ചെങ്ങന്നൂരിൽ അൻപതിലധികം ആളുകൾ മരിച്ചതായി എം.എൽ.എയുടെ വെളിപ്പെടുത്തൽ

ആലപ്പുഴ: ചെങ്ങന്നൂരില്‍ അന്‍പതിലധികം പേര്‍ മരിച്ചതായി വിവരം ലഭിച്ചുവെന്ന് എം.എല്‍.എ സജി ചെറിയാന്‍. ശവശരീരങ്ങള്‍ പോലും എടുക്കാന്‍ കഴിയുന്നില്ലന്നും ഹെലികോപ്റ്റര്‍ ഒന്നു പോലും വിട്ടു തന്നില്ലന്നും അദ്ദേഹം ആരോപിച്ചു.

ഇനിയും ഹെലികോപ്റ്റര്‍ തന്നില്ലങ്കില്‍ രാജ്യം കണ്ട ഏറ്റവും വലിയ ദുരന്ത വാര്‍ത്തയാണ് ചെങ്ങന്നൂരില്‍ നിന്നും വരികയെന്നും സജി ചെറിയാന്‍ പറഞ്ഞു. മിക്ക കുടുംബങ്ങളും ഒറ്റപ്പെട്ടിരിക്കയാണ്. പതിനായിരങ്ങള്‍ ആണ് മരണമുഖത്ത് എന്നും എം.എല്‍.എ മുന്നറിയിപ്പു നല്‍കി.

അന്‍പതിനായിരം പേരെ ഇനി രക്ഷിക്കാന്‍ ഉണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

എയര്‍ ലിഫ്റ്റിംഗല്ലാതെ ഇവിടെ വേറെ വഴിയില്ല, രാഷ്ട്രീയ ഇടപെടല്‍ കൊണ്ട് മത്സ്യബന്ധന വള്ളങ്ങള്‍ കൊണ്ടുവന്ന് ഞങ്ങളാവുന്നത് ചെയ്യുകയാണ്. ഞങ്ങള്‍ക്കൊന്നും ചെയ്യാനാകുന്നില്ല, തന്റെ വണ്ടിയടക്കം നിലയില്ലാവെള്ളത്തില്‍ കിടക്കുകയാണ്, ഇവിടെ പട്ടാളമിറങ്ങിയില്ലങ്കില്‍ തങ്ങള്‍ മരിച്ചുപോകുമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

അതേസമയം പ്രളയക്കെടുതിയില്‍ ഇന്ന് മാത്രം 82,442 പേരെ രക്ഷപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

3,14,000 പേരാണ് സംസ്ഥാനത്തൊട്ടാകെ 2094 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത്. കാലവര്‍ഷക്കെടുതിയില്‍ 164 പേരാണ് പത്തു ദിവസത്തിനിടെ മരണമടഞ്ഞത്. ഇതേതുടര്‍ന്ന് ഈ കാലവര്‍ഷത്തില്‍ ആകെ 324 മരണങ്ങളാണ് സംഭവിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു. മേയ് 29 മുതല്‍ ഓഗസ്റ്റ് 17 രാവിലെ എട്ടുവരെയുള്ള കണക്കാണിത്.