കേരളത്തിന് 50,000 മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

പ്രളയം ദുരിതം വിതച്ച കേരളത്തിന് 50,000 മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. 100 മെട്രിക് ടണ്‍ പയറുവര്‍ഗങ്ങള്‍, 22 ലക്ഷം ലിറ്റര്‍ കുടിവെള്ളം, 9300 കിലോ ലിറ്റര്‍ മണ്ണെണ്ണ, 60 ടണ്‍ മരുന്ന് തുടങ്ങിയവ ലഭിക്കും. പുതപ്പുകളും കിടക്കവിരികളും അടക്കം പ്രത്യേക ട്രെയിന്‍ കേരളത്തിലെത്തും. സംസ്ഥാനത്ത് 5,645 ക്യാംപുകളിലായി 7,24,649 പേര്‍ താമസിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്റെ ഒന്നാം ഘട്ടം കഴിഞ്ഞു. ഇനി ദുരിതാശ്വാസത്തിനാണ് ഊന്നല്‍ നല്‍കേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനിടെ, എല്ലാ ജില്ലകളിലെയും അതീവ ജാഗ്രതാ നിര്‍ദേശം (റെഡ് അലര്‍ട്ട്) പിന്‍വലിച്ചു. കനത്ത മഴയുണ്ടാകില്ലെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.

പ്രളയത്തില്‍ സംസ്ഥാനത്ത് 221 പാലങ്ങള്‍ക്കു കേടുപറ്റി. 59 എണ്ണം വെള്ളത്തിലായി. 4,441 കോടിയുടെ നഷ്ടവും കണക്കാക്കുന്നു. നശിച്ച റോഡുകള്‍ ഏതുവിധേനയും യാത്രായോഗ്യമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂരസര്‍വീസുകള്‍ ഭാഗികമായി തുടങ്ങിയിട്ടുണ്ട്. കോട്ടയം വഴി ട്രെയിനുകളും ഓടിത്തുടങ്ങി.