‘മീശ’ പിന്‍വലിക്കേണ്ടി വന്നാല്‍ മലയാളത്തിലെ പല ക്ലാസിക്കുകളും പിന്‍വലിക്കേണ്ട അസ്ഥയുണ്ടാകുമെന്ന് രവി ഡിസി

തിരുവനന്തപുരം: എസ് ഹരീഷിന്റെ വിവാദമായ മീശ എന്ന നോവല്‍ പിന്‍വലിക്കേണ്ടി വന്നാല്‍ മലയാളത്തിലെ പല ക്ലാസിക്കുകളും പിന്‍വലിക്കേണ്ട അസ്ഥയുണ്ടാകുമെന്ന് ഡിസി ബുക്‌സിന്റെ മാനേജിംഗ് ഡയറക്ടര്‍ രവി ഡിസി. മീശ എന്ന നോവല്‍ പുസ്തക രൂപത്തില്‍ ഇന്നലെ മുതല്‍ വിപണിയില്‍ എത്തിക്കഴിഞ്ഞു എന്നും രവി ഡിസി അറിയിച്ചു. മീശയുടെ ഓണ്‍ലൈന്‍ പതിപ്പും മാര്‍ക്കറ്റില്‍ ലഭ്യമാണ്. മീശ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ നല്‍കിയ ഹര്‍ജിയുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു രവി ഡിസി.

ആര് എന്ത് എഴുതണം എന്ന് ആരുടെയും തീരുമാനത്തിന് വിധേയമാകരുത് എന്ന നിര്‍ബന്ധം കൂടി ഡിസി ബുക്‌സിനുണ്ട്. ഹരീഷ് എന്താണോ എഴുതിയിട്ടുള്ളത്, അതാണ് ഞങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത് എന്നും രവി ഡിസി പറഞ്ഞു.

മീശ നോവല്‍ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും വിലക്കണം എന്നാവശ്യപ്പെട്ട് ഡല്‍ഹിയില് സ്ഥിര താമസമാക്കിയിരിക്കുന്ന മലയാളി രാധാകൃഷ്ണന്‍ വരേണിക്കലാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. നോവലില്‍ സ്ത്രീത്വത്തെ മുഴുവനായും അമ്പലത്തില്‍ പോകുന്ന സ്ത്രീകളെ തെറ്റായും ചിത്രീകരിച്ചിരിക്കുന്നു. ലൈംഗീക ഉപകരണമായാണ് സ്ത്രീയെ വിശേഷിപ്പിക്കുന്നത്. ബ്രാഹ്മണര്‍ക്ക് എതിരെ നോവലില്‍ ഉള്ള ചില പരാമശങ്ങള്‍ വംശീയ അധിക്ഷേപം ആണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.