അച്ചനാണത്രെ അച്ചൻ …. !!

ഇസ്‌മായിൽ കാപ്പുർ

അച്ചൻ എന്ന വാക്ക് പോലും മലയാളികൾക്ക് അശ്ലീലമായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം നീങ്ങിക്കൊണ്ടിരിക്കുന്നത്. അച്ചനെന്ന പദം പോലും നമ്മെ കൊണ്ട് പോകുന്നത് കൊട്ടിയൂരിലേക്കും ജലന്ദറിലേക്കുമൊക്കെയാണ്. യാത്ര മധ്യേ ളോഹയിട്ട അച്ചന്മാരെയും കന്യാസ്ത്രീകളയുമൊക്കെ കാണുമ്പോൾ, പലരും പരസ്പരം അടക്കം പറയുന്നു, മുഖത്ത് നോക്കിച്ചിരിക്കുന്നു. ഏതാനും പുരോഹിത വേഷധാരികളുടെ തെറ്റുകൾ കാരണം കേരളത്തിലെ ക്രൈസ്തവ പൗരോഹിതന്മാരൊക്കെ എന്തോ ഭീകര പരിവേഷത്തിലൂടെയാണ് പൊതു സമൂഹം നോക്കിക്കാണുന്നത്. വർത്തമാനകാല സാമുദായിക മത്സരങ്ങളും വർഗ്ഗീയ ചേരിതിരിവുകളും അതിന് ആക്കം കൂട്ടുന്നുമുണ്ട്. ഖേദകരമെന്ന് പറയട്ടെ പൗരോഹിത്യ സംവിധാനത്തിലധിഷ്ടിതമായ ക്രൈസ്തവ ശുശ്രൂഷകൾക്കപ്പുറം പ്രതീക്ഷക്ക് വകനൽകുന്ന വാർത്തകളോ മത നവീകരണ ശ്രമങ്ങളോ ക്രൈസ്തവ പരിസരത്ത്നിന്നും കേൾക്കുന്നില്ല. സാമൂഹിക ജീവിതത്തിന്റെ അനിവാര്യത മാത്രമാക്കി പൗരോഹിത്യത്തോട് ചേർന്ന് നിൽക്കുന്ന പരിഹാസ്യമായ ചലനങ്ങൾ മാത്രമേ എവിടെയും കാണുന്നുള്ളൂ.

വിശ്വാസപരമായ കാര്യങ്ങൾക്കക്കപ്പുറം ഒരു സാമൂഹിക പരിഷ്കരണ സംഘം എന്ന നിലയിൽ ക്രൈസ്തവ സമൂഹം സ്വയം കൈവരിച്ച നേട്ടങ്ങളും അവർ സമൂഹത്തിന് നൽകിയ സംഭാവനകളുടെയും നിറം കൊടുത്തുന്നതാണ് അനുദിനം പള്ളി മേടകളിൽ നിന്നും പുറത്തു വരുന്ന കൊണ്ടിരിക്കുന്ന വാർത്തകൾ. എന്തൊക്കെ അനുകൂല സാഹചര്യങ്ങൾ എടുത്തുകാണിച്ചാലും പ്രാഥമിക വിദ്യാഭ്യാസത്തിനുപോലും അവസരങ്ങളില്ലാത്ത ഗ്രാമപ്രദേശങ്ങളിൽ പോലും കടന്ന് ചെന്ന് ക്രൈസ്തൈവ മിഷ്ണറിമാർ തുടങ്ങിവെച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് മലയാളി ജനതയെ തലയുയർത്തി നിൽക്കാൻ പ്രാപ്തമാക്കിയതെന്നും ഇന്നും തലയുയർത്തി നിൽക്കുന്നത് അത്തരം സ്ഥാപനങ്ങളാണെന്ന സത്യവും, അവർ പോലും പങ്കാളികളാ വർത്തമാനകാല ‘ മേടിക്കൽ -രൂപതാ ‘ വിദ്യാഭ്യസ കച്ചവട സംസകാരത്തനിടയിൽ വിസ്മരിക്കപ്പെടുന്നുണ്ട്. കുഷ്ടവും കോളറയും മറ്റു പകർച്ചവ്യാതികളും ജീവിതം തന്നെ നരകതുല്യമായ, ദാരിദ്ര