കാനഡപ്രേമികള്‍ക്കൊരു തുറന്ന കത്ത്

സുനിതാ ദേവദാസ്
കാനഡ ഒരു സ്വപ്നമായി കൊണ്ടു നടക്കുന്ന ധാരാളം സുഹൃത്തുക്കള്‍ എനിക്കുണ്ട്. എനിക്കും ദിവസവും മെയിലായും മെസേജായും 15 സന്ദേശമെങ്കിലും എങ്ങനെ കാനഡയില്‍ വരാന്‍ പറ്റും , എന്താണവിടുത്തെ അവസ്ഥ എന്നു ചോദിച്ചു ലഭിക്കുന്നുണ്ട്. എല്ലാവര്‍ക്കും പ്രത്യേകം മറുപടി തരാന്‍ കഴിയാത്തതിനാല്‍ വിശദമായി സത്യസന്ധമായി എന്താണ് ഇന്ത്യാക്കാരുടെ കനേഡിയന്‍ ജീവിതം എന്ന് ഇവിടെ എഴുതുന്നു.

കാനഡ എന്തോ സ്വര്‍ഗമാണെന്നും ഇവിടെ ജനസംഖ്യ കുറവായതിനാല്‍ എത്തിചേരുന്നവരെല്ലാം ഇവിടത്തെ രാജാവാകുമെന്നുമാണ് റിക്രൂട്ടിങ് ഏജന്‍സികള്‍ പ്രചരിപ്പിക്കുന്നത്. മൂന്നാര്‍ കാറ്ററിങ് കോളേജിന്‍െറ പരസ്യത്തിലും കണ്ടു കാനഡ എന്നാല്‍ ഭൂമിയിലെ സ്വര്‍ഗമാണെന്ന്.

അതെ… കാനഡ ഭൂമിയിലെ സ്വര്‍ഗമാണ്. പ്രത്യേകിച്ചും ഞാന്‍ താമസിക്കുന്ന വാന്‍കൂവര്‍ ഭൂമിലിലെ സ്വര്‍ഗം തന്നെയാണ്…. കൈ നിറയെ പണമുള്ളവര്‍ക്ക്.
അല്ലാതെ ജീവിക്കാന്‍ വേണ്ടി നക്കിപെറുക്കി വരുന്നവരുടെ സ്വപ്നഭൂമിയോ ഭൂമിയിലെ സ്വര്‍ഗമോ അല്ല കാനഡ. മറിച്ച് അവരുടെ സ്വപ്നങ്ങള്‍ കൂഴിച്ചു മൂടുന്ന നരകമാണിത്.

ഒരു വ്യക്തി കാനഡ ഇമിഗ്രേഷന് അപൈ്ള ചെയ്യുമ്പോള്‍ അയാളുടെ വിദ്യാഭ്യാസ യോഗ്യത നോക്കിയാണ് വിസ ലഭിക്കുന്നത്. പി ആര്‍ ലഭിച്ചാല്‍ കനേഡിയന്‍ സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ എല്ലാ ആനുകൂല്യവും ലഭിക്കും. എന്നാല്‍ സ്റ്റുഡന്‍റ് വിസയിലോ വര്‍ക്ക് പെര്‍മിറ്റിലോ വരുന്നവര്‍ക്ക് ഇതൊന്നും ലഭ്യമല്ല.

എത്ര ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതക്കും വില നാം എയര്‍പോര്‍ട്ടില്‍ ഫൈ്ളറ്റ് ഇറങ്ങുന്നതു വരെയാണ്. ഇവിടെ എത്തിക്കഴിഞ്ഞാല്‍ കാനഡ നമ്മുടെ വിദ്യാഭ്യാസയോഗ്യതയെ അംഗീകരിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. നമ്മുടെ ജോലി പരിചയമോ യൂണിവേഴ്സിറ്റി സര്‍ട്ടീഫിക്കറ്റോ അവര്‍ വിശ്വസിക്കുന്നുമില്ല. അവര്‍ അത് അംഗീകരിക്കണമെങ്കില്‍ കനേഡിയന്‍ എക്സ്പീരിയന്‍സ് വേണം… എങ്ങനെ കിട്ടാന്‍?

