നടി ആക്രമിക്കപ്പെട്ട സംഭവം യാഥാർത്ഥ്യം അന്നും ഇന്നും അറിയില്ല, മോഹൻലാൽ

കൊച്ചി: നടന്‍ ദിലീപിനെ പിന്തുണച്ച് മോഹന്‍ലാല്‍, രാജി വച്ച് പുറത്തു പോയവരെ തിരിച്ചെടുക്കണമെന്നത് ജനറല്‍ ബോഡി തീരുമാനിക്കുമെന്ന് ലാല്‍. ചര്‍ച്ച ചെയ്യാതെ തിരിച്ചെടുക്കാന്‍ പറ്റില്ലന്നും അദ്ദേഹം പറഞ്ഞു.

ദിലീപ്, നടി ആക്രമിക്കപ്പെട്ട കേസില്‍ അദ്ദേഹം കുറ്റക്കാരനാണോ എന്ന് ഇപ്പോഴും അറിയില്ല. അവസരം കളഞ്ഞു എന്ന് പറഞ്ഞ് നടി കത്ത് നല്‍കിയിട്ടില്ലന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. ഇപ്പോള്‍ പുറത്ത് ബഹളം വയ്ക്കുന്നവര്‍ക്ക് കമ്മറ്റിയില്‍ കാര്യം പറയാമായിരുന്നുവെന്നും ലാല്‍ പരിഹസിച്ചു.

ദിലീപിനെ പുറത്താക്കാന്‍ തീരുമാനിച്ചത് അവയ്‌ഡബിള്‍ അംഗങ്ങളുടെ യോഗം ചേര്‍ന്നാണ്. ദിലീപിനെ തിരിച്ചെടുക്കരുതെന്ന് യോഗത്തില്‍ ആരും പറഞ്ഞിരുന്നില്ലന്നും മോഹന്‍ലാല്‍ പറഞ്ഞു.

അമ്മയുടെ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണാതിരുന്നത് തെറ്റായിപോയെന്നും മോഹന്‍ലാല്‍ പറഞ്ഞു.ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തതിലുളള പ്രതിഷേധം ചര്‍ച്ച ചെയ്യാന്‍ അമ്മ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നതിന് പിന്നാലെയായിരുന്നു മോഹന്‍ലാലിന്റെ വാര്‍ത്താസമ്മേളനം.

അമ്മ ജനറല്‍ ബോഡിയോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് റിമകല്ലിങ്കല്‍, ഭാവന, രമ്യാനമ്പീശന്‍ എന്നിവര്‍ രാജി വയ്ക്കുകയും പരസ്യ പ്രതികരണം നടത്തുകയും ചെയ്തിരുന്നു. മാധ്യമ ചര്‍ച്ചകളിലും ‘അമ്മ’ക്ക് എതിരായ നിലപാടാണ് അവര്‍ സ്വീകരിച്ചിരുന്നത്.

ഇതിനു ശേഷം വീണ്ടും ജനറല്‍ ബോഡി യോഗം വിളിച്ചു ചേര്‍ത്ത് തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് രമ്യക്ക് ഒപ്പം ഡബ്ല്യൂ.സി.സിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍വതി, രേവതി,പത്മപ്രിയ എന്നിവര്‍ ‘അമ്മ’ നേതൃത്വത്തിന് കത്തു നല്‍കുകയും ചെയ്തിരുന്നു. ഇവരുടെ ആവശ്യം കണക്കിലെടുത്താണ് എക്‌സിക്യൂട്ടീവ് യോഗം ചേരാന്‍ തീരുമാനിച്ചിരുന്നത്.

ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കാനെടുത്ത തീരുമാനവും അതേ ചൊല്ലിയുണ്ടായ ഭിന്നതയും വിവാദങ്ങളും ഇന്ന് ചേര്‍ന്ന യോഗം ചര്‍ച്ച ചെയ്തു.

അതേസമയം എക്‌സിക്യൂട്ടീവ് യോഗം ചേരുന്ന വിവരം തങ്ങളെ അറിയിച്ചില്ലെന്ന് ഡബ്ല്യു.സി.സി അറിയിച്ചു. ഇപ്പോള്‍ സംഘടന യോഗം ചേരുന്ന വിവരം മാധ്യമങ്ങളിലൂടെയാണ് തങ്ങള്‍ അറിഞ്ഞതെന്നാണ് ഡബ്ല്യു.സി.സി ആരോപിക്കുന്നത്.

ദിലീപിനെ പുറത്താക്കിയ നടപടി മരവിപ്പിക്കണമെന്ന ‘അമ്മ’ യോഗത്തിലെ പൊതുവികാരത്തിനൊപ്പം നില്‍ക്കുക എന്ന പ്രാഥമിക ജനാധിപത്യ മര്യാദയാണു നേതൃത്വം എന്ന നിലയില്‍ തങ്ങള്‍ പ്രകടിപ്പിച്ചതെന്ന് നേരത്തെ മോഹന്‍ലാല്‍ വിശദീകരിച്ചിരുന്നു. അതിനപ്പുറമുള്ള നിക്ഷിപ്ത താല്‍പര്യങ്ങളോ നിലപാടോ ഈ വിഷയത്തില്‍ നേതൃത്വത്തിനില്ല.

സമൂഹമധ്യത്തില്‍ ഉയര്‍ന്ന എല്ലാ വിമര്‍ശനങ്ങളെയും പൂര്‍ണ മനസ്സോടെ ഉള്‍ക്കൊള്ളുന്നു. നാലു പേര്‍ സംഘടനയ്ക്കു പുറത്തു പോകുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ആ തീരുമാനത്തിനു പിന്നിലെ വികാരങ്ങള്‍ എന്തായാലും പരിശോധിക്കാന്‍ നേതൃത്വം തയാറാണ്. തിരുത്തലുകള്‍ ആരുടെ പക്ഷത്തു നിന്നായാലും നടപ്പാക്കാം. ആക്രമണത്തിനിരയായ സഹപ്രവര്‍ത്തകയ്‌ക്കൊപ്പമാണ് ഇന്നുവരെ സംഘടന നില്‍ക്കുന്നത് എന്നും മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു.