പ്രളയക്കെടുതിക്കിടെ മന്ത്രി കെ രാജുവിന്റെ വിദേശ യാത്ര; യാത്ര വെട്ടിച്ചുരുക്കി ഉടന്‍ മടങ്ങിയെത്തുമെന്ന് മന്ത്രി

വിദേശയാത്ര വെട്ടിച്ചുരുക്കി ഉടന്‍ മടങ്ങിയെത്തുമെന്ന് വനം വകുപ്പ് മന്ത്രി കെ.രാജു. മഴക്കെടുതിക്കിടെ കോട്ടയത്തിന്റെ ചുമതലയുള്ള അദ്ദേഹം ജര്‍മനിയിലേക്കു തിരിച്ചത് വിവാദമായിരുന്നു. ഒരാഴ്ചത്തെ സന്ദര്‍ശനപരിപാടി ചുരുക്കി രണ്ടു ദിവസത്തിനകം കേരളത്തിലെത്തുമെന്ന് അദ്ദേഹം അറിയിച്ചു.

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ജര്‍മനിയില്‍ എത്തിയത്. എത്രയും പെട്ടെന്നു പരിപാടികളില്‍ പങ്കെടുത്ത് തിരിച്ചു നാട്ടിലെത്തണം, ഒരാഴ്ചത്തെ പരിപാടി വെട്ടിച്ചുരുക്കി രണ്ടു ദിവസം കൊണ്ട് തീര്‍ത്ത് നാട്ടില്‍ തിരിച്ചെത്താനാണ് തീരുമാനം. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഭാരവാഹികളോട് കേരളത്തിലെ പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട അവസ്ഥ പറഞ്ഞു. കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്നും ആവശ്യപ്പെട്ടു. അനുഭാവ നിലപാടെടുക്കുമെന്നാണ് ഭാരവാഹികള്‍ അറിയിച്ചുന്നതെന്നും മന്ത്രി രാജു പറഞ്ഞു.

ജര്‍മനിയിലെ വിവിധ ദേവാലയങ്ങളില്‍ ദുരിതാശ്വാസത്തിനുള്ള ഫണ്ട് പിരിവ് ആരംഭിച്ചതായും വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ വിവിധ പ്രൊവിന്‍സുകളില്‍ നിന്നു നാട്ടിലെത്തി നേരിട്ടു സഹായം ചെയ്യാനുള്ള കാര്യങ്ങളും തീരുമാനിച്ചെന്ന് മന്ത്രിക്കൊപ്പമുണ്ടായിരുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രതിനിധി പറഞ്ഞു. യാത്ര ചെയ്യാനുള്ള അസൗകര്യങ്ങള്‍ നിലവിലുണ്ട് എങ്കിലും സഹായവുമായി ഉടന്‍ നാട്ടില്‍ എത്താമെന്ന പ്രതീക്ഷയിലാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ അംഗങ്ങള്‍.

ഇന്നലെ പുലര്‍ച്ചെയാണ് ജര്‍മനിയിലേക്ക് പോയത്. കോട്ടയം ജില്ലയുടെ ചുമതലയുള്ള മന്ത്രിയാണ് കെ. രാജു. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പരിപാടിയില്‍ പങ്കെടുക്കാനാണ് മന്ത്രി ജര്‍മനിയിലേക്ക് പോയത്.

അതേസമയം, തോരാമഴയില്‍ ദുരിതക്കയത്തിലകപ്പെട്ടവരുടെ കണ്ണീരൊപ്പാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ഏകോപിപ്പിക്കാനും ഉറക്കമിളച്ച്‌ പ്രവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. ഇന്നലെ രാത്രി ചേര്‍ന്ന അടിയന്തര യോഗത്തിനുശേഷം ഇന്ന് സംസ്ഥാനത്താകമാനം നടപ്പാക്കേണ്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന്റെയും അതിനാവശ്യമായ ക്രമീകരണങ്ങള്‍ സജ്ജീകരിക്കുന്നതിന്റെയും തിരക്കിലായിരുന്നു മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസ് ജീവനക്കാരും.