അതേ സമയം ഇവിടെ വന്ന് എന്തെങ്കിലും കോഴ്സ്് ചെയ്താല്‍ ഒരുപരിധി വരെ രക്ഷപ്പെടാം. ഇവിടെചെയ്യുന്ന ഏതു ചെറിയ കോഴ്സിനും വിലയുണ്ട്.

ഇവിടെ പാതി കാര്യമായും പാതി തമാശയായും പറഞ്ഞു കേള്‍ക്കുന്ന ഒരു കാര്യമുണ്ട്.. റോഡില്‍ വച്ച് അറ്റാക്ക് വന്നാല്‍ ഇവിടെ ആരും മരിക്കില്ളെന്ന്. കാരണം നാലു ടാക്സി കടന്നു പോവുമ്പോള്‍ അതിലൊന്നിന്‍െറ ഡ്രൈവര്‍ ഇന്ത്യന്‍ ഡോക്ടറായിരിക്കുമെന്ന്….

ഡോക്ടര്‍മാരെ സംബന്ധിച്ച് 100 ശതമാനം സത്യമാണിത്. വൈദ്യവിദ്യാഭ്യാസം കാനഡ അംഗീകരിക്കുന്നേയില്ല. ഇവിടെ വന്നും ഡോക്ടറായി തന്നെ തുടരണമെങ്കില്‍ ഇവിടെ പഠിക്കണം.. ഇവരുടെ ടെസ്റ്റുകള്‍ പാസ്സാവണം. എത്ര കഷ്ടപ്പെട്ടിട്ടാണ് ഒരാള്‍ എം ബി ബി എസ് എടുക്കുന്നത്്… വീണ്ടും അത്രയും പഠനം പൂര്‍ത്തിയാക്കാനുള്ള മനസാന്നിന്ധ്യം പലര്‍ക്കും കാണില്ല.

അതിനാല്‍ പ്രൊഫഷന്‍ തന്നെ വേണ്ടെന്നു വക്കുന്നവരാണ് പലരും… ഡോക്ടര്‍മാര്‍ക്കും ജേണലിസ്റ്റുകള്‍ക്കും അവനവന്‍െറ തൊഴില്‍ കഴിഞ്ഞാല്‍ അറിയാവുന്ന ഒരേയൊരു പണി എന്താണെന്നറിയാമോ?
സ്വന്തം വാഹനം ഓടിക്കാന്‍… മറ്റു നിവൃത്തിയില്ലാതെ ഇവിടെ വരുന്ന പലരും ഡ്രൈവര്‍മാരാവും.

ഇത്തരത്തില്‍ പുനര്‍ജന്മം സ്വീകരിക്കുന്നവര്‍ ധാരാളമുണ്ട്. സ്വന്തം പ്രൊഫഷന്‍ ഉപേക്ഷിച്ച് ജീവിക്കാനായി പല തൊഴിലും ചെയ്യുന്നവര്‍… പണത്തെക്കുറിച്ചു മാത്രം ചിന്തിക്കുന്നവരാണെങ്കില്‍ അതില്‍ യാതൊരു ബുദ്ധിമുട്ടും തോന്നില്ല. എന്നാല്‍ സ്വന്തം പ്രൊഫഷനെ സ്നേഹിച്ചിരുന്നവര്‍ക്കും മറ്റു സാധാരണ തൊഴിലുകള്‍ ചെയ്യാന്‍ മാനസികമായി പൊരുത്തപ്പെടാന്‍ ആവാത്തവര്‍ക്കും ഡിപ്രഷന്‍ വരാന്‍ വേറെ കാരണമൊന്നും വേണ്ട.

എല്ലാ തൊഴിലിനും മിനിമം വേതനമുണ്ട്. തുല്യ മാന്യതയുണ്ട്. അതിനാല്‍ നിങ്ങള്‍ ഏതു തൊഴില്‍ ചെയ്താലും ഇവിടെ തൊഴിലിന്‍െറ പേരില്‍ ഒറ്റപ്പെടില്ല. രണ്ടാം സ്ഥാനത്താവില്ല.

