പ്രളയക്കെടുതി വിലയിരുത്താന്‍ പ്രധാനമന്ത്രി എത്തി; ശനിയാഴ്ച ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും

തിരുവനന്തപുരം; സംസ്ഥാനത്തെ പ്രളയക്കെടുതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി.

വെള്ളിയാഴ്ച രാത്രി 10.50 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലെ ശംഖുമുഖം ഭാഗത്തെ വ്യോമസേനയുടെ ടെക്‌നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി, ഗവര്‍ണര്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള അടക്കമുള്ളവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തിയത്.

വെള്ളിയാഴ്ച രാത്രി രാജ് ഭവനില്‍ തങ്ങുന്ന അദ്ദേഹം ശനിയാഴ്ച രാവിലെ 7.10 ഓടെ ഹെലിക്കോപ്റ്ററില്‍ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി പുറപ്പെടും. മുഖ്യമന്ത്രിയും അദ്ദേഹത്തെ അനുഗമിക്കും.

പത്തനംതിട്ട, ആലപ്പുഴ, റാന്നി, ആലുവ എന്നിവിടങ്ങളിലാണ് പ്രധാനമന്ത്രി ആകാശ വീക്ഷണം നടത്തുക.

തുടര്‍ന്ന് രാവിലെ 9.25-ന് കൊച്ചി നേവല്‍ ബേസില്‍ മുഖ്യമന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയില്‍ കേരളത്തിനുള്ള ആശ്വാസ പദ്ധതികള്‍ പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

കേരളത്തെ പ്രളയബാധിതമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കും.

കൂടിക്കാഴ്ചയ്ക്കു ശേഷം ശനിയാഴ്ച രാവിലെ 10.30-ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ പ്രധാനമന്ത്രി കൊച്ചി നേവല്‍ ബേസില്‍ നിന്നും മടങ്ങും.