രാജ്യമില്ലാത്ത മനുഷ്യരെ എവിടെ കുഴിച്ചുമൂടും ?

ജോളി ജോളി
ജീവിക്കാന്‍ അത്യാവശ്യമായ സ്വാസ്ഥ്യം ഒരു ജനതയ്ക്കു നഷ്ടപ്പെടുബോള്‍ അവരെ മനുഷ്യരായി വിശേഷിപ്പിക്കുന്നതു കേവലം ഭംഗിവാക്കാവുന്നു.പരമോന്നത നീതിപീഠത്തിന്റെ മേല്‍നോട്ടത്തില്‍ അസമിലെ മൂന്നരക്കോടിയോളം മനുഷ്യരുടെ പൗരത്വം തെളിയിക്കാന്‍ തുടങ്ങിവച്ച യജ്ഞം സ്വാഭാവികപരിണിതിയില്‍ എത്തിനില്‍ക്കുബോള്‍ പൗരത്വത്തെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചുമുള്ള ആധുനികസങ്കല്‍പങ്ങള്‍ പുനഃപരിശോധിക്കപ്പെടേണ്ടിവരികയാണ്.

ആരാണ് പൗരത്വത്തിന് അവകാശി…?

എത്രകൊല്ലം ഒരു രാജ്യത്തു ജീവിച്ചാലാണ് ഒരാള്‍ക്കു പൗരത്വം ലഭിക്കുക….?

കുടിയേറ്റങ്ങളും മനുഷ്യപ്രയാണങ്ങളും ഭൂപടം മാറ്റിവരച്ച ആധുനികരാഷ്ട്രസങ്കല്‍പങ്ങളെയെല്ലാം വകഞ്ഞുമാറ്റി, ഭാഷയുടെയും മതത്തിന്റെയും സങ്കുചിത കണ്ണിലൂടെ മനുഷ്യരെ രാജ്യവാസികളെന്നും രാജ്യമില്ലാത്തവരെന്നും അടയാളപ്പെടുത്തുബോള്‍ ഗാന്ധിജിയുടെ ഇന്ത്യ എത്ര കാതം പിറകോട്ടു പോവുന്നു.പരമോന്നത നീതിപീഠമാണ് ഇമ്മട്ടിലൊരു തെരഞ്ഞുപിടിക്കല്‍ പ്രക്രിയക്കു നേതൃത്വം നല്‍കുന്നതെന്നു വരുബോള്‍ ന്യായാസനത്തോടു തന്നെ ചോദിക്കേണ്ടിവരുന്നു.

‘പൗരന്മാരല്ലാത്ത കുറേ മനുഷ്യരെ കണ്ടെത്തിയാല്‍, യുവര്‍ ഓണര്‍, നമ്മളെന്തുചെയ്യും..?

മറ്റൊരു രാജ്യം ഉഭയകക്ഷി ധാരണയിലൂടെ സമ്മതിക്കാത്ത കാലത്തോളം അങ്ങോട്ടേയ്ക്കു തള്ളിവിടാന്‍ രാഷ്ട്രാന്തരീയനിയമം അനുവദിക്കുന്നില്ല.ഇവരെ അഭയാര്‍ഥികളായി സ്വീകരിച്ച്‌, കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളില്‍ നിറക്കാനാണുദ്ദേശ്യമെങ്കില്‍ ജനാധിപത്യ ഇന്ത്യയും നാസി ജര്‍മനിയും തമ്മില്‍ എന്ത് അന്തരം…?

ജുലൈ 30നു പുറത്തുവന്ന കരട് പൗരത്വപ്പട്ടികയില്‍നിന്നു പുറന്തള്ളപ്പെട്ട ഏതാനും പേര്‍ക്ക് അടുത്തഘട്ടത്തില്‍ പൗരത്വം കിട്ടിയേക്കാമെങ്കിലും ബാക്കിവരുന്ന മനുഷ്യരെ എന്തുചെയ്യും…?

എവിടെ കൊന്നു കുഴിച്ചുമൂടും…?