നഴ്സുമാര്‍ക്ക് മാത്രമാണ് ഇവിടെ വന്നാല്‍ സ്വന്തം തൊഴില്‍ ചെയ്യാന്‍ എളുപ്പമുള്ളത്. ഐ ഇ എല്‍ റ്റി എസും ഇവിടെ പരീക്ഷയും പാസായാല്‍ നേഴ്സാവാം. എന്നാല്‍ ഇതു രണ്ടും പാസാവാന്‍ കഴിയാതെ കെയര്‍ എയ്ഡായി ജോലി ചെയ്യുന്ന മിടുക്കരും ധാരാളമുണ്ട്. എന്നു വച്ചാല്‍ വൃദ്ധ പരിചരണവും ഹോം നേഴ്സിങ്ങുമൊക്കെ.

സോഫ്റ്റ്വെയര്‍ പ്രൊഫഷനിലുള്ളവര്‍ക്ക് എന്തെങ്കിലുമൊക്കെ ചെയ്യാം… കമ്പ്യൂട്ടറില്‍ കുത്തുന്ന എന്തെങ്കിലും ജോലി കിട്ടുമെന്ന്..
അവനവന്‍െറ യോഗ്യതക്കനുസരിച്ച ജോലി കണ്ടത്തൊന്‍ വളരെ ബുദ്ധിമുട്ടാണെന്നാണ് പറഞ്ഞു വന്നത്.

45 വയസു കഴിയുന്നവരെ പ്രത്യേകിച്ചു കാരണമൊന്നുമില്ലാതെ പിരിച്ചു വിടുന്നതും സ്വഭാവികമാണ്. കാരണം ചെറുപ്പക്കാര്‍ക്ക് കുറഞ്ഞ വേതനം കൊടുത്താല്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമായി ജോലി ചെയ്യും എന്നതു തന്നെ.

വിദേശത്തു പോവുന്ന ആരും എന്‍െറ അറിവില്‍ ഇന്നേവരെ അവിടങ്ങളിലെ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ പങ്കു വച്ചതായി ഞാന്‍ കണ്ടിട്ടില്ല… സ്വര്‍ഗത്തില്‍ സ്വര്‍ഗകുമാരിമാരോടൊപ്പം കഴിയുന്ന എന്ന ഭാവത്തിലാണ് എല്ലാവരും അനുഭവങ്ങള്‍ പങ്കു വക്കുന്നതായി കാണുന്നത്. ഞാനോ പെട്ടു… എന്നാല്‍ നീയും പെട് എന്ന സാഡിസ്റ്റ് മനോഭാവമാവാനേ വഴിയുള്ളു.

കഴിഞ്ഞ ദിവസം ഒരു ഇന്ത്യന്‍ കടയില്‍ കഴിക്കാന്‍ പോയപ്പോള്‍ ഒരു പയ്യനാണ് ഭക്ഷണം കൊണ്ടു വന്നു വച്ചത്. പരസ്പരം കണ്ടപ്പോള്‍ സൗത്ത് ഇന്ത്യനാണോ എന്ന തോന്നല്‍ രണ്ടുപേര്‍ക്കും ഉണ്ടായി. മിണ്ടി. അയാള്‍ എഞ്ചിനീയറിങ് ബിരുദധാരിയാണ്. മലയാളി.
ഇവിടെ കൂടുതല്‍ പേരും ജോലി ചെയ്യുന്നത്് കടയിലും മറ്റുമാണ്… പണം കിട്ടും…

വിദ്യാഭ്യാസ നിലവാരം 12ാം ക്ളാസ്സ് വരെ നമ്മുടെ സ്കൂളിനേക്കാള്‍ മോശമോ തുല്യമോ ആണ്. എന്നാല്‍ യൂണിവേഴ്സിറ്റി വിദ്യാഭ്യാസം മികച്ചതാണ്… ഗുണമുള്ളതാണ്..

വീട്ടു വാടക സിംഗിള്‍ ബെഡ് അക്കോമഡേഷന്‍ ഒരു ബെഡിന് ഇന്ത്യന്‍ റുപ്പീ 20,000 ആവും. ഫാമിലി അക്കോമഡേഷന്‍ തുടങ്ങുന്നത് ഏറ്റവും ചെറിയ ഒരു ബെഡ്റൂം വീടിന് 60,000 എന്ന നിരക്കിലാണ്. സാധനങ്ങള്‍ക്കൊക്കെ ഒടുക്കത്തെ വിലയാണ്. 50 രൂപയാണ് ഒരു ഡോളര്‍. അതിനാല്‍ എന്തു സാധനത്തിനും മിനിമം 50 രൂപ കൊടുക്കണം. ഉദാഹരണത്തിന് ഒരു തേങ്ങക്ക് 125 രൂപയെങ്കിലുമാവും. ഒരു കെട്ടു ചീരക്ക് 50 രൂപയും. താളു, തകര, ചക്കക്കുരു, മുരിങ്ങയില , പാലക്കാടന്‍ മട്ടയരി മുതല്‍ എല്ലാം വാങ്ങാന്‍ കിട്ടും. മലയാളം പുസ്തങ്ങളൊഴിച്ച് നാട്ടില്‍ കിട്ടുന്ന എല്ലാം ഇവിടേയും കിട്ടും.

