അയാൾ ശവത്തെ പ്രാപിക്കുന്നത് കണ്ടിട്ടുണ്ടോ?

നവീന സുഭാഷ്

കത്തിയും മുള്ളും ഉപയോഗിച്ചാണ് സെമിത്തേരിയിലെ ഓരോ കല്ലറകളും അയാൾ ഇളക്കി നോക്കിയത്….

കെട്ടി വരിഞ്ഞുവെച്ച പല ഉടലുകളും കെട്ടുകൾ പൊട്ടിച്ച് പുഴുക്കൾ അരിച്ച് തീർത്തിരുന്നു…

മുഖങ്ങൾ പാതി തിന്നപ്പെട്ടവയും മുഴുവനായി തീർന്ന് പോയവയുമായിരുന്നു…

ചിലത് മനുഷ്യാകൃതിയുള്ള മൺപുറ്റുകളായിരുന്നു…

ഓരോ കുഴിമാടത്തിലേക്കും പതിവ് പോലെ അയാൾ ഇറങ്ങിയിരുന്നു…

കത്തിയും മുള്ളും പതിയെ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു…

എളുപ്പത്തിൽ വിവസ്ത്രനാവുക എന്നത് അയാളുടെ കഴിവുകളിൽ
പ്രധാനപ്പെട്ടത് തന്നെയാണ്…

ഊരിയെറിഞ്ഞ ഉടുപ്പുകൾ പിന്നീട് ഉടലിൽ തുന്നിച്ചേർക്കാൻ പോലും അയാൾക്ക് കഴിയാറില്ല എന്നത് മറ്റൊരു വസ്തുതയാണ്…

പിന്നീട് പുറത്ത് ചാടുന്ന അയാളുടെ ആയുധങ്ങൾ പല്ലും നഖവും ലിംഗവും എന്തിന് പറയണം രോമങ്ങൾ ഉൾപ്പെടെ കഠാരയേക്കാൾ മൂർച്ചയുള്ളവയായിരുന്നു…

ഓരോന്നിലേക്കും അവ ആഴ്ത്തിയിറക്കുന്നു…
പതിവ് പോലെത്തന്നെ!

അത് ആദ്യമൊക്കെ ജീവനുള്ളവയെ മാത്രം തിരഞ്ഞായിരുന്നു ഊര് ചുറ്റിയിരുന്നത്…

പിന്നീടത് പാതി ചലനമറ്റ വയെത്തേടിയാണ് പുറപ്പെട്ട് പോയിരുന്നത്…

മറ്റെപ്പോഴോ അത് മുഴുവൻ തളർന്നതിൽ തൃപ്തനായിക്കണ്ടു…

എപ്പോഴാണ് ശവങ്ങളിലേക്കും ശവങ്ങളിൽ നിന്ന് ജീർണ്ണ ശവങ്ങളിലേക്കും അയാൾ തന്റെ അഭിനിവേശത്തെ താഴ്ത്തിവെച്ചതെന്നറിയില്ല…

ഒന്നുറപ്പാണ്…

ഞാൻ ജീവിച്ചിരുന്നപ്പോൾ
എന്റെ പിടയ്ക്കുന്ന ഉടലിൽ ധ്യാനിക്കാൻ ഇടക്കിടെ വരാറുണ്ടായിരുന്ന അയാൾ കുമ്പസാരക്കൂടു പോലെ പവിത്രമായ എന്റെ കാതുകളിലേക്ക് മാറി മാറി നരച്ച കുറ്റി രോമങ്ങൾ ഉള്ള മുഖം അമർത്തിവെച്ച് പറഞ്ഞത് ഞാൻ ഓർക്കുന്നുണ്ട്…

മരിച്ചു പോയ അയാളുടെ പ്രിയതമയുടെ ഉയിര് തൊട്ടാണ് മടങ്ങുന്നതെന്ന്…

കറുപ്പും വെളുപ്പും എള്ളെണ്ണനിറവും ഗോതമ്പ് നിറവുമെല്ലാം വേറിട്ട ഉടൽ ഗന്ധം സമ്മാനിക്കുമ്പോഴും എല്ലാറ്റിലും അവളുടെ മുഖം മാത്രമേ കാണാൻ കഴിഞ്ഞിരുന്നുള്ളൂ എന്ന്…

പിന്നീട് കടന്ന് വന്നവർ വിരുന്നുകാർ മാത്രമായിരുന്നെന്ന്…

ഞാനുൾപ്പെടെ കൈത്താങ്ങുകാരുടെ ഒരു പെൺപട തന്നെ ആയാളുടെ ലിംഗത്തിൽ കടന്നലുകളായിരുന്നത്രെ..

