വൈറ്റ് ഹൗസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇവാന്‍ക ട്രംപ് ബിസിനസ്സ് അവസാനിപ്പിക്കുന്നു

അമേരിക്കന്‍ പ്രസിഡന്റിന്റെ മകളും, വൈറ്റ് ഹൈസ് ഉപദേഷ്ടാവുമായ ഇവാന്‍ക ബിസ്സിനസ്സ് അവസാനിപ്പിക്കുന്നു. ഇവാന്‍കയുടെ ഉടമസ്ഥതയിലുള്ള ഫാഷന്‍ലൈനാണ് അടച്ചു പൂട്ടുന്നത്. വൈറ്റ് ഹൗസിലെ ഉപദേഷ്ടാവ് എന്ന നിലയില്‍ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഫാഷന്‍ ലൈന്‍ അടച്ചുപൂട്ടുന്നത്.

17 മാസമായി വാഷിംങ്ടണിലുണ്ടെന്നും ഭാവിയില്‍ എപ്പോഴെങ്കിലും ബിസിനസ്സിലേക്ക് തിരിച്ചുപോകുമോ എന്നറിയില്ലെന്നും വൈറ്റ് ഹൗസിലെ ഉപദേഷ്ടാവെന്ന നിലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണെന്നും ഇവാന്‍ക വ്യക്തമാക്കി. ലൈസന്‍സ് പുതുക്കിയില്ലെന്നും, എന്നാല്‍ അവരുടെ കമ്പനി പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കുമെന്നും കമ്പനി വ്യക്തമാക്കി. സ്ത്രീകള്‍ക്കുള്ള വസ്ത്രങ്ങള്‍, ഷൂസ്‌, ആക്സ്സസറീസ് എന്നിവ ഈ ലേബലില്‍ തന്നെ വില്‍ക്കും. 11 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍, 18 ജീവനക്കാരാണ് ജോലി ചെയ്തിരുന്നത്.

ഇവാന്‍കാ ട്രംപിന്റെ ഭര്‍ത്താവും റിയല്‍ എസ്റ്റേറ്റ് വ്യാപാരിയുമായ ജാരെദ് കുഷ്‌നര്‍ ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേറ്റതിന് പിന്നാലെ പ്രസിഡന്റിന്റെ ഉപദേഷ്ട സ്ഥാനം സ്വീകരിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റുമായി അടുത്ത് ഇടപഴകുന്ന സ്ഥാനമാനങ്ങളില്‍ ഡൊണാള്‍ഡ് ട്രംപിന്റെ ഇഷ്ടക്കാരെ തിരുകി കയറ്റിയെന്ന ആരോപണം ഉയര്‍ന്നിരുന്നു.

ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ ഭരണത്തിലും വൈറ്റ് ഹൗസിലേയും സ്ഥിരം സാന്നിധ്യമായി മോഡലായ ഇവാന്‍ക ട്രംപ് മാറിയിരുന്നു. ട്രംപ് മറ്റ് വിദേശ രാജ്യ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകളിലെ ഇവാന്‍ക ട്രംപിന്റെ സാന്നിദ്ധ്യം രാജ്യ ഭരണം ബിസിനസ്സായി മാറ്റുന്നു എന്ന ആരോപണത്തിനാണ് വഴിവെച്ചത്.