സുപ്രിംകോടതിക്കോ അസം സ്വദേശിയായ റജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യക്കോ ഇക്കാര്യത്തില്‍ ഒരു പരിഹാരവും നിര്‍ദേശിക്കാനുണ്ടാവില്ല.രാഷ്ട്രീയ, ഭരണമേലാളന്മാരുടെ കോര്‍ട്ടിലേയ്ക്കു പന്തു തള്ളിവിട്ടു ന്യായാസനം അടുത്ത കേസു വിളിക്കും….?പൗരന്മാരെ അടയാളപ്പെടുത്തുന്ന ഈ രീതി കേട്ടുകേൾവിയില്ലാത്തതാണ്…

ലോകത്തൊരിടത്തും കേട്ടുകേള്‍വിയില്ലാത്ത അസാധാരണ കണക്കെടുപ്പിനാണു സുപ്രിംകോടതി മേല്‍നോട്ടം വഹിക്കുന്നതെന്ന യാഥാര്‍ഥ്യം ആരും ഗൗരവപൂര്‍വം അപഗ്രഥിച്ചിട്ടില്ല.രാജ്യം മുഴുവന്‍ വീടു കയറി കണക്കെടുപ്പു നടത്തുന്ന രീതി (എന്യൂമെറേഷന്‍) ആണ് സ്വാതന്ത്ര്യലബ്ധി തൊട്ടു പൗരന്മാരുടെ കണക്കെടുപ്പിനു സ്വീകരിച്ചുപോരുന്നതെങ്കില്‍ അസമിനു മാത്രം ബാധകമാക്കാത്ത പൗരത്വനിയമത്തിലെ വ്യവസ്ഥയാണ് ആദ്യം ചോദ്യം ചെയ്യപ്പെടേണ്ടത്.

പ്രതീക് ഹലേജ് എന്ന ഐ.എ.എസ് ഓഫിസര്‍ സംസ്ഥാന കോഓര്‍ഡിനേറ്ററായുള്ള നാഷനല്‍ റജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍ ഇതിനകം 1220 കോടി ചെലവഴിച്ചുകഴിഞ്ഞു… !!

52,000 സംസ്ഥാന ഉദ്യോഗസ്ഥന്മാരെയാണു രേഖകള്‍ പരിശോധിക്കാനും പൗരത്വരജിസ്റ്റര്‍ തയാറാക്കാനും നിയോഗിച്ചിരിക്കുന്നത്.സംസ്ഥാനത്തെ 3.29 കോടി ജനങ്ങള്‍ ഓരോരുത്തരും അവരവരുടെ പൗരത്വത്തിനായി അപേക്ഷിക്കണമെന്നതാണു സ്വീകരിക്കപ്പെട്ട രീതി.ഓരോരുത്തരും ‘പൈതൃകവിവരങ്ങള്‍’ സമര്‍പ്പിക്കണം.ഭാര്യക്കു പൗരത്വം ലഭിക്കുബോള്‍ ഭര്‍ത്താവ് രജിസ്റ്ററില്‍നിന്നു പുറത്തുപോകുന്ന കേസുകള്‍ ഉണ്ടാവാമെന്നു പ്രതീക് ഹലേജ സമ്മതിക്കുന്നു.

കാരണം, 1971ന് മുബ് അസമില്‍ ജീവിക്കുന്നവരെ മാത്രമേ പൗരന്മാരായി പരിഗണിക്കുകയുള്ളൂ.ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ് അതിനു ശേഷം അസമില്‍ താമസം തുടങ്ങിയയാളാണെങ്കില്‍ വിദേശികളോ നുഴഞ്ഞുകയറ്റക്കാരോ നിയമവിരുദ്ധ താമസക്കാരോ ആയി കണക്കാക്കും.ഓരോ വ്യക്തിയും പൗരത്വത്തിനുള്ള യോഗ്യത തെളിയിക്കാന്‍ ബാധ്യസ്ഥരാകുബോള്‍ അതുള്‍ക്കൊള്ളുന്ന സാഹസം എത്രമാത്രമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

ഇക്കഴിഞ്ഞ ജനുവരി രണ്ടിനു കരട് പൗരത്വപ്പട്ടികയുടെ ആദ്യഭാഗം പുറത്തുവന്നതിന്റെ പിറ്റേദിവസം കാചര്‍ ജില്ലയിലെ കാശിപൂര്‍ സ്വദേശി ഹനീഫ ഖാനെ വീട്ടുമുറ്റത്തെ മരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.പൗരത്വപ്പട്ടികയ്ക്കു പുറത്താണു താനെന്നു കണ്ട നിരാശയില്‍ ജീവനൊടുക്കുകയായിരുന്നു.തന്നെയും ഭാര്യ റുക്‌സാനയെയും താമസിയാതെ അറസ്റ്റ് ചെയ്തു അയല്‍രാജ്യത്തേയ്ക്കു നാടു കടത്തുമെന്ന ഭീതിയാണ് അയാളെക്കൊണ്ടു കടുംകൈ ചെയ്യിപ്പിച്ചത്.

