ഇടുക്കി ചെറുതോണി അണക്കെട്ടില്‍ ജലനിരപ്പ് താഴുന്നു; കഴിഞ്ഞ ഇരുപത് മണിക്കൂറിനിടെ കുറഞ്ഞത് ഒരടിയോളം വെള്ളം

തൊടുപുഴ: മഴ കുറഞ്ഞതോടെ ഇടുക്കി ചെറുതോണി അണക്കെട്ടില്‍ ജലനിരപ്പ് താഴുന്നു. കഴിഞ്ഞ ഇരുപത് മണിക്കൂറിനിടെ ഒരടിയോളം വെള്ളമാണ് കുറഞ്ഞത്. അണക്കെട്ടു തുറന്നതിനുശേഷമുള്ള സാഹചര്യങ്ങള്‍ നിയന്ത്രണ വിധേയമെന്ന് അവലോകനം യോഗം വിലയിരുത്തി. കനത്ത മഴ ഇനി ഉണ്ടായില്ലെങ്കില്‍ നാലോ അഞ്ചോ ദിവസത്തിനകം സാഹചര്യങ്ങള്‍ പൂര്‍വ സ്ഥിതിയിലാകുമെന്നാണു പ്രതീക്ഷ.

ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന അളവായ 2401.76 അടിയില്‍ വെള്ളമെത്തിയ ശേഷം ജലനിരപ്പ് കുറയുകയാണ്. ഒഴുകിയെത്തുന്നതിനെക്കാള്‍ കൂടുതല്‍ വെളളം പുറത്തേക്ക് കൊണ്ടുപോവുന്നുണ്ട്. ജലനിരപ്പ് കുറഞ്ഞെങ്കിലും മഴയടക്കം സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമേ ഷട്ടര്‍ അക്കുന്ന കാര്യം തീരുമാനിക്കൂ. ചെറുതോണി ബസ് സ്റ്റാന്റിനും പാലത്തിനുമുണ്ടായ നാശങ്ങളൊഴിച്ചാല്‍ മറ്റ് അനിഷ്ട സംഭവങ്ങളുമില്ല.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടുക്കിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ ഇറക്കാനായില്ല. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട മുഖ്യമന്ത്രിയെയും സംഘത്തെയും സ്വീകരിക്കാന്‍ മന്ത്രി എം.എം.മണിയും സംഘവും കട്ടപ്പനയില്‍ കാത്തു നില്‍ക്കുന്നതിനിടെയാണു മൂടല്‍മഞ്ഞ് മൂലം ഇറങ്ങാനാവില്ലന്ന അറിയിപ്പെത്തിയത്. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി, അഡീഷനല്‍ ചീഫ് സെക്രട്ടറി തുടങ്ങിയവര്‍ മുഖ്യമന്ത്രിക്കൊപ്പം പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിക്കുന്നുണ്ട്.