ദാസ്യപ്പണിയില്‍ പൊലീസിന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി; വിവാദം സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു

തിരുവനന്തപുരം: ദാസ്യപ്പണിയില്‍ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് യോഗത്തില്‍ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചു. വിവാദം സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചട്ടങ്ങള്‍ പാലിച്ചുമാത്രമേ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കാവൂ. കേസുകളില്‍ മേലുദ്യോഗസ്ഥരുടെ നോട്ടമുണ്ടാകണം. കൃത്യമായ ഇടവേളകളില്‍ മേലുദ്യോഗസ്ഥര്‍ സ്‌റ്റേഷനുകള്‍ സന്ദര്‍ശിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. മാധ്യമവാര്‍ത്തകള്‍ ഉദ്ധരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

കേരളം ഉയർന്ന ജനാധിപത്യ ബോധം വച്ച് പുലർത്തുന്ന സംസ്ഥാനമാണ്. ജനസേവകരായ പൊലീസും അതുപോലെ ആയിരിക്കണം. ജനങ്ങളുടെ സേവനങ്ങൾക്കായിരിക്കണം പൊലീസ് മുൻഗണന നൽകേണ്ടത്. പൊലീസുകാരേയും ക്യാമ്പ് ഫോളോവർമാരേയും ഒപ്പം നിറുത്തണം. എന്നാൽ, ഇതെല്ലാം ചട്ടങ്ങൾ പാലിച്ചു കൊണ്ട് മാത്രമായിരിക്കണം. ഗൗരവമുള്ള കേസുകളുടെ അന്വേഷണത്തിന് എസ്.പിമാർ മേൽനോട്ടം വഹിക്കണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസ് ആസ്ഥാനത്താണ് യോഗം ചേര്‍ന്നത്. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഉള്‍പ്പെടെ എസ്.പിമാര്‍ മുതല്‍ മുകളില്‍ റാങ്കുള്ള ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. പൊലീസിന്റെ പെരുമാറ്റം, സേനയിലെ ദാസ്യപ്പണി തുടങ്ങിയ വിവാദങ്ങളുണ്ടായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി തന്നെ മുന്‍ കൈയെടുത്താണ് യോഗം വിളിച്ചത്. വൈകുന്നേരം തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗസ്ഥരുടെ യോഗം ഡിജിപി വിളിച്ചിട്ടുണ്ട്.