കേരളത്തിന് ആശ്വാസം; മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറച്ച് 139 അടിയാക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍; തത്സമയ നിരീക്ഷണം ഏര്‍പ്പെടുത്തണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഘട്ടം ഘട്ടമായി വെള്ളം തുറന്നു വിടാമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. വെള്ളം തുറന്നുവിടുമ്പോള്‍ ജനങ്ങളെ ബാധിക്കരുതെന്ന് കോടതി പറഞ്ഞു. കേസ് ഈ മാസം 25 ന് വീണ്ടും പരിഗണിക്കും.

ജലനിരപ്പ് എത്ര കുറയ്ക്കുമെന്ന കാര്യത്തിലും വെള്ളം എവിടേക്ക് തുറന്നുവിടുമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. സാഹചര്യം പരിശോധിച്ച ശേഷം ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കും. അണക്കെട്ടിലെ ജലനിരപ്പ് രണ്ടോ മൂന്നോ അടി കുറയ്ക്കുമെന്നാണ് കരുതുന്നത്.

പ്രളയബാധ തുടരുന്ന സാഹചര്യത്തില്‍ കേരളത്തിനോട് വെള്ളം കൊണ്ടുപോകാന്‍ ആവശ്യപ്പെടാനിടയില്ലെന്നാണ് കരുതുന്നത്. കേരളത്തിന്റെ വശത്തേക്കാണെങ്കില്‍ അത് നിലവിലെ സാഹചര്യത്തെ ഗുരുതരമാക്കും. അതുകൊണ്ടുതന്നെ തമിഴ്‌നാടിനോട് വെള്ളം എടുക്കാന്‍ ആവശ്യപ്പെടാനാണ് സാധ്യത. ഇക്കാര്യത്തില്‍ കേന്ദ്രം നിലപാട് വ്യക്തമാക്കിയിട്ടില്ല. വെള്ളം തങ്ങളുടെ ഭാഗത്തേക്ക് കൊണ്ടുപോകാനാവില്ലെന്ന നിലപാടാണ് തമിഴ്‌നാട് സ്വീകരിച്ചിരുന്നത്.

മുല്ലപ്പെരിയാറിന്റെ ദുരന്തനിവാരണത്തിനുള്ള ഉപസമിതി, കേന്ദ്രസര്‍ക്കാര്‍ രൂപവത്കരിച്ച ക്രൈസിസ് മാനേജ്‌മെന്റ് സമിതി, കേരളത്തിലെയും തമിഴ്‌നാട്ടിലെയും ചീഫ് സെക്രട്ടറിമാര്‍ എന്നിവരോട് വെള്ളിയാഴ്ച വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരം യോഗം ചേരണമെന്ന് വ്യാഴാഴ്ച കോടതി ആവശ്യപ്പെട്ടിരുന്നു.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് സംബന്ധിച്ച വിഷയത്തില്‍ അന്തിമതീരുമാനം എടുക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിന്റെ ക്രൈസിസ് മാനേജ്‌മെന്റ് സമിതിക്കാണ് സുപ്രീം കോടതി നല്‍കിയിട്ടുള്ളത്. ഈ സമിതിയുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുമുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയായി കുറയ്ക്കണമെന്ന ആവശ്യമാണ് കേരളം ഉന്നയിച്ചിരുന്നത്.

കേരളം കടുത്ത വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീം കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രദേശവാസിയായ  റസല്‍ ജോയിയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി. മുല്ലപ്പെരിയാര്‍  കേന്ദ്ര തലത്തില്‍ ദുരിത നിവാരണ സമിതിക്ക് രൂപംനല്‍കി സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തലവനായ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.