ഒടുവില്‍ എസ്.ഡി.പി.ഐയെ ‘കരിമ്പട്ടികയില്‍’പ്പെടുത്തി സി.പി.എം

തിരുവനന്തപുരം: ഒടുവില്‍ എസ്.ഡി.പി.ഐയെ ‘കരിമ്പട്ടികയില്‍’പ്പെടുത്തി സി.പി.എം. തദ്ദേശസ്ഥാപനങ്ങളില്‍ എവിടെ പാര്‍ട്ടിക്ക് എസ്.ഡി.പി.ഐ പിന്തുണ നല്‍കിയിട്ടുണ്ടെങ്കിലും അത് ഉപേക്ഷിക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റാണ് നിര്‍ദ്ദേശം നല്‍കിയത്.

അഭിമന്യു വധത്തിനു പിന്നാലെ സി.പി.എമ്മിനു എസ്.ഡി.പി.ഐയുമായി ബന്ധമുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താനും സി.പി.എം കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പാര്‍ട്ടി വര്‍ഗ്ഗ ബഹുജന സംഘടനകളായ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ സംഘടനകളില്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ, കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ നുഴഞ്ഞ് കയറിയിട്ടുണ്ടെങ്കില്‍ അവരെ പുറത്താക്കാനും ജാഗ്രത പാലിക്കാനും ചുമതലയുള്ള സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്ക് സി.പി.എം നിര്‍ദ്ദേശം നല്‍കി.

ഇതിന്റെ ഭാഗമായി എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ സംഘടനകളില്‍ സംസ്ഥാന – ജില്ലാ – ഏരിയ – വില്ലേജ് – യൂണിറ്റ് കമ്മറ്റി അംഗങ്ങളില്‍ സി.പി.എം അംഗങ്ങളായവരുടെ യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കും.

യുവജന – വിദ്യാര്‍ത്ഥി സംഘടനകളുടെ മെമ്പര്‍ഷിപ്പ് വിതരണത്തിലും മേലില്‍ ശരിയായ പരിശോധനയും പശ്ചാത്തലവും നോക്കാനാണ് സി.പി.എം നിര്‍ദ്ദേശം.

WhatsApp Image 2018-07-19 at 11.07.39 PM

ഈ ജാഗ്രത പുതിയ കാന്‍ഡിഡേറ്റ് അംഗങ്ങളെ ചേര്‍ക്കുമ്പോള്‍ പാര്‍ട്ടി ഘടകങ്ങളും പാലിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ധാരണയായിട്ടുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പു മുതല്‍ ഇനി സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമ്പോഴും പിന്തുണക്കുമ്പോഴും ഭരണസമിതി രൂപീകരിക്കുമ്പോഴുമെല്ലാം എസ്.ഡി.പി.ഐയെ പൂര്‍ണ്ണമായും അകറ്റി നിര്‍ത്തും.

വര്‍ഗ്ഗീയത ഉയര്‍ത്തുന്ന ഭീഷണിക്കെതിരെ ശക്തമായ കാമ്പയിന്‍ സംസ്ഥാനത്ത് നടത്താനും സി.പി.എം നേതൃയോഗത്തില്‍ ധാരണയായി.

പാര്‍ട്ടി സംസ്ഥാന കമ്മറ്റിയില്‍ സെക്രട്ടറിയേറ്റ് തീരുമാനം റിപ്പോര്‍ട്ട് ചെയ്ത് അംഗീകാരം നേടിയ ശേഷം കീഴ്ഘടകങ്ങള്‍ക്ക് അയച്ചു കൊടുക്കും.

അഭിമന്യു വധക്കേസിന് പിന്നാലെ സിപിഎം-എസ്ഡിപിഐ ബന്ധം സംബന്ധിച്ച് വിവിധ കോണുകളില്‍ നിന്നുയര്‍ന്ന ആക്ഷേപങ്ങളാണ് സെക്രട്ടേറിയേറ്റില്‍ ചര്‍ച്ചയ്ക്ക് ഇടയാക്കിയത്.

അഭിമന്യു വധത്തിന് പിന്നാലെ തിരുവനന്തപുരത്തെ ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ എസ്ഡിപിഐയുടെ പിന്തുണ സ്വീകരിച്ചതും രൂക്ഷമായ വിമര്‍ശനത്തിനു കാരണമായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