മാന്ത്രികവിദ്യകളുമായി ഒടിയന്‍ മാണിക്കന്‍: ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി

അണിയറയില്‍ ഒരുങ്ങുന്ന സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ ലാലിന്റെ ബിഗ്ബജറ്റ് ചിത്രം ഒടിയന്റെ മറ്റൊരു ടീസര്‍ പുറത്തിറങ്ങി. ഒടിയന്‍ മാണിക്യനായി വേഷമിടുന്ന മോഹന്‍ലാലിന്റെ ശബ്ദത്തിന്റെ അകമ്പടിയോടെയാണ് ടീസര്‍ പുറത്ത് വന്നിരിക്കുന്നത്. ടീസറില്‍ ചിത്രത്തിന്റെ റിലീസിംഗ് തിയതിയും പുറത്തുവിട്ടിട്ടുണ്ട്.

ദേശീയ പുരസ്‌കാര ജേതാവ് ഹരികൃഷ്ണന്‍ തിരക്കഥ ഒരുക്കി, ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫി പീറ്റര്‍ ഹെയ്‌നാണ് ഒരുക്കുന്നത്. മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്റെ ആക്ഷന്‍ ഒരുക്കിയതും പീറ്റര്‍ ഹെയ്‌നായിരുന്നു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ഷാജി കുമാറാണ് ഒടിയന്റെ ഛായാഗ്രാഹകന്‍. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണമിടുന്നത് എം. ജയചന്ദ്രനാണ്. ചിത്രം ഒക്ടോബര്‍ 11ന് കേരളത്തിലെ പ്രേക്ഷകരിലെത്തും.

മോഹന്‍ലാല്‍ തന്റെ ഫേസ്ബുക് പേജിലൂടെ ആണ് ടീസര്‍ പങ്കുവെച്ചത്. ഇതുവരെ മറ്റൊരു മോഹന്‍ലാല്‍ സിനിമയിലും കാണാത്ത മേക്കോവറിലാണ് മലയാളികളുടെ പ്രിയതാരം ഒടിയനില്‍ എത്തിയിരിക്കുന്നത്. 20 മുതല്‍ 25 കിലോ വരെ ശരീരഭാരം കുറച്ചാണ് മോഹന്‍ലാല്‍ ഈ ലുക്കിലേക്ക് എത്തിയത്. ആറുമണിക്കൂര്‍ വരെയായിരുന്നു ദിവസവും ജിമ്മില്‍ ചെലവഴിച്ചത്. ലാലേട്ടന്റെ ഡയറ്റും വര്‍ക്കൌട്ടും മോണിറ്റര്‍ ചെയ്യാന്‍ 25 അംഗ ടീമാണ് പ്രവര്‍ത്തിച്ചത്. ചെറുപ്രായം മുതല്‍ 60 വയസുവരെ നീളുന്ന ജീവിതകാലഘട്ടത്തെയാണ് ഒടിയനില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക.