ജലന്ധര്‍ ബിഷപ്പിനെതിരായ കേസ്: അന്വേഷണ സംഘത്തിന് വത്തിക്കാന്‍ പ്രതിനിധിയെ കാണാനായില്ല; മുന്‍കൂര്‍ അനുമതി വാങ്ങാതെ കാണാന്‍ കഴിയില്ലെന്ന് വത്തിക്കാന്‍ എംബസി

ന്യൂഡല്‍ഹി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ മൊഴി എടുക്കുന്നതിനായി അന്വേഷണ സംഘത്തിന് വത്തിക്കാന്‍ പ്രതിനിധിയെ കാണാനായില്ല. പൊലീസ് സംഘത്തെ സുരക്ഷാ ജീവനക്കാര്‍ മടക്കി അയച്ചു. മുന്‍കൂര്‍ അനുമതി വാങ്ങാതെ കാണാന്‍ കഴിയില്ലെന്ന് വത്തിക്കാന്‍ എംബസി അറിയിച്ചു. ഇതേ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള പൊലീസ് സംഘം എംബസിയില്‍ നിന്ന് മടങ്ങി. തിങ്കളാഴ്ച മൊഴിയെടുക്കുമെന്നാണ് സൂചന. അന്വേഷണസംഘം ഉജ്ജ്വയിനിലേക്ക് പോയി.

അന്വേഷണ സംഘം ഇന്ന് ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധിയുടെ മൊഴിയെടുക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.ഡല്‍ഹിയില്‍ വൈക്കം ഡിവൈഎസ്പി യുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്താനെത്തിയത്.

അന്വേഷണം സംഘം നാളെ ജലന്ധറിലേക്ക് പുറപ്പെടാനാണ് തീരുമാനിച്ചത്. ജലന്ധറിലെ നടപടികള്‍ക്കായി കേരള പോലീസ് പഞ്ചാബ് പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ വൈദികന്‍ ശ്രമിച്ച സംഭവത്തില്‍ ജലന്ധര്‍ രൂപതയുടെ പങ്കും പൊലീസ് അന്വേഷിക്കും. കന്യാസ്ത്രീ പരാതി നല്‍കിയ ജൂണ്‍ 28 മുതല്‍ ഫാ. ജെയിംസ് ഏര്‍ത്തയില്‍ നടത്തിയ ഫോണ്‍ വിളിയുടെ വിശദാംശങ്ങളും അന്വേഷണ സംഘം ശേഖരിക്കും.

നേരത്തെ ബിഷപ്പ് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ജൂലൈ അഞ്ചിന് ചങ്ങനാശ്ശേരി മജിസ്ട്രേറ്റിനു മുന്നില്‍ കന്യാസ്ത്രീ രഹസ്യ മൊഴിയും നല്‍കിയിരുന്നു.