രേഖക്ക് താഴെയുള്ള ജനങ്ങളിലേക്കിറങ്ങിച്ചെന്ന്, ഇന്ന് കാണുന്ന പാലിയേറ്റീവ് സംവിധാനങ്ങളും കാഴ്ചപ്പാടുകളുമില്ലാത്ത കാലത്ത് സാന്ത്വനത്തിന്റെ സന്ദേശം നൽകി ചാരിറ്റി പ്രവർത്തനങ്ങൾ പരിചയപ്പെടുത്തിയ ആധുരാലായങ്ങൾ സ്ഥാപിച്ച് പ്രതീക്ഷയും പ്രത്യശയും നൽകി അവരെയൊക്കെ ജിവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്ന ദൗത്യമൊക്കെ ആ മേഖലയിൽ പോലും തുടരുന്ന ആശുപതി – മെഡിക്കൽ വിദ്യാഭ്യാസ കച്ചവടത്തിനിടയിൽ പൂർണ്ണമായും വിസമരച്ചുകൂടാ… ഇതൊക്കെ മതപരിവർത്തനം ലക്ഷ്യമാക്കിയ ഗൂഡ പദ്ധതികളായിരുന്നെന്ന് ഒറ്റവാക്കിൽ പറഞ്ഞു തീർക്കാം. എന്നാൽ ഏതൊരു ഭൗതിക- അഭൗതിക ദർശത്തിന്റെ വക്താക്കളും ആഗ്രഹിക്കുന്ന, തങ്ങൾ മുന്നോട്ട് വെക്കുന്ന ദാർശനികതയുടെ വെട്ടത്തിലേക്ക് ക്ഷണിക്കുകയെന്നത് അത്ര മാത്രം അപരാധമാവുകയും അങ്ങിനെയൊരാരോപണത്തോടെ അവസാനിപ്പിക്കാൻ കഴിയുന്നതുമാണോ? ആരും കടന്ന് ചെല്ലാത്ത നമ്മുടെ മലയോര മേഖലയിലേക്ക് ജനങ്ങളെ പറഞ്ഞയച്ച് അദ്ധ്വാനവും കാർഷിക വൃത്തിയും പ്രോത്സാഹിപ്പിച്ച് കാട് നാടക്കുകയും പൊന്ന് വിളയിക്കുകയും രാജ്യത്തിന്റെ നിലനില്പിനെത്തന്നെ ഭദ്രമാക്കുന്ന നാണ്യവിളകൾ കൃഷി ചെയ്യുന്ന സംസ്കാരമൊക്കെ വളർത്തിക്കൊണ്ട് വന്നത്, കേവലം സാമ്യാജ്യത്വത്തിന്റെ പിൻമുറക്കാരാണ്, പരിസ്തിക സംതുലിതാവസ്ത തകർത്തവരാണ്, ജൈവ വൈവിദ്യത്തിനെതിരാണ്, കുരിശു കൃഷിയും ഭൂമി കൊള്ളടിയുമാണെന്ന ആരോപണത്തോടെ ( അത്തരം മാഫിയകളും ഉണ്ട് ) അവസാനിപ്പിക്കാൻ കഴിയുമോ.മലയാള ഭാഷാ പ്രചാരണത്തിനും നവീകരണത്തിനും പ്രസിദ്ധീകരണ രംഗത്തും നാം ഏറെ മേനി നടിക്കുന്ന ‘പ്രബുദ്ധ’മലയാളിയുടെ പത്രപാരായണ സംസ്കാരവുമൊക്കെ വളർത്തിക്കൊണ്ട് വരുന്നതിന് ആ സമൂഹത്തിന്റെ ദീർഘദൃഷ്ടിയുള്ള കാഴ്ചപ്പാടിനെ കേവലം മുതലാളിത്ത പിണയാളുകളെന്ന് ചാപ്പക്കുത്തി അവസാനിപ്പിക്കുന്നത് നന്ദികേടല്ലേ? രാഷ്ടീയ രംഗത്തും, വ്യാവസായിക കച്ചവട രംഗത്തും ബാങ്കിങ്ങ് മേഖലയിലുമൊക്കെ നാം കൈവരിച്ച നേട്ടത്തിന് പിന്നിലും ഈ സംഘടിത സമൂഹവും വിമർശിക്കപ്പെടുന്ന പുരോഹിത സമൂഹത്തിന്റെ മാർഗ്ഗദർശനവും ദിശാബോധവുമൊക്കെ പ്രകടമല്ലെ ??