കനേഡിയന്‍ വരന്‍മാരെ വിവാഹം കഴിച്ച് മധുരസ്വപ്നങ്ങളുമായി വരുന്ന നവവധുമാരുടെ പ്രത്യേക ശ്രദ്ധക്ക്

മധുവിധു നല്ലതായിരിക്കും. സ്വപ്നങ്ങളില്‍ കാണുന്ന പോലെ. എന്നാല്‍ ഗര്‍ഭധാരണം, പ്രസവം എന്ന അവസ്ഥയിലേക്ക് എത്തുമ്പോള്‍ കാര്യങ്ങള്‍ കട്ടപ്പൊകയാവും. ഒരു സഹായിയേയും ഇവിടെ കിട്ടില്ല. വീട്ടില്‍ നിന്ന് ആരേയും കൊണ്ടുവരാന്‍ കഴിഞ്ഞില്ളെങ്കില്‍ എല്ലാം സ്വന്തം ഭാര്യയും ഭര്‍ത്താവും കൂടി ചെയ്യേണ്ടി വരും. തിരക്കുള്ള ജോലിയുള്ള ഭര്‍ത്താവാണെങ്കില്‍ ഭാര്യയുടെ കാര്യം പറയാനുമില്ല. ആശുപത്രികള്‍ നമ്മുടെയത്ര നല്ല സര്‍വീസല്ല നല്‍കുന്നത്. നമ്മുടെ നാട്ടില്‍ പണമുണ്ടെങ്കില്‍ ഏതു ചികിത്സയും നമുക്ക് ലഭിക്കും. എന്നാല്‍ ഇവിടെ ചികിത്സ സൗജന്യമായതിനാല്‍ സര്‍ക്കാര്‍ കാര്യം മുറ പോലെ എന്ന അവസ്ഥയുണ്ട്. രണ്ടു മാസം മുമ്പ് എന്‍െറ തൊട്ടടുത്ത വീട്ടില്‍ ഒരു ഭാര്യയും ഭര്‍ത്താവും കൂടി ആദ്യപ്രസവം കഴിച്ചു കൂട്ടുന്നത് കണ്ട് ഞാന്‍ കൂടി കരഞ്ഞു പോയി.

അവര്‍ക്ക് പി ആര്‍ ഇല്ലായരിരുന്നു. അതിനാല്‍ അമ്മമാരെ കൊണ്ടു വരാന്‍ കഴിഞ്ഞില്ല. പ്രസവത്തോടടുത്ത് പി ആര്‍ കിട്ടി. എന്നാല്‍ കുറഞ്ഞ സമയം കൊണ്ട് അമ്മയുടെ വിസ ശരിയായില്ല. മൂന്നു ദിവസം ആ പെണ്‍കുട്ടി ലേബര്‍ റൂമില്‍ കിടന്നു… നോര്‍മല്‍ ഡെലിവറിക്കുവേണ്ടി ഡോക്ടര്‍മാര്‍ വെയിറ്റു ചെയ്തുകൊണ്ടേയിരിക്കുന്നു. വേദന സഹിച്ചും പേടിച്ചും ഒറ്റപ്പെട്ടുമൊക്കെ അവള്‍ വല്ലാത്ത അവസ്ഥയിലായി. ഒടുക്കം സിസേറിയന്‍ ചെയ്തു. കുട്ടി 4.5 കിലോ ഉണ്ടായിരുന്നു.

