എംഎം ജേക്കബ് അന്തരിച്ചു

പാല: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും ഗവര്‍ണറുമായിരുന്ന എം.എം ജേക്കബ്(92) അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് രാമപുരത്തെ സെമിത്തേരിയില്‍ നടക്കും.

കോട്ടയം ജില്ലയിലെ കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാക്കളില്‍ ഒരാളായ എം.എം ജേക്കബ് ദേശീയ തലത്തില്‍ വ്യക്തിമുദ്ര പതിച്ച നേതാവായിരുന്നു. രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തെത്തിയ ആദ്യ മലയാളി കൂടിയാണ് എം.എം ജേക്കബ്. കേന്ദ്രത്തില്‍ പാര്‍ലമെന്ററികാര്യം, ജലവിഭവം, ആഭ്യന്തരം എന്നീ വകുപ്പുകളില്‍ സഹമന്ത്രിയായിരുന്നു. 1982ലും 88ലും രാജ്യസഭാംഗമായി 1986ല്‍ രാജ്യസഭാ ഉപാദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.

വിവിധ രാജ്യങ്ങളില്‍ നടന്ന സമ്മേളനങ്ങളില്‍ രാജ്യത്തിന്റെ പ്രതിനിധിയായി. 1985ലും 1993ലും യു.എന്‍.ജനറല്‍ അസംബ്ലിയില്‍ ജേക്കബ്ബിന്റെ ശബ്ദംമുഴങ്ങി. 1995ലും 2000ലുമായി രണ്ടുതവണ മേഘാലയ ഗവര്‍ണറായിരുന്നു.

സാമൂഹികസേവകന്‍, അധ്യാപകന്‍, അഭിഭാഷകന്‍, സംഘാടകന്‍, പരിശീലകന്‍, രാഷ്ട്രീയനേതാവ്, ഭരണാധികാരി, പ്രസംഗകന്‍, സഹകാരി, കായികതാരം ഇവയെല്ലാമായിരുന്ന അദ്ദേഹം കുറേനാളുകളായി രാമപുരത്തെ കുടുംബവീട്ടില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും അവിടെ വച്ച്‌ മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ പരേതയായ തിരുവല്ല കുന്നുതറ അച്ചാമ്മ. മക്കള്‍: ജയ, ജെസ്സി, എലിസബത്ത്, ടിറ്റു.

കെ എം മാണിയെ വിറപ്പിച്ച എതിരാളി

ദേശിക രാഷ്ട്രീയം ഗുണം ചെയ്യില്ലെന്ന് വിശ്വസിച്ചിരുന്ന കോണ്‍ഗ്രസുകാരന്‍, 1970 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ എം മാണിയെ വിറപ്പിച്ച എതിരാളി, രാജ്യസഭയുടെ ഉപാധ്യക്ഷസ്ഥാനത്തെത്തുന്ന ആദ്യ മലയാളി, മികച്ച നേതാവും പ്രാസംഗികനും പാര്‍ലമെന്റേറിയനും- വിശേഷണങ്ങള്‍ ഏറെയാണ് എം എം ജേക്കബിന്.

സ്വയം പുകഴ്ത്താന്‍ ഒരിക്കലും ശ്രമിക്കാത്ത വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. അതുകൊണ്ടുതന്നെ, മറ്റുള്ളവര്‍ അദ്ദേഹത്തെ ഉയര്‍ത്തി. രാമപുരത്തുനിന്ന് തിരുവനന്തപുരം, കൊച്ചി, ലഖ്നൗ എന്നിവിടങ്ങളിലൂടെ ഡല്‍ഹിയില്‍ എത്തിയ മുണ്ടയ്ക്കല്‍ മാത്യു ജേക്കബ്ബിന്റെ ജീവിതം, കാലഘട്ടത്തിന്റെ ചരിത്രം കൂടിയാണ്.

പൊതുരംഗത്തെത്തിയതിനെക്കുറിച്ച്‌ അദ്ദേഹം പറഞ്ഞതിങ്ങനെ – മഞ്ചാടിമറ്റം, രാമപുരം സെന്റ് അഗസ്റ്റിന്‍സ് എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. മഞ്ചാടിമറ്റത്ത് പഠിച്ചുകൊണ്ടിരിക്കേ, സ്‌കൂളില്‍ പ്രസംഗിക്കാന്‍ അവസരം കിട്ടി. കാണാതെ പഠിച്ചാണ് പ്രസംഗിക്കാന്‍ കയറിയത്. പക്ഷേ, പഠിച്ചത് മറന്നുപോയി . കുഞ്ഞുജേക്കബ് വേദിയില്‍നിന്നു കരഞ്ഞു. ബന്ധുക്കളാണ് അവിടെനിന്ന് കൂട്ടിക്കൊണ്ടുപോയത്.

സദസ്സിനെ അഭിമുഖീകരിക്കണമെന്നത് വാശിയായി. വായന തുടങ്ങിയത് അങ്ങനെ. കാലക്രമത്തില്‍ പ്രസംഗവേദി വഴങ്ങി. നേതൃനിരയിലേയ്ക്കും വഴിതുറന്നു. ഈ അനുഭവം, ‘വിറ്റ്നസ് ടു ഫ്രീ ഇന്ത്യ’ എന്ന ആത്മകഥാപരമായ രചനയില്‍ അദ്ദേഹം അനുസ്മരിച്ചിട്ടുണ്ട്.

