തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യം;എഡിജിപിയുടെ മകളുടെ മര്‍ദ്ദനമേറ്റ പൊലീസ് ഡ്രൈവര്‍ ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി: എഡിജിപിയുടെ മകളുടെ മര്‍ദ്ദനമേറ്റ പൊലീസ് ഡ്രൈവര്‍ ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഗവാസ്‌കര്‍ കോടതിയെ സമീപിച്ചത്. എഡിജിപിയുടെ മകളുടെ പരാതിയിലായിരുന്നു ഗവാസ്‌കര്‍ക്കെതിരെ കേസെടുത്തത്. തനിക്കെതിരായ പരാതി വ്യാജമാണെന്ന് ഗവാസ്കര്‍ പരാതിയില്‍ പറയുന്നു. താന്‍ പരാതി നല്‍കിയതിന് പ്രതികാരമായിട്ടാണ് നടപടിയെന്നും ഗവാസ്‌കറുടെ ഹര്‍ജിയില്‍ ആരോപിക്കുന്നു.

അതേസമയം ദാസ്യപ്പണി വിവാദത്തിലെ എഡിജിപിയുടെ ഭാര്യയും മകളും കനകക്കുന്നില്‍ വന്നത് കണ്ടിരുന്നെന്ന് പരിസരത്തെ ജ്യൂസ് കച്ചവടക്കാരന്‍ മൊഴി നല്‍കി. വൈശാഖനെന്ന ആളാണ് മൊഴി നൽകിയത്.  പ്രഭാത നടത്തത്തിനായി കനകക്കുന്നിലെത്തിച്ചതിനിടെ എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ചുവെന്നായിരുന്നു ഡ്രൈവര്‍ ഗവാസ്‌കര്‍ പരാതി നല്‍കിയത്. കേസില്‍  വൈശാഖനെ അന്വേഷണ സംഘം സാക്ഷിയാക്കി. അന്വേഷണ സംഘത്തോട് കാര്യങ്ങള്‍  വിശദീകരിച്ചിട്ടുണ്ടെന്നും വൈശാഖ് പറഞ്ഞു. 14ന് രാവിലെ കനകക്കുന്നില്‍ വെച്ചാണ് എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ മര്‍ദ്ദിച്ചതെന്നായിരുന്നു ഗവാസ്‌കറിന്റെ മൊഴി. ഇതിന് സഹായകരമാകുന്ന സാക്ഷി മൊഴിയാണ് ലഭിച്ചിരിക്കുന്നത്. ‘രാവിലെ 7 മണിക്കാണ് അവര്‍ എത്തുന്നത്. ആ സമയത്ത് ചെറിയ ബഹളം കേട്ടു. റോഡില്‍ ചെറിയ ബ്ലോക്കുമുണ്ടായിരുന്നു. പക്ഷെ കാര്യം മനസ്സിലായില്ല. പത്രത്തിലാണ് പ്രശ്‌നം നടന്ന കാര്യം അറിയുന്നത്’. ആ സമയത്ത് കനകക്കുന്നിലെ ജ്യൂസ് കടയിലുണ്ടായിരുന്ന വൈശാഖ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