സ്വര്‍ണവ്യാപാരികള്‍ പ്രതിസന്ധിയില്‍

പഴയ സ്വര്‍ണാഭരണങ്ങള്‍ക്ക് അഞ്ചു ശതമാനം വാങ്ങല്‍ നികുതി മുന്‍കാല പ്രാബല്യത്തോടെ ഏര്‍പ്പെടുത്താനുള്ള വാണിജ്യ നികുതി വകുപ്പിന്റെ നീക്കം മൂലം സ്വര്‍ണ വ്യാപാരികള്‍ പ്രതിസന്ധിയിലാണെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജസ്റ്റിന്‍ പാലത്ര, ജനറല്‍ സെക്രട്ടറി പി.സി.നടേശന്‍, വര്‍ക്കിങ് പ്രസിഡന്റ് അയ്മുഹാജി എന്നിവര്‍ പറഞ്ഞു.

നികുതി സമ്പ്രദായത്തില്‍ വരുത്തിയ ഭേദഗതി മൂലം കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലെ നികുതിയുടെ അഞ്ചിരട്ടിയോളം കുടിശ്ശികയായി അടയ്‌ക്കേണ്ട ഗതികേടിലാണ് സ്വര്‍ണ വ്യാപാരികള്‍. ഇതു സംബന്ധിച്ച നോട്ടീസ് പലര്‍ക്കും ലഭിച്ചെന്നും ഭാരവാഹികള്‍ പറഞ്ഞു. കേരളത്തിലെ സ്വര്‍ണ വ്യാപാരികളില്‍ പകുതിയോളം പേര്‍ക്കു ബാധകമായ കോംപൗണ്ടിങ് നികുതി സംവിധാനത്തില്‍ മാറ്റം വരുത്തി അധിക ബാധ്യത അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു.

കോംപൗണ്ടിങ് നികുതി സമ്പ്രദായം അനുസരിച്ച് മുമ്പ് വില്‍പ്പന നികുതിയും വാങ്ങുന്ന സ്വര്‍ണത്തിനുള്ള നികുതിയും കോംപൗണ്ടിങ് നികുതി തുകയില്‍ തന്നെ ഉള്‍പ്പെട്ടിരുന്നു. വില്‍പ്പന നികുതിയും വാങ്ങല്‍ നികുതിയും ഇതില്‍ ഉള്‍പ്പെടുന്നതിനാല്‍ വ്യാപാരികള്‍ക്ക് സൗകര്യപ്രദമായിരുന്നു. പ്രത്യേകമായി വാങ്ങല്‍ നികുതി അടയ്‌ക്കേണ്ട കാര്യം ഇല്ല.

നികുതിപരമായ സങ്കീര്‍ണതകള്‍ കുറവായതും കോംപൗണ്ടിങ് സമ്പ്രദായത്തിന്റെ മെച്ചങ്ങളിലൊന്നായിരുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു. എന്നാല്‍ 2014-ല്‍ പരിഷ്‌കരിച്ച നിയമം അനുസരിച്ച് വാങ്ങലിനു മാത്രമായി പ്രത്യേകം നികുതി അടയ്ക്കണം. ഇതു നിലവില്‍ അഞ്ച് ശതമാനമാണ്. 2013-14, 2014-15, 2015-16 എന്നീ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലെ കുടിശ്ശികയും ഇതോടൊപ്പം അടയ്‌ക്കേണ്ടി വരും.

ഇതു നിലവില്‍ അടച്ച നികുതി തുകയുടെ അഞ്ചിരട്ടിക്കു തുല്യമാകും. നിയമഭേദഗതിയില്‍ സംഭവിച്ച പിശകാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും വ്യാപാരികള്‍ ആരോപിക്കുന്നു. ഇരുപതു വര്‍ഷത്തിലധികമായി സ്വര്‍ണാഭരണങ്ങള്‍ക്ക് കോംപൗണ്ടിങ് സമ്പ്രദായം നിലവിലുണ്ട്. സ്വര്‍ണ വ്യാപാരരംഗത്തെ പ്രശ്‌നങ്ങള്‍ മൂലം ഒട്ടേറെ സ്ഥാപനങ്ങളാണ് സംസ്ഥാനത്ത് പൂട്ടിയതെന്നും പല ചെറുകിട വ്യാപാരികളും പ്രതിസന്ധിയിലാണെന്നും അവര്‍ പറഞ്ഞു.