കുട്ടികളെ മാതാപിതാക്കളില്‍ നിന്നും വേര്‍പിരിച്ച സഭവം: ന്യായീകരിച്ച് ട്രംപ്

Mandatory Credit: Photo by Andrew Harnik/AP/REX/Shutterstock (9447254j) President Donald Trump arrives at Palm Beach International Airport in West Palm Beach, Fla Trump, West Palm Beach, USA - 02 Mar 2018

വാഷിംങ്ണ്‍: കുട്ടികളെ മാതാപിതാക്കളില്‍ നിന്നും വേര്‍പെടുത്തുന്നതിനെ ന്യായീകരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അനധികൃതമായി അമേരിക്കയിലേക്ക് എത്തുന്നവരെ കുടിയേറ്റ വിരുദ്ധ നയത്തിന്റെ ഭാഗമായി ജയിലടയ്ക്കുവാനുള്ള അമേരിക്കന്‍ ഭരണകൂടത്തിന്റെ പുതിയ നയമാണ് കുട്ടികളെ മാതാപിതാക്കളില്‍ നിന്നും വേര്‍പെടുത്തുന്നതിന് കാരണമായത്. അമേരിക്കയിലെത്തുന്ന അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും അവരുടെ കുട്ടികളെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റുകയുമാണ് ഇപ്പോള്‍ അവിടെ ചെയ്യുന്നത്.

ട്രംപി ന്റെ ഈ നടപടി പരക്കെ വിമര്‍ശനം ഏറ്റു വാങ്ങിയ സാഹചര്യത്തിലാണ് നടപടിയെ ന്യായീകരിച്ച് കൊണ്ട് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. കുടിയേറ്റക്കാര്‍ രാജ്യത്തെ നശിപ്പിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ ട്രംപ് കുടിയേറ്റക്കാരെ ശല്യക്കാരായ പ്രാണികളോടും മറ്റ് ജീവികളോടുമാണ് താരതമ്യപ്പെടുത്തിയത്. ഇത്തരം ഒരു സാഹചര്യത്തിന്  ഉത്തരവാദികള്‍ ഡെമോക്രാറ്റു കളാണെന്നും ഡെമോക്രാറ്റുകള്‍ അനധികൃത ക്രിമിനലുകളായ കുടിയേറ്റക്കാരെ വോട്ടുബാങ്കായി കിട്ടാന്‍ വേണ്ടി അവരെ രാജ്യത്തേയ്ക്ക് പ്രവേശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അതുമൂലമാണ് കുട്ടികളെ കുടുംബങ്ങളില്‍ നിന്ന് പിരിക്കാന്‍ നിര്‍ബന്ധിതരാവേണ്ടി വന്നതെന്നും ട്രംപ് പ്രതികരിച്ചു. രണ്ടായിരത്തിനടുത്ത് കുട്ടികളെയാണ് ഇത്തരത്തില്‍ ട്രംപ് ഗവണ്‍മെന്റിന്റെ നയം മൂലം കുടുംബത്തില്‍ നിന്ന് വേര്‍പിരിച്ചത്.

അതിര്‍ത്തിയില്‍ കുട്ടികളെ കുടുംബത്തില്‍ നിന്ന് വേര്‍പെടുത്തുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ട്രംപിന്റെ ഭാര്യ മെലാനിയ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ രാജ്യത്തിന്റെ സുരക്ഷയാണ് പ്രധാനമെന്ന നിലപാടിലാണ്  ട്രംപ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