ഒന്നിനുപോലും അയാളെ കുത്തിനോവിക്കാൻ കഴിഞ്ഞിരുന്നില്ല…

എല്ലാ ജീവനുകളെയും അത്രമേൽ ആവാഹിക്കാൻ ത്രാണിയുണ്ടെന്ന് അയാൾക്ക്‌ തന്നെയുള്ള ആത്മവിശ്വസത്തിന് പകരം വെയ്ക്കാൻ മറ്റൊന്നുമുണ്ടായിരുന്നില്ല..

അയാളുടെ വാരിയെല്ലിന് കാട്ട്പോത്തിന്റെ ബലവും
അടിവയറിന് നീർനായയുടെ ഗന്ധവും
ഉണ്ടായിരുന്നു…

മുതുകെല്ല് പുലിത്തോലിൽ പൊതിഞ്ഞ് വെച്ചതാണെന്ന് തോന്നിക്കും…

കട്ടിപ്പുരികങ്ങളും കറുത്ത് വെളുത്ത കുറ്റിരോമങ്ങളും കട്ടിമീശയുംചുളിവുകളാൽ ആവൃതമായ ഇറുങ്ങിയ വലതുകണ്ണും നാൽപ്പത്തി രണ്ട് പല്ലുകളും പുറത്ത് കാട്ടിയുള്ള കൊമ്പൻ ചിരിയും സിംഹ ലക്ഷണം കാണിച്ച് തരാറുണ്ട്…

അഴകാർന്ന മന്ദഹാസത്തോടെ മാത്രമേ ഓരോന്നിന്നെയും അയാൾ പ്രാപിച്ചിരുന്നുള്ളൂ…

ഞാൻ മരിച്ചതിൽപ്പിന്നെ ഒറ്റത്തവണയാണ് അയാൾ എന്നെ കാണാനെത്തിയത്…

മരണസമയത്ത് അയാളെ കാണാനുള്ള വ്യഗ്രതയാൽ കേൾക്കാനുള്ള അനിർവ്വചനീയ ത്വരയാൽ ഞാനെത്ര പിടഞ്ഞിരുന്നെന്നോ?

വന്നില്ല…. കണ്ടില്ല…

കണ്ണുകൾ അടയാതെയാണ് ഞാൻ പോയത്…

അയാൾ അപ്പോൾ പഴയതിനെ തിരിച്ച് പിടിക്കാനുള്ള തിരക്കിൽ നെട്ടോട്ടത്തിലായിരുന്നു…

എനിക്കറിയാമായിരുന്നു…
അത് സംഭവിക്കുക തന്നെ ചെയ്യും…

ഇന്നലെകൾ വേട്ടയാടാനുള്ളതാണല്ലോ അയാളുടെ ജീവിതം തന്നെ…

അങ്ങനെ ഒരു ഇന്നലെയായിരിക്കുമോ ഇന്നലത്തെ ഇന്നലെ?

പാപഭാരം താങ്ങാനുള്ള കരുത്ത് അയാൾ മുൻപേ നേടിക്കഴിഞ്ഞിരുന്നു…

അപ്പോഴൊക്കെ അയാൾ കരയുകയും അലറുകയും ഭ്രാന്തനായി ഊര് തെണ്ടുകയും ചെയ്തിരുന്നു…

ഇന്ന് മുട്ടുകാലിലിഴഞ്ഞും നിരങ്ങിയും പിച്ചവെച്ചും അയാൾ പടവുകൾ താണ്ടി നിവർന്ന് നടക്കുമ്പോൾ….

എന്റെ ചേലത്തുമ്പ് തേഞ്ഞ് തേഞ്ഞ് തീർന്ന് പോയിരിക്കുന്നു…

വിവസ്ത്രമാക്കപ്പെട്ട ഉടൽ
മുഖമില്ലാത്ത തലയും മൺപ്പുറ്റിൻ ഉടൽ ശിൽപവുമായിത്തീർന്നിരിക്കുന്നു…

ഒടുവിൽ തിരിച്ചെത്തുന്ന വിരുന്നു കാരിക്കായ് അയാൾ മുല്ലപ്പൂമെത്ത വിരിപ്പിൽ സ്വപ്നങ്ങൾ കൂട്ടിവെച്ച് തുടങ്ങുന്നു…

ഇന്നലെയാണ് അത് ആവർത്തിച്ച് പറഞ്ഞത്…

അപ്പോൾ അയാൾ തറയിൽ തെറിച്ച് വീണ കണ്ണട തപ്പുകയായിരുന്നു…

പക്ഷെ….

