നോട്ട് നിരോധനം നടപ്പാക്കിയിട്ട് ഇന്ന് ഒരു മാസമാകുന്നു: ജനങ്ങളുടെ ദുരിതത്തിന് കുറവില്ല

 -പി.എ.സക്കീര്‍ ഹുസൈന്‍-

  • നോട്ടുനിരോധനത്തിന് നാം നല്‍കിയ വില 1284 ലക്ഷം കോടി

  • മുണ്ട് മുറുക്കിയുടുത്ത് ബാങ്കിന് മുന്നില്‍ ക്യൂനിന്നവര്‍ മണ്ടന്‍മാരായോ?

  • കോര്‍പറേറ്റുകളെ തൊടാതെ കള്ളപ്പണം ഇല്ലാതാക്കാനാകുമോ? 

മേരെ പ്യാരേ ദേശ്‌വാസിയോം….. എന്ന അഭിസംബോധനയ്ക്ക് ഉടമ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണെന്ന് അറിയാത്തവര്‍ രാജ്യത്ത് വിരളമാണ്. നവംബര്‍ എട്ടിന് രാജ്യത്ത് 500, 1000 നോട്ടുകള്‍ നിരോധിച്ചുകൊണ്ടുള്ള മോഡിജിയുടെ പ്രസംഗത്തോടെ മേരെ ഭായിയോം ബഹനോം….. എന്ന അഭിസംബോധ ഏതുറക്കത്തില്‍ കേട്ടാലും ഞെട്ടുന്ന അവസ്ഥയിലായി ഇന്ത്യന്‍ ജനത. ഇനിയും ഏതൊക്കെ നോട്ടുകള്‍ പിന്‍വലിക്കുമെന്ന ഭയത്തിലാണ് പലരും.
അഴിമതിപ്പണവും കള്ളപ്പണവും ഇല്ലാതാക്കുന്നതിനായാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ രാജ്യത്ത് 500, 1000 നോട്ടുകള്‍ പിന്‍വലിക്കുകയും കറന്‍സി വിനിമയത്തിന് നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തത്.
നിരോധനത്തെ തുടര്‍ന്നുള്ള പ്രതിസന്ധി മറികടക്കാന്‍ 50 ദിവസം വേണമെന്നും അത്രയും സാവകാശം തനിക്ക് തരണമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന. എന്നാല്‍ നിരോധനവും നിയന്ത്രണവും നിലവില്‍വന്ന് ഒരുമാസം പിന്നിടുമ്പോഴും രാജ്യത്തെ ജനങ്ങളുടെ ദുരിതത്തിന് കുറവുണ്ടായിട്ടില്ലെന്നതാണ് വാസ്തവം. ഇതിനോടകം 83 പേരാണ് ബാങ്കിന് മുന്നില്‍ ക്യൂ നില്‍ക്കുന്നതിനിടെ മരിച്ചത്. ക്യൂവില്‍നിന്ന ഗര്‍ഭിണി ബാങ്കില്‍ പ്രസവിക്കുകയും ചെയ്തു.
കാഷ് ലെസ് എക്കോണമിയാണ് തന്റെ ലക്ഷ്യമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍ ഈ പ്രതിസന്ധിയിലൂടെ നേട്ടം കൊയ്തത് പേ-ടിഎം എന്ന ചൈനീസ് കമ്പനിയും റിലയന്‍സുമൊക്കെയാണ്. അതുകൊണ്ട് തന്നെ രാജ്യത്തെ കോര്‍പറേറ്റ് മുതലാളിമാര്‍, ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണമെയന്ന നിലയില്‍ കോടികള്‍ മുടക്കിയാണ് പ്രധാനമന്ത്രിയുടെ ബഹുവര്‍ണ ചിത്രമുള്‍പ്പെടെയുള്ള പരസ്യം പത്രങ്ങളായ പത്രങ്ങളിലൊക്കെ നല്‍കിയതും.

കൂലി കൊടുക്കാന്‍ നിവൃത്തിയില്ല, ജോലി നഷ്ടമായി തൊഴിലാളികള്‍

dc02നിരോധനവും നിയന്ത്രണവും കര്‍ശനമായതോടെ സംസ്ഥാന സര്‍ക്കാരുകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. കിഴക്കു- പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ ചെറുപ്പക്കാരുടെ തൊഴിലിടമായി മാറിയ കേരളത്തിലും പ്രതിസന്ധി രൂക്ഷമാണ്. നിര്‍മ്മാണ- ഹോട്ടല്‍ മേഖലകളിലുള്‍പ്പെടെ പണിയെടുത്തിരുന്ന പതിനായിരത്തോളം തൊഴിലാളികള്‍ക്ക് ജോലി നഷ്ടമായെന്നാണ് കണക്ക്. പണം പിന്‍വലിക്കലിന് നിരോധനമേര്‍പ്പെടുത്തിയതോടെ ദിവസക്കൂലിനല്‍കാന്‍ സാധിക്കാത്തതിനെത്തുടര്‍ന്നാണ് പല തൊഴിലിടങ്ങളിലും കൂട്ടപ്പിരിച്ചുവിടല്‍ നടന്നിരിക്കുന്നത്.
എ.ടി.എമ്മുകളില്‍നിന്ന് ദിവസേന പിന്‍വലിക്കാവുന്ന തുക രണ്ടായിരവും ആഴ്ചയിലൊരിക്കല്‍ ബാങ്കുകളില്‍നിന്ന് പിന്‍വലിക്കാവുന്ന തുക 24000 വുമായി നിജപ്പെടുത്തിയതാണ് പ്രതിസന്ധിക്കിടയാക്കിയത്. ഈ പണമാകട്ടെ പിന്‍വലിക്കണമെങ്കില്‍ മണിക്കൂറുകളോളം ബാങ്കുകള്‍ക്ക് മുന്നില്‍ കാത്തുനില്‍ക്കേണ്ടിയും വരുന്ന സാഹചര്യം പ്രതിസന്ധി ഇരട്ടിയാക്കി.

50 ദിവസത്തെ സാവകാശത്തിന് തുലയ്‌ക്കേണ്ടി വരുന്നത് 1284 ലക്ഷം കോടി

dc01നോട്ട് പിന്‍വലിക്കലിനെത്തുടര്‍ന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച 50 ദിവസത്തെ കാലയളവിനുള്ളില്‍ വ്യവസായ മേഖലയില്‍ മാത്രം ഉല്‍പ്പാദനക്കുറവിനെത്തുടര്‍ന്ന് 61,500 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ബാങ്ക് ജീവനക്കാര്‍ അധികമായി പണിയെടുക്കുന്നതിലൂടെ അന്‍പത് ദിവസത്തേക്ക് 35,100 കോടി രൂപയും ചെലവഴിക്കേണ്ടി വരും. സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും ഈ കാലയളവില്‍ ചെലവഴിക്കേണ്ടി വരുന്ന തുക 16,800 കോടിയാണ്. പുതിയ കറന്‍സിയുടെ അച്ചടി, ബാങ്കുകളില്‍ ഇവ എത്തിക്കാന്‍ ചെലവഴിക്കേണ്ടി വരുന്ന തുക എന്നിവ ഇതില്‍ ഉള്‍പ്പെടും.
ഗാര്‍ഹിക മേഖലയില്‍ 15,000 കോടിരൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. നോട്ടു പ്രതിസന്ധിയെത്തുടര്‍ന്ന് ജോലി ഇല്ലാതാകുന്നതിലൂടെയുണ്ടാകുന്ന നഷ്ടവും എ.ടി.എമ്മുകള്‍ക്കും ബാങ്കുകള്‍ക്കും മുന്നില്‍ പൊരിവെയിലില്‍ ക്യൂ നില്‍ക്കുമ്പോഴുണ്ടാകുന്ന നഷ്ടവുമൊക്കെ പരിഗണിക്കുമ്പോഴാണ് ഇത്രയും ഭീമമായ പണം ചോരുന്നത്. ഈ നഷ്ടങ്ങള്‍ക്കൊക്കെ പുറമെ നിരേധിച്ച നോട്ടുകള്‍ കൈകാര്യം ചെയ്യുന്നതിന് മാത്രം 1.28 ലക്ഷം കോടി രൂപ സര്‍ക്കാരിന് ചെലവിടേണ്ടിവരുമെന്നും ഈ മേഖലയിലെ പഠനങ്ങള്‍ വ്യക്തമാക്കുന്നു. അതായത് മോദിയുടെ ഈ തുഗ്ലക് പരിഷ്‌കാരത്തിലൂടെ രാജ്യത്തിനാകെ അന്‍പതു ദിവസത്തിനിടെയുണ്ടാകുന്ന നഷ്ടം 1284 ലക്ഷം കോടിയാണ്.

