അര്‍ജന്റീനയുടെ ചുരുക്കപ്പട്ടികയില്‍ കേരളത്തിനും മലയാളികള്‍ക്കും പ്രത്യേക സ്ഥാനം

ലോകത്തിലെ അര്‍ജന്റീന ആരാധകരുടെ ആഘോഷപ്രകടനങ്ങള്‍ ഒപ്പിയെടുത്ത് തയ്യാറാക്കിയ വീഡിയോയില്‍ കേരളത്തിനും മലയാളത്തിനും പ്രത്യേക സ്ഥാനം. മെസിയുടെ വീഡിയോ ടീം തയ്യാറാക്കിയ പ്രമോഷന്‍ വീഡിയോയിലാണ് കേരളം സ്ഥാനം പിടിച്ചിരിക്കുന്നത്.

മെസിക്കും അര്‍ജന്റീനക്കും ഏറ്റവും മികച്ച പിന്തുണ നല്‍കുന്നത് കണ്ടെത്തുന്നതിലെ ചുരുക്കപ്പട്ടികയിലാണ് കേരളത്തിലെ ആഘോഷങ്ങള്‍ ഉള്‍പ്പെടുന്നത്. മെസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ഇതില്‍ നിന്നും മികച്ച ആഘോഷം നടത്തിയ ആരാധകര്‍ക്കായി വോട്ടിംഗും നടക്കും. മെസിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ മെസി.കോം വഴിയാണ് വോട്ടിംഗ്. ഇതിലൂടെ മികച്ച മെസി ആരാധകരെ കണ്ടെത്തുകയെന്നതാണ് ലക്ഷ്യം.

മെസി ആരാധകര്‍ ഒത്തുപിടിച്ചാല്‍ ആ നേട്ടം മലയാളികള്‍ക്ക് സ്വന്തമാക്കാം. അതുവഴി മെസിയ്ക്ക് കേരളത്തിന്റെ ആരാധന പരിചയപ്പെടുത്തുകയും ചെയ്യാം. വാമോസ് ലിയോ എന്ന ഹാഷ് ടാഗില്‍ മെസിക്ക് പിന്തുണ നല്‍കുന്ന വീഡിയോ സന്ദേശങ്ങള്‍ നേരത്തെ ക്ഷണിച്ചിരുന്നു. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത് ഒമ്പത് ദൃശ്യങ്ങളാണ്. ഇതില്‍ മൂന്നും കേരളത്തില്‍ നിന്നുള്ളതാണ്. ചങ്കിടിപ്പാണ് അര്‍ജന്റീന എന്നെഴുതിയ ദൃശ്യവും ഇതില്‍ പെടുന്നു. രോഹിത് അപ്പു, വിപിന്‍ മൈലേക്കല്‍, മുനീര്‍ ഫായി എന്നിവരുടെ ദൃശ്യങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