ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രകടനത്തില്‍ സന്തോഷമുണ്ട്; പ്രതികരണവുമായി ഡേവിഡ് ജെയിംസ്

ഫുട്‌ബോള്‍ പ്രേമികള്‍ ആവേശത്തോടെ കാത്തിരുന്ന ലാലിഗ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ തോല്‍വിയോടെയായിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സ് തുടക്കം കുറിച്ചത്. സ്സവവന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ആറ് ഗോളുകള്‍ക്ക് മെല്‍ബണ്‍ സിറ്റി മഞ്ഞപ്പടയെ തടഞ്ഞ് നിര്‍ത്തി. മറുപടി നല്‍കാന്‍ പോലും ബ്ലാസ്‌റ്റേഴ്‌സിന് അവസരം കിട്ടിയില്ല. നാണംക്കെട്ട തോല്‍വി വഴങ്ങിയെങ്കിലും പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് മഞ്ഞനിര കാഴ്ചവെച്ചത്. അതേസമയം, ടീമിന്റെ പ്രകടനത്തില്‍ സന്തോഷമുണ്ടെന്നാണ് പരിശീലകന്‍ ഡേവിഡ് ജെയിംസ് അറിയിച്ചത്.

‘ പരാജയത്തില്‍ സന്തോഷവും നിരാശയുമുണ്ട്, എന്നാലും സ്‌കോര്‍ലൈന്‍ നിരാശപ്പെടുത്തുന്നുണ്ട്. താരങ്ങളുടെ പ്രകടനം പ്രതീക്ഷ പകരുന്നതാണ്. കടുത്ത എതിരാളികളായിരുന്നു മെല്‍ബണ്‍. മികച്ച എതിരാളികളെ നേരിട്ടത് ഭാവിയില്‍ ടീമിന് ഗുണകരമാവും’ ഡേവിഡ് ജെയിംസ് പറഞ്ഞു.

ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ നേടിയ മെല്‍ബണ്‍ രണ്ടാം പകുതിയില്‍ നാല് തവണ ബ്ലസ്റ്റേഴ്‌സിന്റെ വല ചലിപ്പിച്ചു. ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് നടത്തിയെങ്കിലും മെല്‍ബണ്‍ പ്രതിരോധം ശക്തമായി നേരിട്ടു. മെല്‍ബണ് വേണ്ടി യുവതാരം റിലി മക്ഗ്രീ ഇരട്ടഗോളുകള്‍ നേടി. ഓരോ ഗോളും വഴങ്ങുമ്പോഴും തോറ്റവരുടെ ശരീര ഭാഷയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്. ഇതോടെ എതിരാളികളുടെ പ്രതിരോധം എളുപ്പായി. ഒരു ഗോളെങ്കിലും പിറന്നു കാണാന്‍ കാത്തിരുന്ന മഞ്ഞപ്പട നിരാശരായി മടങ്ങി. 27ന് മെല്‍ബണ്‍ സിറ്റി ജിറാണയെ നേരിടുമ്പോള്‍ ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം 28ന് ലാലിഗ ക്ലബ് ജിറോണാ എഫ് സിക്കെതിരെയാണ്.

30ാം മിനിറ്റില്‍ ദാരിയോ വിദോസിചിന്റെ ഹെഡറിലൂടെ മെല്‍ബണ്‍ സിറ്റി എഫ്‌സി ആദ്യ ഗോള്‍ നേടി. അതിന്റെ ഞെട്ടലില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സ് വിമുക്തരാകും മുമ്പേ മൂന്ന് മിനിറ്റുകള്‍ക്കപ്പുറം വീണ്ടും ബ്ലാസ്റ്റേഴ്‌സ് വല കുലുങ്ങി. റിലേ മക്ഗ്രിയുടെ കാലില്‍ നിന്ന് തൊടുത്ത ഷോട്ട് ലക്ഷ്യം തെറ്റാതെ ബ്ലാസ്റ്റേഴ്‌സ് വല കുലുക്കി. 56ാം മിനിറ്റില്‍ വീണ്ടും റിലേ മക്ഗ്രീയുടെ ഗോളിലൂടെ നാലാം ഗോള്‍ പിറന്നു. ചില ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് നടത്തിയെങ്കിലും മെല്‍ബണ്‍ പ്രതിരോധം ഫലപ്രദമായി ഇടപെട്ടു കൊണ്ടിരുന്നു. 73ാം മിനിറ്റില്‍ ഒന്നിലധികം മെല്‍ബണ്‍ താരങ്ങളെ കബളിപ്പിച്ച് പെക്കൂസണ്‍ നല്‍കിയ പാസ്സ് പക്ഷേ, മുതലെടുക്കാന്‍ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റത്തിന് സാധിച്ചില്ല.75ാം മിനിറ്റില്‍ രാമി നജരൈനും 79ാം മിനിറ്റില്‍ ബ്രൂണോ ഫൊര്‍ണറോലിയും ലക്ഷ്യം കണ്ടതോടെ മെല്‍ബണിന്റെ ഗോള്‍ നേട്ടം ആറായി. ഇതോടെ മെല്‍ബണിന്റെ ഗോള്‍ മഴയില്‍ മഞ്ഞപ്പക്കടല്‍ തകരുകയായിരുന്നു.