രക്ഷാപ്രവര്‍ത്തനത്തില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി; രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായില്ലെന്ന് വിമര്‍ശനം

തിരുവനന്തപുരം: മഴക്കെടുതിയുടെ ഭാഗമായി നടക്കുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അതൃപ്തി അറിയിച്ചു. റവന്യൂ സെക്രട്ടറി പി.എച്ച് കുര്യനെ മുഖ്യമന്ത്രി ശാസിച്ചു. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായില്ലെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. ഹെലികോപ്ടര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനം വൈകിയതായും ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി വിളിച്ച് ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇത്. റിലീഫ് കമ്മീഷണര്‍ കൂടിയാണ് പി.എച്ച് കുര്യന്‍.

ഹെലികോപ്ടര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനം വൈകരുതെന്നും രാവിലെ തന്നെ തുടങ്ങണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. പത്ത് മണിയാകാന്‍ കാത്തിരിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സൈനിക വിഭാഗങ്ങളെ കൃത്യമായി ഏകോപിപ്പിച്ച് മുന്നോട്ട് കൊണ്ടു പോകേണ്ടത് റിലീഫ് കമ്മീഷണറാണ്. എന്നാല്‍ ഇക്കാര്യത്തില്‍ കഴിഞ്ഞ ദിവസം ഉയര്‍ന്ന പരാതികളെ തുടര്‍ന്നാണ് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിരിക്കുന്നത്.

അതേസമയം, പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വീണ്ടും സംസാരിച്ചു. പ്രളയക്കെടുതികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഖ്യമന്ത്രിയോട് പ്രധാനമന്ത്രി അന്വേഷിച്ചു. പല സ്ഥലങ്ങളിലും മഴ ശക്തിയായി തുടരുകയാണെന്നും അതുകൊണ്ട് ഗുരുതരമായ സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മഴക്കെടുതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍ എത്തുന്നുണ്ട്. വൈകീട്ടോടെയാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിച്ചേരുന്നത്. നാളെ അദ്ദേഹം കൊച്ചിയില്‍ സന്ദര്‍ശനം നടത്തും.