ഇനി ചെങ്കൊടിത്തണലില്‍;എസ്ഡിപിഐ ഭീഷണിയുള്ള ഹാരിസണ്‍-ഷഹാന ദമ്പതികള്‍ക്ക്‌ സിപിഎം സംരക്ഷണം

പ്രണയിച്ച്‌ വിവാഹം കഴിച്ചതിന്റെ പേരില്‍ എസ്ഡിപിഐയുടെ വധഭീഷണിയുണ്ടെന്ന്‌ ഫേസ്ബുക്ക്‌ ലൈവിലൂടെ വെളിപ്പെടുത്തിയ ഹാരിസണ്‍-ഷഹാന ദമ്പതികള്‍ക്ക്‌ സിപിഎം പിന്തുണ.
സിപിഎം ആറ്റിങ്ങല്‍ ഏരിയാ കമ്മിറ്റി ഓഫീസിലെത്തിയപ്പോള്‍ ഏരിയാ കമ്മിറ്റി നേതാക്കളാണ്‌ തങ്ങളുടെ പിന്തുണ ഹാരിസണെയും ഷഹാനായെയും അറിയിച്ചത്‌. ഇവര്‍ ആറ്റിങ്ങല്‍ ഏരിയാ കമ്മിറ്റി ഓഫീസിന്‌ മുന്നില്‍ രക്തഹാരം ചാര്‍ത്തി നില്‍ക്കുന്ന ചിത്രം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.

ഇന്നലെയാണ്‌ ഫേസ്ബുക്ക്‌ ലൈവിലൂടെ ഹാരിസണ്‍ എസ്ഡിപിഐക്കെതിരെയും വധുവിന്റെ വീട്ടുകാരില്‍ ചിലര്‍ക്കെതിരെയും കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചത്‌. “ഞാന്‍ ഏത്‌ നിമിഷം വേണമെങ്കിലും കൊല്ലപ്പെട്ടേക്കാം. എസ്ഡിപിഐ പ്രവര്‍ത്തകരും ഷഹാനയുടെ വീട്ടുകാരില്‍ ചിലരും എന്നെ കൊല്ലാന്‍ പരക്കം പായുകയാണ്‌. പ്രേമിച്ച പെണ്ണിനെ കെട്ടിപ്പോയതിന്‌ നാളെ കെവിനെ പോലെ ഞാനും പത്രക്കട്ടിങ്ങുകളില്‍ ഒതുങ്ങും” എന്നായിരുന്നു ഹാരിസണിന്റെ ഫേസ്ബുക്ക്‌ ലൈവ്‌.

ഒന്നരവര്‍ഷത്തെ പ്രണയത്തിനൊടുവിലാണ്‌ ആറ്റിങ്ങല്‍ സ്വദേശി ഹാരിസണും വളപട്ടണത്തുള്ള ഷഹാനയും ഒന്നായത്‌. മൂന്ന്‌ മാസം മുന്‍പാണ്‌ ഇവരുടെ പ്രണയം ഷഹാനയുടെ വീട്ടില്‍ അറിയുന്നത്‌. അതോടെ വിഷയം എസ്ഡിപിഐ ഏറ്റെടുക്കുകയായിരുന്നു. എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഹാരിസണെ ഫോണില്‍ വിളിച്ചു പലവട്ടം ഭീഷണിപ്പെടുത്തി. ഷഹാനയുമായുള്ള ബന്ധം അവസാനിപ്പിച്ചില്ലെങ്കില്‍ കൊന്നു കളയുമെന്നായിരുന്നു ഭീഷണി. എന്നാല്‍ ഇത്‌ വകവയ്ക്കാതെ ഇരുവരും ബന്ധം തുടര്‍ന്നു.

ഇതോടെ ഇരുവരെയും കോള്‍ കോണ്‍ഫറന്‍സിലിട്ട്‌ ഭീഷണിപ്പെടുത്തല്‍ തുടര്‍ന്നു. ആരെന്ത്‌ പറഞ്ഞാലും ഞങ്ങള്‍ ഒന്നിച്ചു ജീവിക്കുമെന്ന്‌ ഒരേ സ്വരത്തില്‍ തന്നെ ഹാരിസണും ഷഹാനയും പറഞ്ഞു. വീട്ടുകാര്‍ സമ്മതിച്ചില്ലെങ്കില്‍ വിളിച്ചിറക്കി കൊണ്ടുപോകും എന്ന്‌ ഹാരിസണ്‍ പറഞ്ഞപ്പോള്‍ “മലപ്പുറം കടന്ന്‌ വേണം ആറ്റിങ്ങലിലേക്ക്‌ പോകാന്‍, മലപ്പുറം കടക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല” എന്ന ഭീഷണിയായിരുന്നു എസ്ഡിപിഐയുടെ ഭാഗത്ത്‌ നിന്നുമുണ്ടായത്‌.

