പാലക്കാട്-മലപ്പുറം അതിര്‍ത്തിയില്‍ തൂതപ്പുഴ ഗതിമാറി ഒഴുകുന്നു

സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് പാലക്കാട്-മലപ്പുറം അതിര്‍ത്തിയില്‍ തൂതപ്പുഴ ഗതിമാറി ഒഴുകി. ഇതിനെ തുടര്‍ന്ന് ആനക്കര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളംകയറി. നിരവധിപേര്‍ വീടുകളില്‍ കുടുങ്ങിക്കിടക്കുന്നു. 12 ഇതരസംസ്ഥാന തൊഴിലാളികളെ രക്ഷിച്ചു.

അതേസമയം, സംസ്ഥാനത്ത് മഴക്കെടുതിയില്‍ 17 ദിവസത്തിനിടെ 172 പേര്‍ മരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ഥിതി ഗുരുതരമായി തുടരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ഏറ്റവും പ്രതിസന്ധി നേരിടുന്നത്. ആയിരക്കണക്കിനാളുകളാണ് ഒറ്റപ്പെട്ടിരിക്കുന്നത്.

രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുന്നു. 52,856 കുടുംബങ്ങളിലായി 2,23,000 പേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. എറണാകുളം, ഇടുക്കി ജില്ലകളില്‍ നാളെയും കനത്ത മഴയ്ക്കു സാധ്യത. രണ്ടു ജില്ലകളിലും അതീവജാഗ്രതാനിര്‍ദേശം നാളെ വരെ നീട്ടി.

തൃശൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്കു മാത്രമേ സാധ്യതയുള്ളൂ. മറ്റന്നാള്‍ മുതല്‍ എല്ലാ ജില്ലകളിലും മഴ ദുര്‍ബലമാകുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.