കോട്ടയത്ത് പ്രളയ ദുരിതം രൂക്ഷം; സുരക്ഷിത കേന്ദ്രത്തിലേക്ക് മാറാന്‍ കാത്തുനില്‍ക്കുന്നത് 8000 ത്തോളം പേര്‍; കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കുടിവെള്ള ക്ഷാമം

കോട്ടയം: കോട്ടയം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ പ്രളയ ദുരിതം രൂക്ഷമായി. ജനങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ ജില്ലാ ഭരണകൂടം അടിയന്തര നിര്‍ദേശം നല്‍കി. 8000 ത്തോളം പേരാണ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറാന്‍ കാത്തുനില്‍ക്കുന്നത്. ഇതില്‍ കുമരകത്ത് 3000 പേരും തിരുവാര്‍പ്പില്‍ 5000 പേരുമാണ് കുടുങ്ങിക്കിടക്കുന്നതെന്നാണ് വിവരങ്ങള്‍.

90000 പേരാണ് കോട്ടയം ജില്ലയില്‍ ക്യാമ്ബുകളില്‍ കഴിയുന്നത്. ജില്ലയില്‍ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ആറായി. പാരിപ്പള്ളിക്കടവില്‍ വീണ് ഗോപാലകൃഷ്ണന്‍ എന്നയാള്‍ ഞായറാഴ്ച മരിച്ചു. ജില്ലയിലെ അഞ്ച് താലൂക്കുകളിലായി 406 ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുമരകം, തിരുവാര്‍പ്പ് എന്നിവയ്ക്ക് പുറമെ വൈക്കം, കോട്ടയം നഗരസഭയുടെ പടിഞ്ഞാറന്‍ മേഖലകള്‍ എന്നിവിടങ്ങളില്‍ ദുരിതം രൂക്ഷമാണ്.

കെഎസ്ആര്‍ടിസി കോട്ടയം ഡിപ്പോയിലെ 89ല്‍ 44 സര്‍വീസുകള്‍ നടത്തുന്നുണ്ട്. ബാക്കി സര്‍വീസ് ഉടന്‍ ആരംഭിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. വെള്ളപ്പൊക്കം കാരണം ജീവനക്കാര്‍ക്ക് ജോലിക്കെത്താന്‍ സാധിച്ചിട്ടില്ല. 17 കെഎസ്ആര്‍ടിസി ബസുകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടുനല്‍കിയിട്ടുണ്ട്. എംസി റോഡിലൂടെ സര്‍വീസ് ആരംഭിച്ചു. പലയിടത്തും സര്‍വീസ് നടത്താന്‍ സാധിക്കുന്ന സ്ഥലം വരെ ബസുകള്‍ പോകുന്നുണ്ട്. സ്വകാര്യ ബസുകള്‍ മിക്കതും സര്‍വീസ് ആരംഭിച്ചിട്ടില്ല.

അതേസമയം ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്നു. ഭക്ഷണ സാധനങ്ങള്‍ ഇങ്ങോട്ടേക്ക് എത്തിക്കാനും കഴിയുന്നില്ല. ഇതോടെ ക്യാമ്പുകളില്‍ കഴിയുന്നവരെ കൂട്ടത്തോടെ ആലപ്പുഴയിലേക്ക് മാറ്റാനാണ് അധികൃതരുടെ തീരുമാനം. അതേ സമയം ക്യാമ്പുകള്‍ വിട്ട് പോകാന്‍ ജനങ്ങള്‍ തയ്യാറാകാത്തത് ജില്ലാ ഭരണകൂടത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ടോറസ് ലോറി മാത്രമാണ് ഇങ്ങോട്ടേക്കുള്ള ഏക യാത്രമാര്‍ഗം.

മലിനജലത്തില്‍ വെള്ളം പാകം ചെയ്യുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കും. ക്യാമ്പിലുള്ള ആര്‍ക്കെങ്കിലും അടിയന്തിര ചികിത്സയോ മറ്റോ വേണ്ടി വന്നാല്‍ സൗകര്യങ്ങളുള്ള ആശുപത്രികളിലേക്ക് മാറ്റാന്‍ വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടി വരിക. ശൗചാലയങ്ങള്‍ ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയായിരിക്കുന്നു. വ്യാപാര സ്ഥാപനങ്ങളില്‍ സ്റ്റോക്ക് തീര്‍ന്നുവരികയാണ്.

ഇക്കാര്യങ്ങളൊക്കെ കണക്കിലെടുത്താണ് ഉള്‍നാടന്‍ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പിലുള്ളവരെ ആലപ്പുഴ നഗരപ്രദേശത്തേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് നിര്‍ദേശം വില്ലേജ് ഓഫീസര്‍മാരും തഹസീല്‍ദാര്‍മാരും മുഖേന ക്യാമ്പിലുള്ളവരെ ബോധ്യപ്പെടുത്തി. എന്നാല്‍ ക്യാമ്പിലുള്ള വലിയൊരു ശതമാനം പേര്‍ക്കും തങ്ങളുടെ വീടിന് സമീപത്തുള്ള ക്യാമ്പുകള്‍ വിട്ടുപോകാന്‍ തയ്യാറാകുന്നില്ല.

തങ്ങളുടെ പ്രദേശം വിട്ട് പോകുന്നിതിലുള്ള മാനസിക വിഷമങ്ങളാണ് നിരവധി പേര്‍ പങ്ക് വെക്കുന്നത്. എന്നാല്‍ കടുത്ത കുടിവെള്ള ക്ഷാമവും മറ്റും നേരിടുന്ന ഇവിടെ നിന്ന് ജനങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരാവുന്ന സാഹചര്യവുമാണ് ഉള്ളത്.

ആലപ്പുഴ ജില്ലയില്‍ ബുധനാഴ്ച്ചവരെ മദ്യവില്‍പ്പന നിരോധനം

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ബുധനാഴ്ചവരെ മദ്യവില്‍പ്പന നിരോധനം ഏര്‍പ്പെടുത്തി. വെള്ളപ്പൊക്ക രക്ഷാപ്രവര്‍ത്തനങ്ങളുടെ നടത്തിപ്പില്‍ മദ്യത്തിന്റെ ഉപഭോഗവും വിപണനവും വിഘാതം സൃഷ്ടിക്കുന്നു എന്നതിനാലാണ് ജില്ലാ കളക്ടറുടെ നടപടി.
അബ്കാരി ആക്ട് 54 വകുപ്പ് പ്രകാരമാണ് ജില്ലാ കളക്ടറുടെ നടപടി.

നിങ്ങള്‍ക്കും കേരളത്തെ സഹായിക്കാം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം. ഇതാണ് സംഭാവനകള്‍ അയക്കാനുള്ള വിവരം.

Name of Donee: CMDRF

Account number : 67319948232

Bank: State Bank of India

Branch: Ctiy branch, Thiruvananthapuram

IFSC Code: SBIN0070028

Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.