മതേതര ജനാധിപത്യ ശക്തികളുടെ നെഞ്ചിൽ കത്തി താഴ്ത്തിക്കൊണ്ടു നിങ്ങൾ ഏതു ഭൂരിപക്ഷ ഫാസിസത്തെയാണ് പ്രതിരോധിക്കാൻ പോകുന്നത്

ഷിബു ഗോപാലകൃഷ്ണൻ
ന്യൂനപക്ഷ വർഗീയതയുടെ വിചാരം ഞങ്ങൾ ഭൂരിപക്ഷ വർഗീയതയ്ക്ക് വടിയൊടിക്കാൻ പോയിരിക്കുകയാണ് എന്നാണ്. എന്നാൽ വടിയൊടിക്കുകയല്ല, വഴിയൊരുക്കുകയാണെന്നുള്ള വകതിരിവ് അവറ്റകളുടെ തലയിൽ ഉദിച്ചിട്ടില്ല. നിങ്ങൾ ഭൂരിപക്ഷ വർഗീയതയ്ക്ക് ആളെ കൂട്ടുകയാണ്. മതമൗലിക ഭീകരവാദത്തെ കുറിച്ച് പറയുമ്പോൾ ഇസ്ലാമോഫോബിയ എന്നുള്ള പതം പറച്ചിലൊക്കെ അങ്ങു കൈയിൽ വച്ചിരുന്നാൽ മതി. മതേതര ജനാധിപത്യ ശക്തികളുടെ നെഞ്ചിൽ കത്തി താഴ്ത്തിക്കൊണ്ടു നിങ്ങൾ ഏതു ഭൂരിപക്ഷ ഫാസിസത്തെയാണ് പ്രതിരോധിക്കാൻ പോകുന്നത്.

നിങ്ങളുടേത് ഒരു നിലയ്ക്കും രാഷ്ട്രീയമല്ല, എല്ലാം തികഞ്ഞ ഭീകരതയാണ്. മതത്തിന്റെ എല്ലാ നിലയ്ക്കുമുള്ള രാഷ്ട്രീയവത്കരണത്തെയും ചെറുക്കേണ്ടതും, ചെറുത്തു തോൽപ്പിക്കേണ്ടതുമാണ്, ആ പോരാട്ടത്തിനു നിങ്ങൾ നിങ്ങളുടെ കൊലക്കത്തികൊണ്ടു കുഴിവെട്ടുകയാണ്.

സാംസ്കാരികമായി മതം ഇവിടെയൊരു വമ്പിച്ച വിജയമാണ്, മതം രാഷ്ട്രീയമായി വിജയിക്കുമ്പോൾ, ദേശീയത മതവത്കരിക്കപ്പെടുമ്പോൾ, ഫാസിസം അടുക്കളപ്പുറത്തെത്തി എന്നുറപ്പിക്കാം. അതിനെതിരെ മതേതര ജനാധിപത്യ പുരോഗമന പ്രസ്ഥാനങ്ങൾ രാത്രിയും പകലും ഉണർന്നിരിക്കുമ്പോൾ, അർദ്ധരാത്രിയിൽ ആളെക്കൂട്ടി വന്നിട്ടുള്ള കൊന്നൊടുക്കൽ വോട്ടുബാങ്കുകൾക്കതീതമായി കൈകാര്യം ചെയ്യപ്പെടേണ്ടുന്ന കൊള്ളരുതായ്മയാണ്. അവർത്തിക്കപ്പെടാതെ കൈയോടെ കൈവിലങ്ങുകൾ അണിയിച്ചു ആദരിക്കപ്പെടേണ്ടുന്ന ഇരുട്ട്. അതിനുള്ള ജാഗ്രതയും ആർജവവും ഏറ്റെടുക്കാൻ ഇനിയും വൈകരുത്.