കയ്യിൽ തടഞ്ഞത് സെമിത്തേരിയിലെ വലിച്ചെറിയപ്പെട്ട അതേ കത്തിയും മുള്ളും…

ഇത്തവണ അയാൾ കല്ലറ പൊളിക്കേണ്ടി വന്നിട്ടില്ല…

കത്തിയും മുള്ളും എന്നിലേക്ക് കുത്തിയിറക്കി അയാൾ എന്നെ ചുവരിൽ തറച്ചിട്ടു…

കണ്ണുകൾ കോങ്കണ്ണുകളായി മാറുന്നത് എനിയ്ക്ക് കാണാമായിരുന്നു…

കഴുത്തിലമരുന്ന ചുണ്ടുകൾക്കിടയിലൂടെ ദ്രംഷ്ട്രങ്ങൾ കാരമുൾ കടച്ചിലുകളാകുമ്പോൾ ഞാൻ കുരിശിൽത്തറച്ചവനെ സ്തുതിച്ചു…

പ്രേതങ്ങൾക്കും ചിലപ്പോൾ പ്രാർത്ഥനയാകാം…

പിന്നീടയാൾ ദൂരെ മാറി നിന്ന് എന്റെ മുഴുത്ത ഉടലിലേക്ക് ചാഞ്ഞും ചരിഞ്ഞും നോക്കി….

എന്റെ മുഴുത്ത മുലകളും നിതംബങ്ങളും അയാളെ ഭ്രാന്തനാക്കുന്നുവത്രെ…

ഓടിവന്ന് ചുമരിൽ നിന്ന് എന്നെ പറിച്ചെടുത്ത് ചുവന്ന പട്ട്‌ സെറ്റിയിലേക്ക് ഒരു രക്തപുഷ്പം പോലെ ഓമനിച്ച് കിടത്തി…

പിന്നീട് അയാളുടെ
ആവേഗങ്ങൾ ചുഴലിയുടെ കരുത്തോടെ എന്നെ ഉഴുത് മറിച്ചു…

ഒരു പരകായപ്രവേശം നടത്തിയതിന്റെ വിയർപ്പു റ്റിത്തളരലിൽ അയാൾ വീണ്ടും കാതിലോതി…

ഞാൻ അവളോട് പറയും….

എന്നെ കൈ പിടിച്ചുയർത്തിയവരുടെ കൂട്ടത്തിൽ ഒരു
വളുണ്ടായിരുന്നു…

കവിതകൾ കൊണ്ട് എന്നെ ഗന്ധർവ്വനാക്കി നിനക്ക് തിരിച്ചേൽപിച്ച ഒരുവൾ!

പക്ഷെ പ്രിയ ശവമേ…

നിന്നെ ഞാനിനിയും പ്രാപിക്കും… നീ ഒരു നാൾ എന്റെ ഉയിരായിരുന്നല്ലൊ…

എന്റെ ഉയിരെടുത്തവൾ മടങ്ങി വരുമ്പോൾ ഞാനവൾക്ക് ചപ്രമഞ്ചമൊരുക്കും…

സ്നേഹം നടിക്കും…

അവൾക്ക് പകരമാകാൻ നിനക്ക് കഴിയില്ലല്ലൊ…

നിനക്ക് പകരമാകാൻ അവൾക്കും…

നിന്റെ ഉടൽച്ചൂടിൽ മാത്രം ഞാൻ ഗിരിശൃംഗങ്ങൾ കയറിയിറങ്ങും…

എനിയ്ക്ക് ഇനിയും ഒരു ബ്രഹ്മചാരിയാകാൻ കഴിയും…

നീ ആരും കാണാതെ ജഢ കെട്ടിയ മുടിയുമായ് എന്റെ കാലടികളെ പിൻതുടർന്നെത്തണം…

അവിടെ കത്തിയും മുള്ളുമുണ്ടാകില്ല…

നിന്നെ ഞാൻ നോവിക്കില്ല.