വിദ്യാര്‍ഥിയായിരിക്കെ, സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തു. ഇതോടെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ പഠനത്തിന് അര്‍ധവിരാമമായി. തേവര എസ്.എച്ച്‌., മദ്രാസ് ലയോള കോളേജുകളിലും ലഖ്‌നൗ സര്‍വകലാശാലയിലും പഠിച്ചു. പൊളിറ്റിക്കല്‍ സയന്‍സില്‍ എം.എ., നിയമബിരുദം, ഇന്‍കംടാക്സില്‍ ഡിപ്ലോമ എന്നിവ നേടി. ഷിക്കാഗോ സര്‍വകലാശാലയില്‍ സാമൂഹികസേവനത്തില്‍ ഉപരിപഠനവും നടത്തി.

സ്വാതന്ത്ര്യാനന്തരമാണ് ജേക്കബിന്റെ നേതൃപാടവം സമൂഹത്തിന് കൂടുതല്‍ പ്രയോജനപ്പെട്ടത്. അസമത്വവും അനീതിയും നിറഞ്ഞതായിരുന്നു ആ കാലം. രാജ്യത്തെ അവികസിത സാഹചര്യങ്ങളും, സാമൂഹികസേവനത്തിനിറങ്ങാന്‍ ജേക്കബിനെ പ്രേരിപ്പിച്ചു. ആചാര്യവിനോബ ഭാവെയുടെ ഭൂദാനപ്രസ്ഥാനത്തില്‍ ആകൃഷ്ടനായി. ഭൂമിയില്ലാത്തവര്‍ക്കു ഭൂമി നല്‍കണമെന്ന ആഹ്വാനം പ്രചരിപ്പിക്കാന്‍ യുവജനനേതാക്കളുടെ പരിശീലനക്കളരികള്‍ സംസ്ഥാനത്തെങ്ങും നടത്തി. കോട്ടയത്തിനടുത്ത് മാങ്ങാനം കേന്ദ്രീകരിച്ച്‌ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകളുമായി അന്നത്തെ ഉപരാഷ്ട്രപതി എസ്.രാധാകൃഷ്ണന്‍ എത്തിയതും ചരിത്രം.

1954ല്‍ ഭാരത് സേവക് സമാജില്‍ ചേര്‍ന്നു. ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു ബി.എസ്.എസ്. അധ്യക്ഷന്‍. അവികസിതപ്രദേശങ്ങളിലെ ആവശ്യങ്ങളറിഞ്ഞ് അവിടങ്ങളില്‍ സേവനം നടത്താനുള്ള കൂട്ടായ്മയായിരുന്നു ബി.എസ്.എസ്. പലപ്പോഴും ചെലവിനുള്ള പണംപോലും സ്വയം സമാഹരിക്കണമായിരുന്നു. ബി.എസ്.എസ്സിനായും ജേക്കബ് പരിശീലന ക്യാമ്പുകള്‍ നടത്തി.

ജേക്കബിന്റെ പ്രസംഗത്തിലും പ്രവൃത്തിയിലും ആകൃഷ്ടനായ ജവഹര്‍ലാല്‍ നെഹ്‌റു അദ്ദേഹത്തെ ഡല്‍ഹിക്കു വിളിച്ചു. അവിടെ ബി.എസ്.എസ്. ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെടുന്നവരെ പരിശീലിപ്പിക്കുന്ന ക്യാമ്പിന്റെ ചുമതലക്കാരനായി.

1967ല്‍ കോണ്‍ഗ്രസിന്റെ സജീവപ്രവര്‍ത്തകനായി. കേരളത്തില്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. പ്രാദേശികരാഷ്ട്രീയം ഗുണംചെയ്യില്ലെന്ന് ഉറച്ചുവിശ്വസിച്ച കോണ്‍ഗ്രസുകാരനാണ് ജേക്കബ്. എന്നാല്‍, തിരഞ്ഞെടുപ്പിലെ ചതുരംഗക്കളിയില്‍ അദ്ദേഹത്തിന്റെ ആദര്‍ശരാഷ്ട്രീയം വിജയിച്ചില്ല. 1970ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം കൈയെത്തും ദൂരത്തെത്തി അകന്നുപോയി. അന്ന് 374 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പാലായില്‍ കെ.എം.മാണി ജയിച്ചത്. തിരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ നടന്നെന്നുകാട്ടി കേസു കൊടുത്തതാണ്. പക്ഷേ, കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ബന്ധത്തെത്തുടര്‍ന്ന് പിന്‍വലിക്കേണ്ടിവന്നു.

1982ലും 88ലും രാജ്യസഭാംഗം. 1986ല്‍ രാജ്യസഭാ ഉപാധ്യക്ഷന്‍. കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ഥി എം.എം.ജേക്കബ് ആണെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ തങ്ങള്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ലായിരുന്നെന്ന് അന്നത്തെ പ്രതിപക്ഷനേതാവ് എല്‍.കെ.അദ്വാനി പറഞ്ഞത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരംകൂടിയായി. കേന്ദ്രത്തില്‍ പാര്‍ലമെന്ററികാര്യം, ജലവിഭവം, ആഭ്യന്തരം എന്നീ വകുപ്പുകളില്‍ മന്ത്രിയായിരുന്നു. വിവിധ രാജ്യങ്ങളില്‍ നടന്ന സമ്മേളനങ്ങളില്‍ രാജ്യത്തിന്റെ പ്രതിനിധിയായി. 1985ലും 1993ലും യു.എന്‍.ജനറല്‍ അസംബ്ലിയില്‍ ജേക്കബ്ബിന്റെ ശബ്ദംമുഴങ്ങി. 1995ലും 2000ലുമായി രണ്ടുതവണ മേഘാലയ ഗവര്‍ണറായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