നോട്ടുക്ഷാമത്തിന് പരിഹാരമില്ല

dc03 500, 1000 രൂപയുടെ 14 ലക്ഷം കോടി മൂല്യമുള്ള  കറന്‍സികള്‍ പിന്‍വലിച്ചെന്നാണ് കണക്ക്. എന്നാല്‍ പിന്‍വലിച്ച കറന്‍സികള്‍ക്ക് ആനുപാതികമായി പുതിയ നോട്ടുകള്‍ ഇറക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നതാണ് വാസ്തവം. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധി ഇരട്ടിപ്പിച്ചത്. 14 ലക്ഷം കോടി രൂപയ്ക്ക് പകരമായി ഒന്നര ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ മാത്രമാണ് എത്തിച്ചിരിക്കുന്നത്. ഇതില്‍ ഏറെയും 2000 രൂപയുടെ നോട്ടുകളായതിനാല്‍തന്നെ അവയുടെ ക്രയവിക്രയം നന്നേ കുറഞ്ഞിട്ടുണ്ടെന്ന് ക്രെഡിറ്റ് സ്യൂസ് റിസര്‍ച്ച് നടത്തിയ പഠനം വ്യക്തമാക്കുന്നു.
നവംബര്‍ എട്ടിന് 14 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കപ്പെട്ടതോടെ രാജ്യത്തെ മൊത്തം കറന്‍സിയുടെ 86 ശതമാനമാണ് റദ്ദാക്കപ്പെട്ടത്. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ 500 രൂപയുടെ രണ്ടായിരം കോടി നോട്ടുകളെങ്കിലും അച്ചടിക്കേണ്ടിവരും. പുറത്തിറക്കിയ 500 രൂപയുടെ നോട്ടുകളിലാകട്ടെ വന്‍ സുരക്ഷാ പിഴവുകളാണ് വരുത്തിയിരിക്കുന്നത്. ഏഴിലധികം തെറ്റുകള്‍ കടന്നു കൂടിയിട്ടുണ്ടെന്നും ആരോപണമുയര്‍ന്നു

നിക്ഷേപമായെത്തിയത് ആറ് ലക്ഷം കോടി രൂപ 

നവംബര്‍ 10 മുതല്‍ 18 വരെ വിവിധ ബാങ്കുകളുടെ എടിഎമ്മുകള്‍ വഴി 1.03 ലക്ഷം കോടി രൂപയാണ് വിതരണം ചെയ്തത്. 5.44 കോടി രൂപയുടെ പഴയ നോട്ടുകളും ബാങ്കിലെത്തി. 33006 കോടി രൂപയുടെ നോട്ടുകളാണ് ഈ കാലയളവില്‍ ബാങ്കുകളില്‍ മാറ്റിയെടുത്തതെന്ന് നവംബര്‍ 22-ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നു.

23ന് അറ്റോണി ജനറല്‍ സുപ്രീംകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ആറ് ലക്ഷം കോടി രൂപ ബാങ്കുകളില്‍ നിക്ഷേപമായെത്തി. ദിവസേന അഞ്ച് കോടി രൂപയുടെ നോട്ടുകളാണ് ആര്‍ബിഐ അച്ചടിക്കുന്നത്. 2000 കോടി രൂപ മൂല്യം വരുന്ന 40 കോടി 500 രൂപാ നോട്ടുകളാണ് അടിച്ചിറക്കിയത്.  ഇത്തരത്തില്‍ മുന്നോട്ടു നീങ്ങിയാല്‍  പ്രതിസന്ധി പരിഹരിക്കാന്‍ അടുത്ത വര്‍ഷം മാര്‍ച്ച് വരെ കാത്തിരിക്കണമെന്നാണ് റിപ്പോര്‍ട്ട്. 50 ദിവസംകൊണ്ട് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്ന മോദിയുടെ പ്രഖ്യാപനം തട്ടിപ്പാണെന്ന് ക്രഡിറ്റ് സ്യൂസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍നിന്ന് വ്യക്തം. നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി അടുത്ത ആറുമാസത്തേക്കു കൂടി നീളുമെന്ന് മുന്‍ ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ കെ.സി ചക്രബര്‍ത്തിയും വ്യക്തമാക്കിയിട്ടുണ്ട്.