എന്നാല്‍, ആ വാര്‍ത്ത പൂഴ്ത്തിവയ്ക്കാനാണ് അധികൃതര്‍ മാധ്യമങ്ങളോടു നിര്‍ദേശിച്ചത്.നുറ്റാണ്ടുകളോളം അസമില്‍ താമസമാക്കിയ കുടുംബങ്ങള്‍ക്കുപോലും ചിലപ്പോള്‍ അധികൃതര്‍ ആവശ്യപ്പെടുന്ന രേഖകള്‍ ഹാജരാക്കാന്‍ സാധിക്കണമെന്നില്ല.അങ്ങനെയാണു രാജ്യത്തിന്റെ അഞ്ചാമത്തെ രാഷ്ട്രപതി ഫക്‌റുദ്ദീന്‍ അലി അഹമ്മദിന്റെ പിന്‍ഗാമികള്‍ പൗരത്വപ്പട്ടികയില്‍നിന്നു പുറന്തള്ളപ്പെട്ടത്…. !!

2000 മാണ്ടിലെ വെള്ളപ്പൊക്കത്തില്‍ വീട്ടിനകത്തു വെള്ളം കയറിയപ്പോള്‍ വിലപിടിപ്പുള്ളതെല്ലാം ഒലിച്ചുപോയ കൂട്ടത്തില്‍ കുറേ രേഖകളും ഉള്‍പ്പെട്ടിരുന്നു.ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡും മറ്റു തിരിച്ചറിയല്‍ കാര്‍ഡുകളും പൗരത്വം തെളിയിക്കാന്‍ മതിയാവില്ലെന്ന കാര്‍ക്കശ്യത്തിനു പിന്നില്‍ വലിയ രാഷ്ട്രീയഗൂഢാലോചനയുണ്ട്.ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കുന്നതു കേന്ദ്ര ആഭ്യന്തരവകുപ്പാണ്.കഴിഞ്ഞ തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ ബംഗ്ലാദേശികളെ പുറന്തള്ളുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ സൂചിപ്പിച്ചിരുന്നു.

ഇപ്പോള്‍ പുറത്തുവന്ന കരട് പൗരത്വപ്പട്ടികയില്‍ പെടാത്ത 40ലക്ഷം പേര്‍ക്കു പരാതി ബോധിപ്പിക്കാന്‍ ഒരവസരമുണ്ടെങ്കിലും എത്രപേര്‍ക്കു പുതുതായി പട്ടികയില്‍ കയറിപ്പറ്റാന്‍ സാധിക്കുമെന്നു കണ്ടറിയണം.ഇതിനകം പൗരത്വം ഉറപ്പായ 2.9 കോടി ആളുകളില്‍ ആര്‍ക്കെതിരേയും ആക്ഷേപം ബോധിപ്പിക്കാനും അവരുടെ പൗരത്വം റദ്ദു ചെയ്യിപ്പിക്കാനും കൂടി പഴുതുണ്ടെന്നതും മറക്കരുത്.

സംസ്ഥാനം ഭരിക്കുന്നതു ബി.ജെ.പിയാണ്.ബംഗ്ലാദേശികളെ കാണുന്നിടത്തു വച്ചു വെടിവച്ചുകൊല്ലണമെന്നാണ് ഇവരുടെ കാഴ്ചപ്പാട്.

അസമിസ് ഭാഷ സംസാരിക്കാത്തവരെല്ലാം നുഴഞ്ഞുകയറ്റക്കാരും വിദേശികളുമാണെന്നു നേരത്തെ തീരുമാനിച്ചുറപ്പിച്ച പാര്‍ട്ടി ഉദ്യോഗസ്ഥരുടെമേല്‍ സ്വാധീനവും സമ്മര്‍ദവും ചെലുത്തില്ലെന്ന് ആരു കണ്ടു.കരട് പട്ടികയുടെ അടിസ്ഥാനത്തില്‍ ആര്‍ക്കെതിരേയും ബലപ്രയോഗത്തിനു മുതിരരുതെന്നു സുപ്രിംകോടതി താക്കീതു നല്‍കിയിട്ടുണ്ടെങ്കിലും പ്രക്ഷുബ്ധവും സംഘര്‍ഷ ഭരിതവുമാണ് ആ സംസ്ഥാനം.പത്തുശതമാനം പൗരന്മാരെ ആട്ടിയോടിച്ചാല്‍ അസമിന്റെ രാഷ്ട്രീയഭൂപടം മാറ്റിവരയ്ക്കാമെന്നും എക്കാലത്തും അധികാരം നിലനിര്‍ത്താമെന്നും അമിത് ഷായും അനുയായികളും കിനാവു കാണുന്നുണ്ടാവണം…..!

