സഹകരണ ബാങ്കുകളില്‍ പരിശോധന നടത്താന്‍ ഇന്‍കംടാക്‌സുകാര്‍ക്ക് മടി

തടി കേടാകുമെന്ന ഭീഷണിയില്‍ പലരും പിന്‍മാറുന്നു 

സംസ്ഥാന സര്‍ക്കാരിന്‍റെയും പോലീസിന്‍റെയും പിന്തുണ ഇല്ലാത്തതാണ് റെയ്ഡില്‍ നിന്ന് പിന്‍മാറാന്‍ കാരണമെന്നും അറിയുന്നു 

കൂടുതല്‍ ഫോട്ടോ കോപ്പി എടുത്താല്‍ വീട്ടിലെ ഭിത്തിയില്‍ ഫോട്ടോ തൂങ്ങുമെന്നായിരുന്നു ഒരു ബാങ്കില്‍ നിന്നുള്ള ഭീഷണി 

-നിയാസ് കരീം-

സംസ്ഥാനത്ത് സഹകരണ ബാങ്കുകളില്‍ കള്ളപണ പരിശോധന നടത്താന്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വിമുഖത. നോട്ട് നിരോധനത്തിനു മുമ്പ് സഹകരണ ബാങ്കുകളില്‍ പരിശോധനയ്ക്ക് എത്തിയവരെ രാഷ്ട്രീയക്കാരും ബാങ്ക് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പരിശോധനയ്ക്ക് എത്തിയ പല ഉദ്യോഗസ്ഥന്‍മാര്‍ക്കും ഫോണിലൂടേയും മറ്റും ജീവന് ഭീഷണിയുണ്ടായി.

നോട്ട് നിരോധനം വന്ന് ഒന്ന് രണ്ട് ദിവസത്തിനിടയില്‍ തിരുവനന്തപുരം പേരൂര്‍ക്കട സര്‍വ്വീസ് സഹകരണ ബാങ്കില്‍ അനധികൃത നിക്ഷേപങ്ങള്‍ ഉണ്ടെന്നുളള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആദായ നികുതി വകുപ്പ് തിരുവനന്തപുരം ഓഫീസിലെ സമര്‍ദ്ധനും പ്രഗല്ഭനുമായ ഒരു ഉദ്യോഗസ്ഥന്‍ ബാങ്കില്‍ പരിശോധനയ്ക്ക് എത്തിയെങ്കിലും ഉദ്യോഗസ്ഥരുടെ കടുത്ത് ഭീഷണിയെ തുടര്‍ന്ന് അദ്ദേഹത്തിന്  വെറുംകൈയോടെ മടങ്ങേണ്ടി വന്നു.

25ലക്ഷം രൂപയുടെ കളളപണ നിക്ഷേപമുളള ഒരു വ്യക്തിയുടെ നിക്ഷേപത്തെ കുറിച്ച് കൃത്യമായ വിവരങ്ങളുമായാണ് ഈ ഉദ്യോഗസ്ഥന്‍ ബാങ്കിലെത്തിയത്. ലെഡ്ജര്‍ ബുക്ക് പരിശോധനയ്ക്ക് നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഈ ആരോപണ വിധേയനായ വ്യക്തിയുടെ പേരുളള ഭാഗമൊഴിച്ച് ബാക്കി മുഴുവന്‍ മറച്ചുകൊണ്ടാണ് പരിശോധനയ്ക്ക് നല്‍കിയത്. ഫോട്ടോകോപ്പി എടുക്കാന്‍ ഇന്‍കം ടാക്സ് ഉദ്യോഗസ്ഥന്‍ ശ്രമിച്ചെങ്കിലും ബാങ്ക് ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല.

‘ കൂടുതല്‍ ഫോട്ടോകോപ്പി എടുക്കാന്‍ ശ്രമിച്ചാല്‍ വീട്ടിലെ ഭിത്തിയില്‍ ഫോട്ടോ തൂങ്ങുമെന്നായിരുന്നു’ ബാങ്ക് ഉദ്യോഗസ്ഥരുടെ ഭീഷണി. വര്‍ഷങ്ങളായി സിപിഎം നിയന്ത്രണത്തിലുളള ബാങ്കാണിത്. നഗരത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും, ബിസിനസ്സുകാര്‍ക്കും കനത്ത നിക്ഷേപമുളള ബാങ്കാണിത്.

സമാനമായ സ്ഥിതിയാണ് കണ്ണൂര്‍ ജില്ലയിലെ മാടായി സര്‍വ്വീസ് സഹകരണ ബാങ്ക് പരിശോധനയ്ക്കെത്തിയ ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ക്കും നേരിടേണ്ടി വന്നത്. ബാങ്ക് ഉദ്യാഗസ്ഥരുടേയും സൊസൈറ്റി ഭാരവാഹികളുടേയും ഭീഷണി കനത്തപ്പോള്‍ സംരക്ഷണത്തിനായി താന്‍ പോലീസിനെ വിളിക്കുമെന്ന് പറഞ്ഞപ്പോള്‍ ‘തലശ്ശേരിയിലെ പോലീസിനെ അല്ലെ നിങ്ങള്‍ വിളിക്കാന്‍ പോകുന്നത്. അവര്‍ തങ്ങളുടെ ആള്‍ക്കാരാ’ എന്നായിരുന്നു ബാങ്ക് ഭാരവാഹികളുടെ മറുപടി.

ഇത്തരം സംഭവങ്ങള്‍ അധികമായതോടെയാണ് ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ സഹകരണബാങ്ക് പരിശോധനയില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ തുടങ്ങിയത്. ബാങ്കുകളില്‍ ഇന്‍കം ടാക്സ് പരിശോധനയ്ക്ക് എത്തുമെന്ന് വാര്‍ത്തകള്‍ പരന്നതോടെ ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ക്ക് നേരിട്ടും അല്ലാതേയും ഒരുപാട് സമ്മര്‍ദ്ധങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. പ്രത്യേകിച്ച് ഇത്തരം പരിശോധനകള്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റേയോ പോലീസിന്റേയോ സഹായം ലഭിക്കാറില്ല. ഈ സാഹചര്യത്തിലാണ് സഹകരണ ബാങ്കുകളിലെ കള്ള പണ വേട്ടയില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നതെന്നറിയുന്നു.