” അന്തോനീ നീയുമച്ചനായോടാ” .. പൊൻകുന്നം വർക്കിയുടെ പ്രവചനം ഫലിച്ചു

റോയ് മാത്യു
പൊൻകുന്നം വർക്കി ഏതാണ്ട് പത്തെഴുപത് വർഷം മുമ്പ് എഴുതിയ ” അന്തോനീ നീയുമച്ചനായോടാ” എന്ന കഥ വായിക്കാൻ പറ്റിയ സമയമാണിത്. ക്രൈസ്തവ സഭകളിലെ, വിശിഷ്യാ കത്തോലിക്കാ സഭയിലെ അച്ചന്മാരുടെ കൊള്ളരുതായ്മകൾക്കും പെണ്ണുപിടുത്തത്തിന്നും ഒരു മാറ്റവും വന്നിട്ടില്ലെന്നാണ് സമകാലിക സംഭവങ്ങൾ തെളിയിക്കുന്നത്- പൗരോഹിത്യം അതിന്റെ എല്ലാ വൃത്തികേടുകളോടും കൂടി പൊതുമണ്ഡലത്തിൽ തുടരുകയാണ്. നമ്മുടെ നവോത്ഥാന മൂല്യങ്ങൾ സാക്ഷാത്കരിച്ച പ്രവാചകനായിരുന്നു പൊൻ കുന്നം വർക്കി . വൃദ്ധയായ അമ്മയുടെ അറിവോടെ
മകളുടെ ജാരനായി സ്ഥിരമായി വീട്ടിൽ വരുന്ന പള്ളിലച്ചനായ ഫാദർ ടീലർ – ഇന്നും ഇമ്മാതിരി ഒരു പാതിരിമാരിവിടെ ഉണ്ട്. മകളേയും അമ്മയേയും ഒരു പോലെ സുഖിപ്പിക്കുന്ന ടീലറച്ചന്മാരുടെ പ്രതിരൂപങ്ങളാണ് സാന്മാർഗിക ദൈവ ശാസ്ത്രത്തിൽ ഡോക്ടറേറ്റുള്ള മെത്രാൻ ഫ്രാങ്കോ മാർ – അവർക്കു കോഴിക്കറിയും അപ്പവും വിളമ്പുന്ന അമ്മാമ്മമാർക്ക് ഒരു കുറവുമില്ല. കഥ യുടെ അവസാന ഭാഗമിങ്ങനെയാണ്. –
” അച്ചന് കൊടുക്കാൻ അല്പം ചൂട് പാലുമായിട്ടാണ് വൃദ്ധ കാത്തിരിക്കുന്നത്. ആ പാലിന്റ കാര്യം കൊണ്ടാണ് ഉറക്കമൊഴിഞ്ഞ് അവർ ഇരിക്കുന്നത്. അവരുടെ പശു കടിഞ്ഞൂൽ പ്രസവിച്ചു. പതിനാറ് രാത്രി കഴിയാതെ പാൽ ചൂടാക്കാൻ പാടില്ലെന്ന് അവർ വിശ്വസിക്കുന്നു. അന്നാണ് ആ പാൽ അവർ ചൂടാക്കിയത്. അത് ആദ്യം അച്ചന് കൊടുക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. ചൂട് പോകുന്നതിന് മുമ്പ് അച്ചൻ ഒന്നിറങ്ങി വന്നിരുന്നെങ്കിൽ! കാത്ത് കാത്തിരുന്ന് അവർ ഉറക്കം തൂങ്ങിത്തുടങ്ങി.
പെട്ടെന്ന് ആ കതക് തുറന്നു. പാൽപ്പാത്രവുമായി വൃദ്ധ എഴുന്നേറ്റു. അഴിഞ്ഞ തലമുടിക്കെട്ടുമായി അന്നക്കുട്ടിയും. അമ്മ അങ്ങനെ കാത്തിരിക്കുന്ന കാര്യം അവളും അറിഞ്ഞില്ല. അച്ചനും അന്നക്കുട്ടിക്കും പരിഭ്രമമായി. വൃദ്ധയ്ക്ക് സംശയം തോന്നി. കയ്യിലിരിക്കുന്ന തകരവിളക്ക് അവർ അച്ചന്റ മുഖത്തേക്കടുപ്പിച്ചു. അത്ഭുതം കൊണ്ട് വൃദ്ധ മിഴിച്ചു നിന്നു പോയി, ” അന്തോനീ, നീയുമച്ചനായോടാ” അവർ ചോദിച്ചു. അന്തോനി കുശിനിക്കാരനാണെങ്കിലും ളോഹയിട്ട് നില്കുന്നതു കൊണ്ട് ഒന്നും പറഞ്ഞു കൂടാ. ”
കുമ്പസാരക്കൂട്ടിൽ നിന്ന് കിടപ്പറയിലേക്ക് പാതിരി മാർ നുഴഞ്ഞ് കേറുന്നതിനെക്കുറിച്ച് പത്തെഴുപത് വർഷം മുമ്പ് മുന്നറിയിപ്പ് തന്ന വർക്കിയെ അധിക്ഷേപിച്ച വൈദിക സമൂഹത്തിന്റെ കൊള്ളരുതായ്മകൾക്ക് നേരെ വിരൽ ചൂണ്ടാൻ ഇനി ഒരു പൊൻകുന്നം വർക്കി ഉണ്ടാകുമോ?