പ്രസവം കഴിഞ്ഞു വീട്ടില്‍ വന്ന അവള്‍ കഴിച്ചു കൂട്ടിയത് എങ്ങനെയെന്ന് വാക്കുകളില്‍ വിവരിക്കാന്‍ പോലും എനിക്കറിയില്ല. ഭര്‍ത്താവിനു തിരക്കുള്ള ജോലി. അവള്‍ ഒറ്റക്ക് കുഞ്ഞിനേയും കൊണ്ട്….. വിവരിക്കാന്‍ വയ്യ. ഞാനടക്കമുള്ള അയല്‍ക്കാര്‍ കുറേ സഹായിച്ചു. എന്നാലും എത്ര ചെയ്യാനാവും? എല്ലാവര്‍ക്കും അവരവരുടെ ജീവിതതിരക്കുകള്‍ ഉണ്ടല്ളോ… എന്നാല്‍ കനേഡിയന്‍ സിറ്റിസണ്‍ഷിപ്പ് എന്ന മഹത്തായ കാര്യത്തിനു വേണ്ടി ഇപ്പോഴും ധാരാളം പെണ്‍കുട്ടികള്‍ ഇവിടെ മരിച്ചു പ്രസവിച്ചു ജീവിക്കുന്നു.

കുട്ടികളെ നോക്കലും വലിയ ജോലിയാണ്. കുട്ടികളെ എങ്ങനെ നോക്കണമെന്ന് സര്‍ക്കാര്‍ നിയമങ്ങളുണ്ട്. അതു ലംഘിക്കാനാവില്ല. ചുരുക്കി പറഞ്ഞാല്‍ ഇന്ത്യന്‍ മാതാപിതാക്കള്‍ മക്കളോട് പെരുമാറുന്ന രീതി കനേഡിയന്‍ സര്‍ക്കാരിന്‍െറ കണ്ണില്‍ നമ്മെ ശിക്ഷിക്കാന്‍ കഴിയുന്ന കുറ്റമാണ്. അതിനാല്‍ സ്ത്രീകള്‍ക്കു കരിയര്‍ നഷ്ടപ്പെടുന്നത് സ്വഭാവികം. രണ്ടു പേരും ജോലി ചെയ്യുന്നത് ചെറിയ കുട്ടികളുള്ളവര്‍ക്ക് സാധ്യമല്ല എന്നുതന്നെ പറയാം.

പ്രതിരോധ കുത്തിവയ്പ്പുകള്‍ നിര്‍ബന്ധമാണ്. എന്‍െറ മക്കള്‍ക്ക് ഞാന്‍ എല്ലാ കുത്തിവയ്പ്പുകളും നാട്ടില്‍ നിന്ന് എടുത്തിരുന്നു. അതിന്‍െറ ഡീറ്റെയില്‍സ് ഡോക്ടറുടെ കയ്യില്‍ നിന്ന് അറ്റസ്റ്റു ചെയ്തു വാങ്ങുകയും ചെയ്തിരുന്നു. എന്നിട്ടും ഇവിടെ എത്തിയ ഉടന്‍ ബി സി ജി ഒഴികെയുള്ള എല്ലാ കുത്തിവയ്പ്പുകളും കുട്ടികള്‍ക്ക് എടുക്കേണ്ടി വന്നു. എന്നു വച്ചാല്‍ നമ്മള്‍ നാട്ടില്‍ നിന്നു കൊണ്ടു വരുന്ന വിദ്യാഭ്യാസ തൊഴില്‍ പരിചയമടക്കമുള്ള കുത്തിവയ്പ്പു സര്‍ട്ടീഫിക്കറ്റ് വരെ ഇവര്‍ കണക്കിലെടുക്കുന്നേയില്ല. വിശ്വസിക്കുന്നുമില്ല. ഒന്നേന്നു ജീവിതം തുടങ്ങണം.

ഒരു കാര്യം കൂടി. അറബ് രാജ്യങ്ങളില്‍ പോകുന്നതു പോലെയോ തൊഴില്‍ കണ്ടത്തെുന്നതു പോലെയോ ഇടക്കിടെ നാട്ടില്‍ വരുന്നതു പോലെയോ അല്ളേയല്ല കനേഡിയന്‍ ജീവിതം. അറബ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ വ്യത്യസ്തമായ രാജ്യവും സാഹചര്യങ്ങളുമാണ് ഇവിടെ. ആഗ്രഹമുള്ളവര്‍ക്കെല്ലാം കയറി പോരാന്‍ സാധിക്കില്ല. വിസ ലഭിച്ചാലേ വരാന്‍ പറ്റു. ഏകദേശം 30 മണിക്കുര്‍ സമയം വേണം യാത്രക്ക്. ടിക്കറ്റ് റേറ്റും വളരെ കൂടുതല്‍.