ഇത്രയുമായപ്പോള്‍ ഷഹാനയുടെ വിവാഹം ഉടന്‍ നടത്തണമെന്നായി എസ്ഡിപിഐ .അതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ആഴ്ച ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ഈ സമയം വീട്ടു തടങ്കലിലെന്ന പോലെ കഴിഞ്ഞിരുന്ന ഷഹാന, വീട്ടുകാരറിയാതെ ഹാരിസണെ ഫോണില്‍ ബന്ധപ്പെട്ട്‌ തന്നെ ഇവിടുന്ന്‌ കൊണ്ടുപോകണമെന്ന്‌ ആവശ്യപ്പെട്ടു. സുഹൃത്തുക്കളുടെ സഹായത്തോടെ വളപട്ടണത്തെത്തിയ ഹാരിസണ്‍ ,ഞായറാഴ്ച വൈകിട്ട്‌ വീട്ടുകാരുടെ കണ്ണു വെട്ടിച്ച്‌ പുറത്ത്‌ കടന്ന ഷഹാനയെ കാറില്‍ കയറ്റി രക്ഷപെടുകയായിരുന്നു .

മലപ്പുറം വഴി പോകാന്‍ കഴിയില്ലെന്നറിയാമായിരുന്നത്‌ കൊണ്ട്‌ കണ്ണൂരില്‍ നിന്നും വിരാജ്പേട്ട-മൈസൂര്‍-സത്യമംഗലം-കോയമ്പത്തൂര്‍ വഴി തൃശ്ശൂരെത്തി .ഈ സമയം നിരവധി കോളുകള്‍ വന്നിരുന്നു. അതോടെ ഫോണ്‍ സത്യമംഗലം കാട്ടില്‍ ഉപേക്ഷിച്ചു . ഇതിനിടെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഹാരിസണ്‍-ന്റെ സുഹൃത്തുക്കളെ വിളിച്ചു ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു
ആറ്റിങ്ങലിലെത്തിയ ശേഷം 17 ന്‌ പൊയ്കവിളയില്‍ ദേവീക്ഷേത്രത്തില്‍ വച്ച്‌ ഇരുവരും വിവാഹം കഴിച്ചു.

വിവാഹശേഷം സുഹൃത്തുക്കളുടെ സംരക്ഷണയോടെ ഒളിവില്‍ കഴിയുകയായിരുന്നു. ഇതിനിടെ ഹാരിസണിന്റെ വീട്ടിലെത്തിയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ “പച്ചയ്ക്ക്‌ രണ്ടിനെയും കത്തിക്കുമെന്നും വീട്ടുകാരെ തീര്‍ത്തുകളയുമെന്നും” ഭീഷണിപ്പെടുത്തി. ഇതോടെ ഒരുമിച്ചു ജീവിക്കാന്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ അനുവദിക്കില്ലെന്ന്‌ മനസ്സിലായതോടെയാണ്‌ ഹാരിസണ്‍ തന്റെ തങ്ങളുടെ ജീവന്‌ ഭീഷണിയുണ്ടെന്ന്‌ ലൈവിലെത്തി ഫേസ്ബുക്ക്‌ പേജ്‌ വഴി പറഞ്ഞത്‌.

പോസ്റ്റ്‌ വൈറലായതോടെ ഡിവൈഎഫ്‌ഐ ജില്ലാ നിര്‍വാഹകസമിതി അംഗം ആര്‍ എസ്‌ അനൂപിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി നേതാക്കള്‍ ഹാരിസണിന്റെ വീട്ടിലെത്തുകയും പൂര്‍ണ്ണ സംരക്ഷണം ഒരുക്കാമെന്നറിയിക്കുകയും ചെയ്തു. ബിജെപി പ്രവര്‍ത്തകരും സഹായഹസ്തവുമായെത്തി. ഉടന്‍ സുഹൃത്തുക്കള്‍ ഒളിവില്‍ കഴിഞ്ഞ ഇരുവരെയും വിളിച്ചു വരുത്തി

കാണ്മാനില്ല എന്ന്‌ ഇരുവരുടെയും വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നതു കൊണ്ട്‌ ആദ്യം ആറ്റിങ്ങല്‍ പൊലീസ്‌ സ്റ്റേഷനില്‍ ഹാജരാക്കി.പൊലീസ്‌ രണ്ടുപേരെയും കോടതിയില്‍ ഹാജരാക്കിയ ശേഷം ജാമ്യം നല്‍കി. ഷഹാനയെ വളപട്ടണം പൊലീസ്‌ സ്റ്റേഷനില്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചതു കൊണ്ട്‌ പൊലീസ്‌ അതിനായുള്ള തയ്യാറെടുപ്പിലാണ്‌. ഇവര്‍ക്ക്‌ പൂര്‍ണ്ണ സംരക്ഷണം നല്‍കി ഡിവൈഎഫ്‌ഐ നേതാക്കളും ഒപ്പമുണ്ട്‌. വളപട്ടണത്ത്‌ സംഘര്‍ഷം ഉണ്ടാകാതിരിക്കാനുള്ള സജ്ജീകരണങ്ങളും നടത്തിയിട്ടുണ്ട്‌

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