ശരിയാണ് സംഘടിത പൗരോഹിത്യത്തിന് അപചയം സംഭവിച്ചിട്ടുണ്ടെന്നത്. അവരിൽ പലരും സുഖലോലുപതയുടെ ആലസ്യത്തിലാണ്. അതിന്റെ പ്രതിഫലനങ്ങൾ സമൂഹത്തെയും ബാധിച്ചു തുടങ്ങിയിരിക്കുന്നു എന്നതും സത്യമാണ്. ഇവിടെയാണ് കേവലം സാമൂഹ്യ ജീവിതത്തിൽ ഒഴിച്ചുകൂടാവാത്ത ഒരു സംവിധാനം മാത്രമായി തങ്ങളുൾക്കൊള്ളുന്ന ഇടവകകളെ ജീവിതത്തിന്റെ ഭാഗമാക്കിയ നവ ക്രൈസ്തവ സമൂഹത്തിന്റെയും കൃപാസനവും ധ്യാനകേന്ദ്രങ്ങളിലെ കലാപരിപാടിയിൽ അഭിരമിക്കുന്നവരും അച്ചന്മാരെ കല്ലെറിഞ്ഞ് മതേതര ചാമ്പ്യൻ പട്ടത്തിന്ന് മത്സരിക്കുന്നവരും തങ്ങളുടെ ഉത്തരവാദിത്വം പ്രകടമാക്കേണ്ടതും നഷ്ടമാവുന്ന സാമൂദായിക എനർജി മുഴുവൻ മനുഷ്യർക്കും ഉപകാരപ്പെടുന്ന രീതിയിലും മാനവികതയുടെ പ്രചാരണത്തിലേക്കും തങ്ങളുടെ പൂർവ്വികർ നൽകിയ ദിശബോധത്തിലേക്ക് വഴിതിരിച്ചു വിടേണ്ടതും.കുറ്റം ചെയ്തവരെ ഈ രാജ്യത്ത് നിലനിൽക്കുന്ന ശിക്ഷാ നടപടികൾക്ക് വിധേയരാക്കണം. പൗരോഹിത്യ ഇടപെടലുകളും രാഷ്ട്രീയ സമ്മർദ്ദങ്ങളും ആക്കും ഒരു പ്രത്യേക പരിരക്ഷയും അക്കാര്യത്തിൽ ഒരു അച്ചന്നും മുസ്ലാർക്കും ആസാമികൾക്കും നൽകരുത്, അങ്ങിനെ ആയിരിക്കണം സഭയുടെ തിരുത്തലുകൾ. യൂറോപ്പിൽ പള്ളി മതിലിൽ പതിച്ച പ്രതിഷേധ കുറിപ്പുകൾ മതനവീകരണ പ്രസ്ഥാനങ്ങളുടെ ഉദയത്തിനും പ്രതി നവീകരണത്തിന്നും അത് ലോകത്തിന് തന്നെ ഗുണപരമായ സംഭാവനകൾ നൽകാനും കാരണമായതിൽ നിന്നും പാഠമുൾക്കൊള്ളേണ്ടതെന്ന് ഉണർത്തുന്നുവെന്ന് മാത്രം