ഗള്‍ഫില്‍പോയാല്‍ ചിലപ്പോള്‍ പിറ്റേ ദിവസം ജോലിയില്‍ കയറാന്‍ കഴിഞ്ഞേക്കും. എന്നാല്‍ ഇവിടെ അതൊന്നും സാധ്യമല്ല. ഇനി വല്ല തൊഴിലും കിട്ടുകയാണെങ്കില്‍ അത് വല്ല പെട്രോള്‍ പമ്പിലോ സൂപ്പര്‍മാര്‍ക്കറ്റിലോ സെക്യൂരിറ്റി ജോലിയോ ആയിരിക്കും. അല്ളെങ്കില്‍ മക്ഡൊണാള്‍ഡ്, കെ എഫ് സി, സ്റ്റാര്‍ ബക്ക്സ് അങ്ങനെ വല്ലതും…..

ഇതൊക്കെ വിദേശത്തു പോവുന്ന അല്ളെങ്കില്‍ ഒരിക്കല്‍ പോയ എല്ലാവര്‍ക്കും അറിയാവുന്ന സത്യങ്ങളാണ്. ആരും പറയാറില്ല എന്നു മാത്രം. മടുത്ത് തിരിച്ചു നാട്ടില്‍ പോയ നിരവധി പേരുണ്ട് എന്നതും ഓര്‍മിപ്പിക്കുന്നു.

ഇതൊക്കെ വായിക്കുമ്പോള്‍ ഉണ്ടാവുന്ന ആദ്യ സംശയം ഞാനെന്തു ചെയ്യുന്നുവെന്നാവും. ഞാന്‍ വന്ന ഉടന്‍ പണി കിട്ടി എന്നെനിക്കു മനസിലായി. പത്തു ലക്ഷം സ്റ്റുഡന്‍റ് ലോണ്‍ എടുത്ത് വീഡിയോ പ്രൊഡക്ഷനില്‍ ഒരു കോഴ്സ് ചെയ്തു. ഒരുവിധം ജീവിച്ചു പോകുന്നു.

ഇത്രയൊക്കെ കേട്ടപ്പോള്‍ ഉണ്ടായ വലിയ സംശയം എന്നിട്ടും എന്തിന് കാനഡ എമിഗ്രേഷന്‍ പ്രോത്സാഹിപ്പിക്കുന്നുവെന്നതല്ളേ?

അവര്‍ക്ക് നമ്മുടെ കുഞ്ഞുങ്ങളെ വേണം… ഇന്ത്യന്‍ കുഞ്ഞുങ്ങളായിട്ടല്ല… നല്ല അസ്സല്‍ കനേഡിയന്‍ പൗരന്‍മാരായിട്ട്… മാതാപിതാക്കന്‍മാര്‍ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം അവരുടെ കുഞ്ഞുങ്ങളെ നോക്കുന്ന വെറും കെയര്‍ ടേക്കര്‍മാര്‍ മാത്രമാണ്. നമ്മുടെ കരിയറോ ഭാവിയോ അവര്‍ക്ക് വിഷയമല്ല. എന്നാല്‍ കുഞ്ഞുങ്ങള്‍ക്കു വേണ്ടി അവര്‍ എന്തു ചെയ്യും… എല്ലാ സഹായവും ചെയ്യും. ജീവിക്കാന്‍ പണവും നല്‍കും. നമ്മള്‍ അതുകൊണ്ട് മക്കളെ വളര്‍ത്തി വലുതാക്കി കൊടുക്കുക… എന്നിട്ട് ചത്തു പോവുക… അത്രതന്നെ…

