സ്ത്രീ മുന്നേറ്റത്തിനു തുരങ്കം വക്കാൻ മുന്നിട്ടിറങ്ങിയ വിഡ്ഢി

സുനിത ദേവദാസ്

എന്താണ് ധൈര്യം ?
ഊർമിള ഉണ്ണി തനിക്ക് നല്ല ധൈര്യമാണെന്ന് പറഞ്ഞു കേട്ടപ്പോഴാണ് ഇത് ആലോചിച്ചത് . സത്യത്തിൽ ഊർമിള ഉണ്ണി ധൈര്യമെന്നു വിളിച്ചത് എന്തിനെയാണ് ?

ഞാൻ മനസ്സിലാക്കിയിടത്തോളം വിവരക്കേടിനെയും രാഷ്ട്രീയ അജ്ഞതയെയും മനുഷ്യത്വമില്ലായ്മയെയുമാണ് അവർ ധൈര്യം എന്ന് വിളിച്ചത് .

ഊർമിള ഉണ്ണിക്കറിയാമോ ധൈര്യമെന്താണെന്ന് ? ഇല്ലെങ്കിൽ പറഞ്ഞു തരാം .

1 . തന്റെ ജീവിതവും കരിയറും തകർത്തു കളയാവുന്ന ഒരു നടന്റെ കൊട്ടേഷൻ ഏറ്റെടുത്തു ഒരു കൂട്ടം നരഭോജികൾ ബലാൽസംഗം ചെയ്തതിനെതിരെ പരാതിയുമായി മുന്നോട്ട് പോകുന്നതാണ് ധൈര്യം

2 . തന്റെ ജീവിതവുമായി ഇഴ ചേർന്ന് കിടക്കുന്നുവെന്നറിഞ്ഞിട്ടും നടി അക്രമിക്കപ്പെട്ടതിൽ ക്രിമിനൽ ഗൂഢാലോചന ഉണ്ടെന്ന് ആ ആൾക്കൂട്ടത്തിൽ വച്ച് മഞ്ജു വാര്യർ വിളിച്ചു പറഞ്ഞില്ലേ അതാണ് ധൈര്യം .

3 . തീരുമാനിച്ച ദിവസം തന്നെ ആ പെൺകുട്ടിയെ ഒരാൺകുട്ടി താലി കെട്ടി വിളിച്ചോണ്ട് പോകുകയും പ്രതിസന്ധി നേരിട്ടപ്പോഴൊക്കെ നെഞ്ചോട് ചേർത്ത് നിർത്തുകയും ചെയ്തില്ലേ ? അതാണ് ധൈര്യം .

4 . വിരലിലെണ്ണാവുന്ന പെണ്ണുങ്ങൾ ചേർന്ന് wcc എന്നൊരു സംഘടന രൂപീകരിച്ചില്ലേ ? അതാണ് ധൈര്യം .

5 . ദിലീപ് അമ്മയിലേക്ക് തിരിച്ചു വന്നപ്പോൾ ആ പെൺകുട്ടി ഇറങ്ങി പോയില്ലേ ? അതാണ് ധൈര്യം

6 . അവളുടെ കൂടെ മൂന്നു പേര് കൂടെ ഇറങ്ങിയില്ലേ ? കരിയറും ഭാവിയും ബന്ധങ്ങളും നഷ്ടപ്പെടുമെന്നറിഞ്ഞിട്ടും കൂടെ ഇറങ്ങിയ പെണ്ണുങ്ങൾ ? അവർ കാണിച്ചതാണ് ധൈര്യം .

7 . പിറ്റേന്ന് പിന്നെയും സ്ത്രീകൾ അവരെ പിന്തുണച്ചില്ലേ ? അതാണ് ധൈര്യം .

നിങ്ങൾ കാണിക്കുന്നതിന് മനുഷ്യർ പറയുന്ന പേരുകൾ വേറെയാണ് .
ഒരു സ്ത്രീ ആയിട്ടും മറ്റൊരു സ്ത്രീ അനുഭവിച്ച ആക്രമണത്തിന്റെ ഭീകരത നിങ്ങൾക്ക് മനസ്സിലാവില്ലെങ്കിൽ അതിന്റെ പേരാണ് നിർദയത്വം .

അവളെ അക്രമിച്ചവന്റെ കൂടെ നിൽക്കുന്നതിന്റെ പേരാണ് അവസരവാദിത്വം .
ഇപ്പോൾ നിങ്ങൾ ചെയ്യുന്ന പണിയുടെ പേരാണ് കൂടെയുള്ളവരെ ഒറ്റുക എന്ന് .

നിങ്ങളെ ഒരിക്കലും മനുഷ്യരോ ചരിത്രമോ ധൈര്യശാലി ആയിട്ടല്ല രേഖപ്പെടുത്തുക . വിഡ്ഢിയും അവസരവാദിയും ദുഷ്ടയും നിർദയയും അരാഷ്ട്രീയവാദിയും ആയിട്ടാണ് .

ഹേ സ്ത്രീയെ ….തലയുയർത്തി ഒറ്റക്ക് നിൽക്കാനാണ് ധൈര്യം വേണ്ടത് . അല്ലാതെ പ്രബലരുടെ കാല് തിരുമ്മാൻ ധൈര്യമൊന്നും വേണ്ട . ഉളുപ്പില്ലായ്മ മാത്രം മതി . ഉളുപ്പില്ലായ്മയെ ആരും ധൈര്യമെന്ന പേരിട്ടു വിളിക്കാറുമില്ല .

ഞാൻ നിങ്ങളെ ഒറ്റവാചകത്തിൽ രേഖപ്പെടുത്തുന്നു .
സ്ത്രീ മുന്നേറ്റത്തിനു തുരങ്കം വക്കാൻ മുന്നിട്ടിറങ്ങിയ വിഡ്ഢി എന്ന് .