പ്രതിപക്ഷ നേതൃസ്ഥാനത്തില്‍ പിടിവാശിയില്ലെന്ന് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതൃസ്ഥാനത്തില്‍ പിടിവാശിയില്ലെന്ന് രാഹുല്‍ഗാന്ധി. പ്രതിപക്ഷ നേതാക്കളില്‍ ആരേയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് പിന്തുണയ്ക്കും. മമത ബാനര്‍ജി, മായാവതി എന്നിവര്‍ പ്രധാനമന്ത്രി ആകുന്നതില്‍ വിയോജിപ്പില്ല. രാഹുല്‍ഗാന്ധിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിപക്ഷ നേതാക്കള്‍ വിയോജിപ്പ് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുലിന്റെ പുതിയ നിലപാട്.

അതേസമയം, പ്രധാനമന്ത്രി പദവിയിലേക്കുള്ള പോരാട്ടത്തില്‍ രാഹുല്‍ തനിച്ചല്ലെന്ന് പ്രഖ്യാപിച്ച് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ചിരുന്നു കണ്ടെത്തുമെന്നാണ് തേജസ്വി പട്‌നയില്‍ അറിയിച്ചത്.

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, എന്‍സിപി നേതാവ് ശരദ് പവാര്‍, ബിഎസ്പി നേതാവ് മായാവതി തുടങ്ങിയ നേതാക്കളുണ്ട്. ഐക്യപ്രതിപക്ഷം നാമനിര്‍ദേശം ചെയ്യുന്ന ഏതു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെയും ആര്‍ജെഡി പിന്തുണയ്ക്കും. പ്രധാനമന്ത്രി പദം ഒരു വിഷയമല്ല, രാജ്യത്തെ ബാധിക്കുന്ന മറ്റു നിരവധി വിഷയങ്ങളുണ്ടെന്നും തേജസ്വി വ്യക്തമാക്കിയിരുന്നു.

ഭരണഘടനയെ സംരക്ഷിക്കുന്ന നേതാവിനെയായിരിക്കണം പ്രതിപക്ഷ കക്ഷികള്‍ പ്രധാനമന്ത്രി പദവിയിലേക്കു കൊണ്ടുവരേണ്ടത്. രാഹുല്‍ ഗാന്ധി ചിലപ്പോള്‍ പ്രധാനമന്ത്രി ആയേക്കാം. ബിജെപി ഇതര വിശാലസഖ്യത്തിനായി രാഹുല്‍ എല്ലാ പാര്‍ട്ടികളെയും ഒരുമിച്ച് കൊണ്ടുവരണമെന്നും തേജസ്വി പറഞ്ഞു.