ചുരുക്കി പറഞ്ഞാല്‍ വന്നാല്‍ അഞ്ചു കൊല്ലം നല്ല കഷ്ടപ്പാടാണ്. അതു കഴിഞ്ഞാല്‍ ഒരുവിധം രക്ഷപ്പെടും. ഒന്നും സമ്പാദിക്കാന്‍ കഴിയില്ല. കയ്യിലുള്ളതു കൂടി ചെലവായി പോവും. നരകിക്കാന്‍ മനസുള്ളവര്‍ മാത്രം വരിക. എല്ലാ ദുരിതങ്ങളും മുന്‍കൂട്ടി കണ്ട് നേരിടാന്‍ മനസിനെ പ്രാപ്തമാക്കുക. ഏജന്‍സികള്‍ പറയുന്ന ഒന്നും ആരും വിശ്വസിക്കരുത്. അവര്‍ പറയുന്നതു മൂഴുവന്‍ നമ്മെ പറ്റിച്ച് പണം തട്ടാനുള്ള കള്ളങ്ങള്‍ മാത്രമാണ്.

പണമുണ്ടാക്കാന്‍ കഴിഞ്ഞാല്‍ , അവനവന്‍െറ ഇഷ്ട പ്രൊഫഷന്‍ നേടാനായാല്‍ ജീവിതം പരമസുഖം…. സ്വപ്നതുല്യം. എന്നാല്‍ അങ്ങോട്ടുള്ള യാത്ര അത്ര സുഖകരമല്ല. എളുപ്പമല്ല.

ഒന്നും നഷ്ടപ്പെടാനില്ലാത്തവര്‍ക്ക് ധൈര്യമായി കെട്ടിപ്പെറുക്കി പോരാം… എന്നാല്‍ ഒന്നും നഷ്ടപ്പെടാനില്ലാത്തവര്‍ക്ക് വിസ കിട്ടാന്‍ പ്രയാസമാണ് എന്നതു വേറെ കാര്യം. എന്തെങ്കിലുമൊക്കെ തൊഴിലു ചെയ്ത് എങ്ങനേലും ജീവിക്കാം.. എന്നാല്‍ കേരളത്തില്‍ സുഖമായി ജീവിക്കാന്‍ നിവൃത്തിയുള്ളവര്‍ ഒരു കാരണവശാലും സുഖം മോഹിച്ച് കെട്ടിപ്പെറുക്കി പോരരുത് എന്നാണ് എന്‍െറ സത്യസന്ധമായ അഭിപ്രായം…

കാരണം കേരളത്തില്‍ പണമുണ്ടെങ്കില്‍ സഹായത്തിന് ആളെ വക്കാം.. നല്ല ക്വാളിറ്റി ഭക്ഷണം കഴിക്കാം, വലിയ വീടു പണിയാം…. ഇഷ്ടമുള്ള ചികിത്സ തെരഞ്ഞെടുക്കാം…പലതും ചെയ്യാം.. രാജാവിനെ പോലെ ജീവിക്കാം.
ഇവിടെ പണമുള്ളവനും ഇല്ലാത്തവനും ജീവിക്കുന്നത് ഒരുപോലെയാണ്.. ഒരേ ഭക്ഷണം, ഒരേ സൗകര്യങ്ങള്‍, ഒരേ ജീവിത നിലവാരം, അവനവന്‍െറ എല്ലാ കാര്യവും അവനവന്‍ തന്നെ ചെയ്യണം.

…………………………………………………………………………………………
ഞാന്‍ ഇതെഴുതുന്നതു പോലുമറിയാതെ അമേരിക്കയിലത്തെി നട്ടം തിരിഞ്ഞ ഒരു ആയുര്‍വേദ ഡോക്ടര്‍ എഴുതിയതു കൂടി ഷെയര്‍ ചെയ്യുന്നു.
‘‘ നല്ല രീതിയില്‍ practice ചെയ്തു പേരെടുത്തു തുടങ്ങിയപ്പോളായിരുന്നു അമേരിക്കയിലേക്കുള്ള എന്‍്റെ കുടിയേറ്റം. കേരളത്തില്‍ ജനിച്ചു വളര്‍ന്ന എനിക്കു ഇവിടെയത്തെി ഒരു മാസം കൊണ്ട് തന്നെ ഭ്രാന്തായി എന്നു പറയേണ്ടതില്ലല്ളോ. ആയുര്‍വേദത്തെ ഒരു ഡിഗ്രിയായി പോലും അംഗീകരിക്കാന്‍ കഴിയാത്ത നാട്ടില്‍ ഇനിയെന്തു ചെയ്യം എന്നു ഓര്‍ത്തു കുറച്ചു നാള്‍ depression അടിച്ചു നടന്നു. പിന്നെ ജീവിതത്തില്‍ ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ലാത്ത waitressഇന്‍്റെ കുപ്പായം അണിഞ്ഞു. അതും നല്ല അസല്‍ ബാര്‍ attached restaurantil . കഷായം കൊടുക്കേണ്ട കൈകൊണ്ടു cocktails കൊടുക്കേണ്ടിവന്ന അവസ്ഥ.