മൂന്നാംലോകത്തെ എല്ലാ ആഭ്യന്തരസംഘര്‍ഷങ്ങള്‍ക്കു പിന്നിലും ഒരു പാശ്ചാത്യന്റെ കരം കണ്ടെത്താമെന്ന സിദ്ധാന്തം ശരിവയ്ക്കുന്നതാണ് അസം പ്രശ്‌നത്തിന്റെ തായ്‌വേരു തേടിയുള്ള ഏതന്വേഷണവും.അസം മലഞ്ചെരിവുകളില്‍ കോളനിവാഴ്ചക്കാലത്തു തേയില, റബ്ബര്‍ പ്ലാന്റേഷന്‍ വ്യാപകമാക്കുന്നതിനു സമീപപ്രദേശങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യപ്പെട്ട പതിനായിരങ്ങളുടെ പിന്‍തലമുറക്കാരാണ് ഇന്നു പൗരത്വപ്രശ്‌നം നേരിടുന്നത്.

അമേരിക്കന്‍ പൊളിറ്റിക്കല്‍ സയന്റിസ്റ്റ് മെയ്‌റോണ്‍ വീനര്‍ 1891ലെ സെന്‍സസിനെ ആസ്പദമാക്കി നടത്തിയ പഠനത്തില്‍ അസമിലെ തദ്ദേശവാസികള്‍ 6.5 ദശലക്ഷമാണെങ്കില്‍ കുടിയേറ്റക്കാരും അവരുടെ പിന്‍തലമുറക്കാരും 8.5 ദശലക്ഷം വരുമെന്നു പ്രചരിപ്പിച്ചു.സ്വതന്ത്ര ഇന്ത്യയില്‍ എഴുപതുകളുടെ അന്ത്യത്തിലാണു കുടിയേറ്റക്കാര്‍ക്കെതിരായ പ്രക്ഷോഭത്തിനു തിരികൊളുത്തുന്നത്.

അതിനു നിമിത്തമായതാവട്ടെ, മംഗള്‍ദോയി പാര്‍ലമെന്റ് മണ്ഡലത്തിലെ എം.പി മരിച്ചപ്പോള്‍ നടത്തപ്പെട്ട ഉപതെരഞ്ഞെടുപ്പും.ആ മണ്ഡലത്തില്‍ രണ്ടുവര്‍ഷംകൊണ്ടു വോട്ടര്‍മാര്‍ ക്രമാതീതമായി വര്‍ധിച്ചിരിക്കയാണെന്ന കണ്ടെത്തല്‍ കിഴക്കന്‍ ബാംഗാളില്‍നിന്നുള്ള ഒഴക്കുമൂലമാണെന്ന നിഗമനത്തിലെത്തി.

അതോടെ 1979 ജൂണ്‍ എട്ടു മുതല്‍ ഓള്‍ അസം സ്റ്റുഡന്‍സ് യൂനിയന്റെ നേതൃത്വത്തില്‍ പ്രക്ഷോഭമാരംഭിച്ചു.നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കണമെന്നതായിരുന്നു മുഖ്യ ആവശ്യം.വിദ്യാര്‍ഥിപ്രക്ഷോഭം വര്‍ഗീയമായ ചേരിതിരിവുകളില്‍ കലാശിച്ചപ്പോഴാണു നെല്ലി കൂട്ടക്കൊലയും മറ്റ് അക്രമങ്ങളും അരങ്ങേറുന്നത്.എല്ലാറ്റിനുമൊടുവില്‍ 1985 ആഗസ്റ്റ് 15നു പ്രധാനമന്ത്രി രാജീവ് ഗാന്ധി വിദ്യാര്‍ഥിനേതാക്കളുമായി ഒപ്പിട്ട അസം കരാറിലെ വ്യവസ്ഥകളില്‍ പ്രധാനം 1971 നു ശേഷം ആ സംസ്ഥാനത്തെത്തിയ വിദേശികളെ കണ്ടെത്തി പുറന്തള്ളുമെന്നതാണ്.

1966നും 71 നുമിടയ്ക്കു കുടിയേറിയവര്‍ക്കു പത്തുവര്‍ഷത്തേയ്ക്കു വോട്ടവകാശമുണ്ടാവില്ലെന്നതായിരുന്നു മറ്റൊരു വ്യവസ്ഥ.എങ്ങനെ വിദേശികളെ കണ്ടെത്തുമെന്നോ എവിടുത്തേയ്ക്കു നാടു കടത്തുമെന്നോ വിശദീകരിക്കുന്നില്ല.അപ്രായോഗികവും മനുഷ്യത്വരഹിതവുമായ ഈ കരാറിനെക്കുറിച്ചു കോണ്‍ഗ്രസ്സടക്കമുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇതുവരെ മൗനത്തിലായിരുന്നു.അതേസമയം, അസമില്‍ വര്‍ഗീയമായ ചേരിതിരിവുണ്ടാക്കി വോട്ട്ബാങ്ക് രാഷ്ട്രീയം കളിക്കാനും സാമുദായിക ധ്രുവീകരണം സാധ്യമാക്കാനും ആര്‍.എസ്.എസ് നേരത്തേതന്നെ പ്രത്യേക അജന്‍ഡ തയാറാക്കി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി സംഘ്പരിവാരം പ്രത്യേക ജനസംഖ്യാ നയം കരുപ്പിടിപ്പിച്ചിട്ടുണ്ട്.41 ലക്ഷം അനധികൃത വോട്ടര്‍മാര്‍ വോട്ടര്‍പട്ടികയില്‍ കയറിക്കൂടിയിട്ടുണ്ടെന്നും അസം കരാര്‍ പ്രയോഗവത്കരിക്കുന്നതിന്റെ മുന്നോടിയായി 1950ലെ പൗരത്വപ്പട്ടിക പരിഷ്‌കരിക്കുന്നതിനു നടപടികളാരംഭിക്കണമെന്നും ആവശ്യപ്പെട്ട് അസം പബ്ലിക് വര്‍ക്‌സ് എന്ന ഗുവഹാതി കേന്ദ്രമായുള്ള എന്‍.ജി.ഒ 2009ല്‍ സമീപിക്കുന്നതോടെയാണ് പരമോന്നത നീതിപീഠം വിഷയമേറ്റെടുക്കുന്നത്.അന്നു കേന്ദ്രം ഭരിച്ച യു.പി.എ സര്‍ക്കാര്‍ അനുകൂലനിലപാട് എടുത്തതുകൊണ്ടാവണം കോടതി പൗരത്വപ്പട്ടിക പുതുക്കുന്ന മഹായജ്ഞത്തിനു തുടക്കം കുറിച്ചത്.

കേന്ദ്രവും അസമും ഭരിക്കുന്ന ബി.ജെ.പിക്കു രാഷ്ട്രീയം കളിക്കാന്‍ വീണുകിട്ടിയ സുവര്‍ണാവസരമാണിത്.കോൺഗ്രസ്സ് ഇപ്പോൾ കണ്ണീരൊഴുക്കുന്നതും എതിർക്കുന്നതും മറ്റൊരു രാഷ്ട്രീയ കളിയാണ്.ബംഗ്ലാദേശികളെ ആട്ടിപ്പുറത്താക്കാനുള്ള ബദ്ധപ്പാടില്‍ അക്രമമാര്‍ഗം പോലും അവലംബിച്ചുകൂടായ്കയില്ല.പൗരത്വപ്പട്ടികയില്‍നിന്നു പുറന്തള്ളപ്പെട്ടവര്‍ അഭയാര്‍ഥികളോ നിയമവിരുദ്ധ കുടിയേറ്റക്കാരോ അല്ലെന്നു കോടതിയും രജിസ്ട്രാര്‍ ഓഫ് ഇന്ത്യയും പറയുന്നുണ്ടെങ്കിലും എന്തായിരിക്കും ഇവരുടെ സ്റ്റാറ്റസ്സെന്ന് ഇതുവരെ വ്യക്തമാക്കാന്‍ സാധിച്ചിട്ടില്ല.

‘രാജ്യമില്ലാത്തവര്‍’ എന്നു മുദ്രകുത്തി പൗരാവകാശങ്ങള്‍ നിഷേധിക്കാനും ബറാക്വാലിയിലെ കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളില്‍ സദാ ഭീതിയില്‍ തളച്ചിടാനുമാണ് അധികാരകേന്ദ്രങ്ങളുടെ മനസ്സിലിരിപ്പെങ്കില്‍ ആര്‍.എസ്.എസ് സ്വപ്‌നം കാണുന്ന ‘അന്തിമപരിഹാരത്തിന്റെ’ തുടക്കമായിരിക്കും അതെന്നു ഭയക്കേണ്ടിയിരിക്കുന്നു.

ഇന്ത്യക്കാരല്ലാത്തവരെല്ലാം ബംഗ്ളാദേശികളാകുന്നതെങ്ങനെ എന്ന ബംഗ്ളാദേശിന്റെ ചോദ്യവും പുറത്താകുന്നവരുടെ ഇനിയുള്ള ജീവിതം ദുരിതത്തിലേക്ക് എന്നതിന്റെ സൂചനയാണ്…