട് ദിവസം കൂടി നിരീക്ഷിക്കാനാണ് തീരുമാനം. അതിന് ശേഷം ഇടപെടല്‍ വേണോയെന്ന് ആലോചിക്കും.

അതേസമയം രാജ്യസഭാ സീറ്റ് വിവാദത്തിൽ നിലപാട് മയപ്പെടുത്താതെ കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം.സുധീരൻ വീണ്ടും വിമർശനവുമായി രംഗത്തെത്തി. ഭാവിയിൽ ബി.​ജെ.പിയുമായി കൂട്ട് കൂടില്ലെന്ന ഉറപ്പ് യു.ഡി.എഫിനും ജനങ്ങൾക്കും നൽകാൻ കേരളാ കോൺഗ്രസ് (എം) ചെയർമാൻ കെ.എം.​മാണി തയ്യാറാണോയെന്ന് സുധീരൻ ചോദിച്ചു. മാണിയുടെ ചാഞ്ചാട്ട രാഷ്ട്രീയം അദ്ദേഹത്തിന്റെ വിശ്വാസ്യത ഇല്ലാതാക്കിയിരിക്കുകയാണെന്നും സുധീരൻ  പറഞ്ഞു.

ബി.ജെ.പി അടക്കം മൂന്ന് പാർട്ടികളുമായി മാണി വിലപേശൽ നടത്തി. അങ്ങനെയുള്ള മാണി ഭാവിയിൽ ബി.ജെ.പിയുടെ മുന്നണിയിലേക്ക് പോകില്ലെന്ന് എന്താണ് ഉറപ്പ്. അക്കാര്യത്തിൽ വ്യക്തത വരുത്താൻ അദ്ദേഹത്തിന് ബാദ്ധ്യതയുണ്ട്. യു.ഡി.എഫിൽ എത്തിയ ശേഷവും സമദൂരത്തെ കുറിച്ചാണ് മാണി പറയുന്നത്. ഒരു മുന്നണിയിൽ ചേർന്ന ശേഷം സമദൂരമാണെന്ന് എങ്ങനെയാണ് പറയാനാകുകയെന്നും സുധീരൻ ചോദിച്ചു. യു.ഡി.എഫ് വിട്ടുപോയപ്പോൾ മാണി ഉന്നയിച്ച ആക്ഷേപങ്ങൾ പിൻവലിക്കുന്നുണ്ടോയെന്ന് അദ്ദേഹം വ്യക്തമാക്കണം. ഇപ്പോൾ യു.ഡി.എഫിലുള്ള മാണി,​ ഉന്നയിച്ച ആരോപണങ്ങൾക്ക് ഖേദം പ്രകടിക്കപ്പണമെന്നും സുധീരൻ ആവശ്യപ്പെട്ടു.