പിന്നീട് ആഹാരത്തോടുള്ള സ്നേഹം കാരണം ഒരു restaurant തുടങ്ങി. വീട്ടില്‍ മാത്രം ഭക്ഷണം ഉണ്ടാക്കി ശീലിച്ച ഞാന്‍ 250 പേര്‍ക്കു വരെ food ഉണ്ടാക്കേണ്ടി വന്നിട്ടുണ്ട് അതിനൊക്കെ അപ്പോള്‍ എവിടുന്നു ധൈര്യം വന്നു എന്നു എനിക്കു ഇപ്പോളും അറിയില്ല.ആ സമയത്തു ഞാന്‍ pregnant ആയിരുന്നു ഒന്‍പതാം മാസം വരെ ആ kitchenil സസന്തോഷം പണിയെടുത്തു അതു കൊണ്ടാണോ എന്നറിയില്ല എന്‍്റെ പുത്രനും നല്ളൊരു ഫൂഡി ആണ്. ആ സമയത്തും ഒരു wellness സെന്‍്ററില്‍ ഞാന്‍ part time ayi ആയുര്‍വേദവുംpractice ചെയ്തിരുന്നു. ആയുര്‍വേദം എന്ന് കേട്ടിട്ടു പോലും ഇല്ലാത്തവര്‍ക്കിടയില്‍ അതൊരു challenge തന്നെയായിരുന്നു.പിന്നെ എല്ലാര്‍ക്കും വേണ്ടതു് ആയുര്‍വേദ മസ്സാജ് ആയിരുന്നു്. 8 മാസ ത്തെ വയറും വച്ചു ഞാന്‍ massage ചെയ്യാന്‍ പോയപ്പോ ഒരു ചേച്ചി എന്നോട് പാവം തോന്നി treatment ചെയ്യതെ പോയി.അതോടെ ആ പണിക്കു താത്കാലിക വിരാമമിട്ടു.

Delivery കഴിഞ്ഞപ്പോളേക്കും ആ statinodu goodbye പറഞ്ഞു വേറൊരു സ്റ്റേറ്റിലേക്ക് relocate ചെയ്യണ്ടി വന്നു. അവിടുത്തെ കഷ്ടപ്പാടൊക്കെ വെറുതെയായി .പിന്നേം ദേ ഒന്നെന്ന് തുടങ്ങണം കൂടെ മോനെയും നോക്കണം.എങ്ങിനൊക്കെയോ പിടിച്ചു നിന്നു. ഒരു coursinu ചേര്‍ന്നു പഠിക്കാന്‍ തുടങ്ങി .ഇപ്പൊ ഇവിടെ ആയുര്‍വേദം പഠിപ്പിക്കുന്നു.കൂടെ 2wellness സെന്‍്ററുകളില്‍ ജോലി ചെയ്യന്നു. കുറച്ചു നല്ളോണം കഷ്ടപ്പെട്ടിട്ടാണെങ്കിലും ഇഷ്ടപ്പെട്ട ഡാന്‍സും കൂടെ കൊണ്ടുപോകുന്നു. കുറച്ചു കുട്ടികളെ ഡാന്‍സ് പഠിപ്പിക്കുന്നുമുണ്ട്. ഇനി സ്വന്തമായി ഒരു ആയുര്‍വേദ center അതിലേക്കുള്ള പ്രയാണത്തിലാണ്.’’
……………………………………………………………………………………………………

ഒരു ഇന്ത്യക്കാരന്‍ കാനഡയില്‍ വന്ന് ജീവിതം കരുപ്പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികള്‍ മാത്രമാണ് ഞാനെഴുതിയത്. ഇത്രയും ഒഴിച്ചു നിര്‍ത്തിയാല്‍ ജീവിതപശ്ചാത്തലം സ്വര്‍ഗം തന്നെ.

ഇനി നിങ്ങള്‍ തീരുമാനിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