മുതിര്‍ന്നവര്‍ വന്നില്ലെങ്കില്‍ ആ ചടങ്ങ് നാഥനില്ലാത്തത് പോലെയായിപ്പോകും: മോഹന്‍ലാലിന് പിന്തുണയുമായി ഇന്ദ്രന്‍സ്

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ ക്ഷണിച്ചതിനെതിരെ നിരവധിപ്പേര്‍രംഗത്ത് വന്നിരുന്നു. ഇത് സംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ പുനപരിശോധിക്കണം എന്നാവശ്യപ്പെട്ടു ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. , വിഷയട്ടില്‍ ഇതുവരെ പ്രതികരിക്കാത്ത നടനും ഈ വര്‍ഷത്തെ മികച്ച നടനുള്ള പുരസ്‌കാര ജേതാവുമായ ഇന്ദ്രന്‍സ് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍.

‘എന്റെ കാര്യം അറിയാമല്ലോ. ‘സ്ഫടികം’ ‘തൂവാനത്തുമ്പികള്‍’ പോലെയുള്ള സിനിമകളില്‍ അദ്ദേഹവുമായി സഹകരിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ സാര്‍ ആണെങ്കിലും മമ്മൂട്ടി സാര്‍ ആണെങ്കിലും, അവരുടെ ചൂടും ചൂരും അനുഭവിച്ചാണ് ഇങ്ങനെ വളര്‍ന്ന് വന്നത്. അവരുടെയൊക്കെ സാന്നിദ്ധ്യം എനിക്ക് വലിയ ഊര്‍ജ്ജമാണ്, ഉത്സാഹമാണ്. സിനിമ ഒരു കുടുംബം പോലെയാണ്. അപ്പോള്‍ മുതിര്‍ന്നവര്‍ വന്നില്ലെങ്കില്‍ ആ ചടങ്ങ് നാഥനില്ലാത്തത് പോലെയായിപ്പോകും ഇന്ദ്രന്‍സ് വ്യക്തമാക്കി. പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അവര്‍ വന്നിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. എന്നാല്‍, മാഹന്‍ലാലിനെ ക്ഷണിച്ചതിനെതിരെ വ്യത്യസ്ത അഭിപ്രായം പറയാന്‍ കാരണം എന്ന് എനിക്കറിയില്ല, ഇന്ദ്രന്‍സ് പറഞ്ഞു. തന്നെപ്പോലെ ഒരാള്‍ക്ക് അപൂര്‍വ്വമായിട്ടാണ് ഇങ്ങനെ ഒരവസരം വരുന്നതെന്നും അപ്പോള്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുരസ്‌കാരത്തിനായി മത്സരിച്ചവരില്‍ ഒരാള്‍ തന്നെ മുഴുവന്‍ പുരസ്‌കാര ജേതാക്കളെയും മുഖ്യമന്ത്രിയേയും മറി കടന്ന് ചടങ്ങില്‍ മുഖ്യാഥിതിയാകുന്നത് ഔചിത്യമല്ലെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. പ്രകാശ് രാജ്, എന്‍.എസ് മാധവന്‍, രാജീവ് രവി, റിമ കല്ലിങ്കല്‍ തുടങ്ങി 105പേര്‍ ഒപ്പിട്ട പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം, എന്നാല്‍ തന്നെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അതുകൊണ്ടുതന്നെ അറിയാത്ത കാര്യത്തെക്കുറിച്ചു എങ്ങിനെയാണ് അഭിപ്രായം പറയുകയെന്ന് മോഹന്‍ലാല്‍ ചോദിച്ചു.

‘എന്നെ ക്ഷണിച്ചാല്‍ തന്നെ പോകണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടതു ഞാനാണ്. ക്ഷണിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. എല്ലാക്കാലത്തും സര്‍ക്കാരുകളോട് രാഷ്ട്രീയം നോക്കാതെ ബഹുമാനത്തോടെയാണു ഞാന്‍ പെരുമാറിയിട്ടുള്ളത്. അവാര്‍ഡ് കിട്ടിയതും കിട്ടാത്തതുമായ ചടങ്ങുകള്‍ക്കു മുന്‍പും ഞാന്‍ പോയിട്ടുണ്ട്. ഇപ്പോള്‍ ക്ഷണംപോലും കിട്ടാത്ത കാര്യത്തെക്കുറിച്ച് എങ്ങനെയാണു പ്രതികരിക്കുക. ഞാനിപ്പോള്‍ സമാധാനത്തോടെ വണ്ടിപ്പെരിയാറില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. അതുതന്നെയാണ് എന്റെ ജോലിയും’. മോഹന്‍ലാല്‍ പറഞ്ഞു.

തിരുവനന്തപുരത്ത് ഓഗസ്റ്റ് എട്ടിനു നടക്കുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ ക്ഷണിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പേരു പറയാതെ എതിര്‍പ്പുമായി ഒരു സംഘം രംഗത്തെത്തിയത്.

എഴുത്തുകാരായ എന്‍.എസ്.മാധവന്‍, സച്ചിദാനന്ദന്‍, കെ.ജി.ശങ്കരപ്പിള്ള, സേതു, എം.എന്‍.കാരശേരി, സി.വി.ബാലകൃഷ്ണന്‍, വി.ആര്‍.സുധീഷ്, സുസ്‌മേഷ് ചന്ദ്രോത്ത്, കെ.ഇ.എന്‍.കുഞ്ഞഹമ്മദ്, സിനിമാ മേഖലയില്‍നിന്ന് രാജീവ് രവി, എം.ജെ.രാധാകൃഷ്ണന്‍, പ്രിയനന്ദനന്‍, സിദ്ധാര്‍ഥ് ശിവ, ഡോ.ബിജു, സനല്‍കുമാര്‍ ശശിധരന്‍, പ്രകാശ് ബാരെ, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, സജിത മഠത്തില്‍ തുടങ്ങിയവരാണു നിവേദനത്തില്‍ ഒപ്പിട്ടിട്ടുള്ളത്. വൈസ് ചെയര്‍പഴ്‌സന്‍ ബീന പോള്‍ ഉള്‍പ്പെടെ ചലച്ചിത്ര അക്കാദമി ഭാരവാഹികള്‍ ചിലരും നിവേദനത്തില്‍ ഒപ്പുവച്ചതോടെ വിഷയത്തില്‍ അക്കാദമിയിലെ ഭിന്നത പുറത്തുവന്നു.