ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷ അനുഭവിച്ച് ജയിലില്‍ കഴിയുന്ന പ്രതികളെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷ അനുഭവിച്ച് ജയിലില്‍ കഴിയുന്ന പ്രതികളെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനെത്തിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രതികളെ കണ്ടത്. രാവിലെ 9.30നാണ് ചടങ്ങുകള്‍ തീരുമാനിച്ചിരുന്നതെങ്കിലും ഒമ്പത് മണിയോടെ മുഖ്യമന്ത്രി ജയിലില്‍ എത്തുകയായിരുന്നു.

തുടര്‍ന്ന് ടി.പി വധക്കേസ് പ്രതികളായ കെ സി രാമചന്ദ്രന്‍, ടി കെ രജീഷ് എന്നിവരുള്‍പ്പെടെ 20 തടവുകാരുമായി കൂടിക്കാഴ്ച നടത്തി. ജയില്‍ ഉപദേശക സമിതിയംഗങ്ങളായ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം വത്സന്‍ പനോളി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു കൂടിക്കാഴ്ച. രാമചന്ദ്രനും രജീഷും മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കി. ടി പി കേസിലെ മറ്റൊരു പ്രതിയും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമായ പി കെ കുഞ്ഞനന്തന്‍ മുഖ്യമന്ത്രിയെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും രേഖാമൂലം ആവശ്യപ്പെടാത്തതിനാല്‍ അനുവദിച്ചില്ല.

എന്നാല്‍, ഉദ്ഘാടന ചടങ്ങിന് ശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രിയെ കുഞ്ഞനന്തന്‍ അഭിവാദ്യം ചെയ്യുകയും മന്ത്രി തിരിച്ച് അഭിവാദ്യം ചെയ്യുകയും ചെയ്തു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എം.പിമാരായ കെ കെ. രാഗേഷ്, പി കെ ശ്രീമതി, ജയില്‍ മേധാവി ആര്‍ ശ്രീലേഖ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

അതേസമയം, ശിക്ഷിക്കപ്പെടുന്നവരുടെ മനുഷ്യത്വം ചോര്‍ത്താനുള്ള ഇടമല്ല ജയിലെന്ന് മുഖ്യമന്ത്രി ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു. ജയിലിലെ പ്രകവര്‍ത്തനങ്ങളെല്ലാം നിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും തടവുകാരുടെ മനുഷ്യാവകാശം സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.

തടവുകാര്‍ നല്‍കിയ നിവേദനങ്ങള്‍ പരിശോധിക്കുമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വിപുലീകരിച്ച ഓഫീസ് കെട്ടിടം, പുതിയ ബ്ലോക്ക്, അന്തേവാസികള്‍ക്കുള്ള കംപ്യൂട്ടര്‍ ലാബ്,നവീകരിച്ച അടുക്കള എന്നിവയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.