മുന്നറിയിപ്പ് അവഗണിച്ചു

പണം അസാധുവാക്കല്‍ തീരുമാനം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ മന്ദീഭവിക്കുമെന്നും പണത്തിന്റെ ദ്രവ്യത്വം ഇല്ലാതാകുമെന്നും നേരത്തെ തന്നെ പല വിഗ്ധരും മുന്നറിയിപ്പ് നല്‍കിയിരുന്നു. രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയിരുന്ന കാലത്തു തന്നെ പുതിയ നോട്ടുകളുടെ അച്ചടി ആരംഭിച്ചിരുന്നെങ്കിലും 500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തെ അദ്ദേഹം ശക്തമായി എതിര്‍ത്തു. ഈ നിലപാടാണ് രഘുറാം രാജന് ഗവര്‍ണറുടെ കസേര നഷ്ടമാക്കിയത്.

വറുതിയിലായത് സാധാരണക്കാര്‍, 

നോട്ടു നിരോധനത്തിലൂടെ കള്ളപ്പണം പുറത്തുകൊണ്ടു വരാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടതെങ്കിലും അത് സാധാരണക്കാരുടെ ജീവിതമാണ് ദുസഹമാക്കിയത്. നോട്ട് നിരോധനത്തിനിടയിലും രാജ്യത്തെ കോര്‍പറേറ്റുകള്‍ പ്രതിസന്ധി മുതലാക്കി കോടികളാണ് കൊയ്തത്. മൂന്നു ലക്ഷം കോടി മുതല്‍ അഞ്ചുലക്ഷം കോടി വരെയുള്ള കറന്‍സി ക്രയവിക്രയത്തിനെത്തുന്നില്ലെന്നും അത് കള്ളപ്പണമാണെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. അതായത് ജി.ഡി.പിയുടെ മുപ്പത് മുതല്‍ നാല്‍പ്പത് ശതമാനം വരെ രാജ്യത്ത് കള്ളപ്പണമുണ്ടെന്നായിരുന്നു സര്‍ക്കാരിന്റെ കണ്ടെത്തല്‍. എന്നാല്‍ ഇതുവരെ 15 ലക്ഷം കോടിയോളം രൂപ ബാങ്കുകളിലെത്തിയിട്ടുണ്ട്. ഇത് വ്യക്തമാക്കുന്നത് സര്‍ക്കാര്‍ പറഞ്ഞ കള്ളപ്പണം ഏതൊക്കെയോ വഴികളില്‍ വെളുപ്പിച്ചെന്നു തന്നെയാണ്. തത്വത്തില്‍ നിരോധം കള്ളപ്പണക്കാര്‍ക്ക് പണം വെളുപ്പിക്കാനുള്ള അനായാസ പദ്ധതിയായി. പ്രധാനമന്ത്രിയുടെ വാക്കു കേട്ട് മുണ്ട് മുറുക്കിയുടുത്ത് എ.ടി.എമ്മുകള്‍ക്ക് മുന്നില്‍ ക്യൂ നിന്ന രാജ്യത്തെ സാധാരണക്കാര്‍ മണ്ടന്‍മാരായെന്ന് ചുരുക്കം.
നോട്ട് നിരോധനത്തിനിടെ രാജ്യത്തിന്റെ വിവിധഭാഗങ്ങലില്‍നിന്ന് ബി.ജെ.പി നേതാക്കള്‍ കോടിക്കണക്കിന് രൂപയുടെ പുതിയതും പഴയതുമായ കറന്‍സികളുമായി പോലീസിന്റെ പിടിയിലായതും മോദിയുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നതാണ്.