ഹിന്ദു പാകിസ്താന്‍ പരാമര്‍ശത്തില്‍ ശശി തരൂരിനെതിരെ കേസ്; നേരിട്ട് ഹാജരാകണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി

കൊല്‍ക്കത്ത: ഹിന്ദു പാകിസ്താന്‍ പരാമര്‍ശത്തില്‍ ശശി തരൂരിനെതിരെ കേസ്. ശശി തരൂരിനോട് നേരിട്ട് ഹാജരാകണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി നിര്‍ദേശിച്ചു. അടുത്ത മാസം 14ന് ഹാജരാകാനാണ് നിര്‍ദേശം. മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് കോടതി നടപടി.

തിരുവനന്തപുരത്ത് നടന്ന ചടങ്ങിനിടെയാണ് ശശി തരൂർ എംപി ഹിന്ദു പാകിസ്താന്‍ പരാമര്‍ശം നടത്തിയത്.  ”വീണ്ടും അധികാരത്തിലെത്തിയാൽ ബിജെപി പുതിയ ഭരണഘടനയുണ്ടാക്കും. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ചവിട്ടിയരക്കും. ഇന്ത്യയെ ഹിന്ദു പാകിസ്താൻ ആക്കി മാറ്റും. മഹാത്മാഗാന്ധിയും നെഹ്റുവും പട്ടേലും ഇതിനുവേണ്ടിയല്ല പോരാടിയത്”. ഇതായിരുന്നു തരൂരിന്റെ വാക്കുകള്‍.

സംഭവം വിവാദമായതോടെ പ്രതിഷേധമറിയിച്ച് ബിജെപി രംഗത്തുവന്നിരുന്നു. ശശി തരൂരിന്റെ പരാമർശത്തിന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മാപ്പുപറയണമെന്ന് ബിജെപി വക്താവ് സാംപിത് പത്ര ആവശ്യപ്പെട്ടു. പാകിസ്താൻ എന്ന രാഷ്ട്രമുണ്ടാകാൻ തന്നെ കാരണം കോൺഗ്രസ് ആണെന്നും വിവാദങ്ങളുണ്ടാക്കി ഇന്ത്യയിലെ ഹിന്ദുക്കളെ അപമാനിക്കലാണ് അവരുടെ ലക്ഷ്യമെന്നും ബിജെപി തിരിച്ചടിച്ചിരുന്നു.

തരൂരിനു വൈദ്യസഹായം ആവശ്യമുണ്ടോയെന്ന് പ്രധാനമന്ത്രി പരിശോധിക്കണമെന്നും ആവശ്യമെങ്കിൽ അദ്ദേഹത്തെ മാനസിക രോഗാശുപത്രിയിലേക്ക് അയക്കണമെന്നുമായിരുന്നു ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രതികരണം. തരൂരിന്റെ പ്രസ്താവന ന്യായീകരിക്കാൻ കോൺഗ്രസ് തയ്യാറായില്ല. ഇന്ത്യക്കൊരിക്കലും പാകിസ്താൻ ആകാൻ കഴിയില്ലെന്നു അഭിപ്രായപ്പെട്ട കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പാർട്ടിയംഗങ്ങൾ വാക്കുകൾ സൂക്ഷിച്ചു തിരഞ്ഞെടുത്തു ഉപയോഗിക്കണമെന്ന് നിർദേശിച്ചു. ബിജെപിയുടെ വിദ്വേഷം പരത്തലിനെ ചെറുക്കാൻ കോൺഗ്രസിന് ചരിത്രപരമായ ഉത്തരവാദിത്വമുണ്ടെന്നും സുർജേവാല പറഞ്ഞു.

അതേസമയം ഹിന്ദു പാകിസ്താന്‍ പരാമര്‍ശം ആവര്‍ത്തിച്ചിരിക്കുകയാണ് ശശി തരൂര്‍. ഒരു ഓണ്‍ലൈന്‍ ലേഖനത്തിലാണ് തരൂര്‍ നിലപാട് ആവര്‍ത്തിച്ചത്. വാക്കുകളില്‍ ജാഗ്രത വേണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരുന്നു. 2013 മുതല്‍ താന്‍ ഇത് പറയുന്നതാണെന്നാണ് ശശി തരൂര്‍ പറയുന്നത്.