അച്ഛന്റെ അസുഖ വിവരം അറിഞ്ഞ് അര്‍ച്ചന പൊട്ടിക്കരഞ്ഞു; അതുകണ്ട അനൂപ് ചന്ദ്രന് ശ്വാസം മുട്ടലുണ്ടായി

ആദ്യ മത്സരാര്‍ത്ഥിയായ ഡേവിഡ് ജോണ്‍ പുറത്തായതിന് ശേഷം 14 മത്സരാര്‍ത്ഥികളുമായി ബിഗ് ബോസ് യാത്ര തുടരുന്നു. ഡേവിഡിനെ മിസ് ചെയ്യുന്നതായി പേളി മാണി പറഞ്ഞു. പുതിയ ആഴ്ച്ചയിലെ ക്യാപ്റ്റനായി രഞ്ജിനി ഹരിദാസാണ് മത്സരാര്‍ത്ഥികളെ നയിക്കുന്നത്. ബിഗ് ബോസ് ഹൗസിലെ പണിക്കുളള നാല് വിഭാഗങ്ങളെ രഞ്ജിനി തിരിച്ചു. തനിക്ക് വീട്ടില്‍ പോവണമെന്ന് പറഞ്ഞ് പേളി മാണി പൊട്ടിക്കരഞ്ഞു. ശ്വേതയെ കെട്ടിപ്പിടിച്ച് കൊണ്ടായിരുന്നു പേളി കരഞ്ഞത്. തനിക്ക് പറ്റുന്നില്ലെന്നും വീട്ടില്‍ പോവണമെന്നും പേളി ശ്വേതയോട് പറഞ്ഞു.

എന്നാല്‍ ഇത് തുടക്കം മാത്രമാണെന്നും പേളി തുടരണമെന്നും അര്‍ച്ചന സുശീലന്‍ പറഞ്ഞു. ഇതിനിടെ ജോലിക്കായി ടീമുകളെ തിരിച്ചതില്‍ മത്സരാര്‍ത്ഥികള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. പേളിയും രഞ്ജിനിയും ശ്വേതയും ഒറ്റക്കെട്ടാണെന്ന് അര്‍ച്ചന ദീപനോടും ദിയ സനയോടും പറഞ്ഞു. പേളി നല്ല പ്രകടനം നടത്തുന്നില്ലെന്നും എന്നാല്‍ പേളിയെ സംരക്ഷിക്കാനാണ് രഞ്ജിനിയും ശ്വേതയും ശ്രമിക്കുന്നതെന്നും അര്‍ച്ചന പറഞ്ഞു.

വീട് വൃത്തിയാക്കുന്ന പണിയാണ് അരിസ്റ്റോ സുരേഷിന്റെ ടീമിന് ലഭിച്ചത്. എന്നാല്‍ തനിക്ക് തലവേദനയാണെന്ന് സുരേഷ് അറിയിച്ചു. ചെറിയ തലവേദന ഉണ്ടെങ്കില്‍ നല്ല തലവേദന ഉണ്ടെന്ന് പറഞ്ഞ് കിടന്നോളാന്‍ പേളി സുരേഷിനോട് പറഞ്ഞു. തുടര്‍ന്ന് പേളി സുരേഷിന് ഗുളിക എടുത്തു നല്‍കി.

ഡേവിഡിനെ പുറത്താക്കണമെന്ന് ആഗ്രഹിച്ചവര്‍ അദ്ദേഹം പുറത്തായപ്പോള്‍ കണ്ണീര് കാണിച്ച് അഭിനയിക്കുകയായിരുന്നുവെന്ന് ബഷീര്‍ പറഞ്ഞു. അമ്മയുടെ ചികിത്സയ്ക്ക് വേണ്ടിയാണ് താന്‍ വന്നതെന്ന് ഡേവിഡ് പറഞ്ഞപ്പോഴാണ് താന്‍ തകര്‍ന്ന് പോയതെന്നും ബഷീര്‍ വ്യക്തമാക്കി.

തനിക്ക് മുറുക്കാന്‍ തരണമെന്ന് അനൂപ് ചന്ദ്രന്‍ ബിഗ് ബോസിനോട് ആവശ്യപ്പെട്ടു. അടുത്ത ഒരാഴ്ച്ചത്തേക്കുളള റേഷന്‍ ബിഗ് ബോസ് അനുവദിച്ചു. ഇതിനൊപ്പം അനൂപിന് മുറുക്കാനും ലഭ്യമാക്കി. അര്‍ച്ചനയെ കുറിച്ച് മോശമായി ദീപന്‍ സംസാരിച്ചെന്ന് ദിയ സന പറഞ്ഞതില്‍ മൂവരും തമ്മില്‍ വഴക്കുണ്ടായി. അര്‍ച്ചനയുടെ അച്ഛന്റെ ആന്റിയോപ്ലാസ്റ്റിയെ കുറിച്ചുളള വിവരം പറഞ്ഞപ്പോള്‍ അര്‍ച്ചന കരഞ്ഞു.

ബാത്തുറൂമിന്റെ വാതില്‍ അടച്ചാണ് അര്‍ച്ചന കരഞ്ഞത്. അര്‍ച്ചന കരയുന്നത് അറിഞ്ഞ അനൂപ് ചന്ദ്രന് ശ്വാസം മുട്ടലുണ്ടായി. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ മറ്റ് മത്സരാര്‍ത്ഥികള്‍ കസേരയിലിരുത്തി. അച്ഛന്റെ ഓപ്പറേഷന്‍ കഴിഞ്ഞെന്നും താന്‍ എങ്ങനെ ബിഗ് ബോസില്‍ കഴിയുമെന്നും അര്‍ച്ചന ചോദിച്ചു. അവര്‍ക്ക് വേണ്ടിയാണ് താന്‍ ജോലി ചെയ്ത് സമ്പാദിക്കുന്നതെന്നും അര്‍ച്ചന വ്യക്തമാക്കി.

ഈ ആഴ്ച്ചയില്‍ പുറത്ത് പോവാന്‍ പോകുന്നവരില്‍ ഏഴ് പേരെ ക്യാപ്റ്റനായ രഞ്ജിനിക്ക് നോമിനേറ്റ് ചെയ്യാമെന്ന് ബിഗ് ബോസ് പറഞ്ഞു. അരിസ്റ്റോ സുരേഷ്, പേളി മാണി, അനൂപ് ചന്ദ്രന്‍, ശ്രീനിഷ് അരവിന്ദ്, ഹിമ ശങ്കര്‍, ദീപന്‍ ശങ്കര്‍, എന്നിവരെയാണ് രഞ്ജിനി നോമിനേറ്റ് ചെയ്തത്. തുടര്‍ന്ന് ശ്വേത രണ്ട് പേരെ നോമിനേറ്റ് ചെയ്തു. അരിസ്റ്റോ സുരേഷ് സെല്‍ഫിഷ് ആണെന്ന് പറഞ്ഞാണ് ശ്വേത അദ്ദേഹത്തെ നോമിനേറ്റ് ചെയ്തത്. അത് പോലെ ഹിമയേയും ശ്വേത നോമിനേറ്റ് ചെയ്തു. ദീപനും സുരേഷിനെയാണ് നോമിനേറ്റ് ചെയ്തത്. കൂടാതെ അനൂപ് ചന്ദ്രനേയും ദീപന്‍ അനുയോജ്യനല്ലെന്ന് കാണിച്ച് നോമിനേറ്റ് ചെയ്തു.

പേളി മാണിയെ ആണ് ശ്രീനിഷ് നോമിനേറ്റ് ചെയ്തത്. അതിഥി രവിയും പേളിയെ ആണ് നോമിനേറ്റ് ചെയ്തത്. കൂടാതെ ദീപനേയും അതിഥി നോമിനേറ്റ് ചെയ്തു. ഹിമയെ ആണ് സാബു നോമിനേറ്റ് ചെയ്തത്. പേളിയേയും സാബു നോമിനേറ്റ് ചെയ്തു. സുരേഷിനെയാണ് പേളി നോമിനേറ്റ് ചെയ്തത്. അത് പോലെ ശ്രീനിയേയും പേളി നോമിനേറ്റ് ചെയ്തു. ദീപന്‍ ഒരാളെ കുറിച്ച് മറ്റൊരാളോട് മോശമായി സംസാരിക്കുന്നയാളാണെന്ന് സുരേഷ് പറഞ്ഞു.

ദിയ സനയും പേളിയെ ആണ് നോമിനേറ്റ് ചെയ്തത്. അര്‍ച്ചനയും പേളിയെ നോമിനേറ്റ് ചെയ്തു. വീട്ടില്‍ നടക്കുന്ന കാര്യങ്ങളില്‍ പേളി താത്പര്യം കാണിക്കുന്നില്ലെന്ന് അര്‍ച്ചന പറഞ്ഞു. ബഷീര്‍ ബാഷി ദിയ സനയെ ആണ് നോമിനേറ്റ് ചെയ്തത്. ആറ് പേരാണ് പേളിയെ നോമിനേറ്റ് ചെയ്തത്. അഞ്ച് വോട്ടുകളുമായി ഹിമയും സുരേഷുമാണ് രണ്ടാമത്. അതേസമയം പേളിക്ക് സോഷ്യല്‍മീഡിയയില്‍ നല്ല പിന്തുണയും വോട്ടും ലഭിക്കുമെന്ന് രഞ്ജിനി പറഞ്ഞു. പേളി ബോള്‍ഡായി നില്‍ക്കണമെന്ന് മത്സരാര്‍ത്ഥികള്‍ നിര്‍ദേശിച്ചു.