പ്രളയക്കെടുതി: കെഎസ്ഇബിക്ക് ഉണ്ടായത് 350 കോടി രൂപയുടെ നഷ്ടം; വരുമാന നഷ്ടം 470 കോടി രൂപ

തിരുവനന്തപുരം: പ്രളയക്കെടുതി, കെഎസ്ഇബിയ്ക്ക് ഉണ്ടാക്കിയത് 350 കോടി രൂപയുടെ നഷ്ടമാണെന്ന് വിലയിരുത്തല്‍. 470 കോടിയുടെ വരുമാന നഷ്ടമുണ്ടായതായും വൈദ്യുതി ബോര്‍ഡ് അറിയിച്ചു.

അതേസമയം, പ്രളയക്കെടുതിയുടെ സാഹചര്യത്തില്‍ വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കുന്നതിന് പൊതുജനങ്ങള്‍ പരമാവധി ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. വൈദ്യുതി മീറ്ററുകളിലും മറ്റും ജലം കയറിയിട്ടുള്ള സാഹചര്യത്തില്‍ വെള്ളം പൂര്‍ണമായും ഇറങ്ങുന്നതിന് മുന്‍പ് വീടുകളിലെത്തി വൃത്തിയാക്കാന്‍ ശ്രമിക്കരുത്. വയറിംഗിനുള്ളില്‍ വെള്ളം കയറിയ വീടുകളില്‍ മെയിന്‍ സ്വിച്ച് ഓണാക്കാതിരിക്കുന്നതിനും ശ്രദ്ധിക്കണം.

പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ട്രാന്‍സ്‌ഫോമറുകള്‍, പോസ്റ്റുകള്‍, ലൈനുകള്‍ മറ്റ് ഇലക്ട്രിക് ഉപകരണങ്ങള്‍ എന്നിവയുടെ സമീപത്തേക്ക് പോകരുത്. ഇലക്ട്രിക് ലൈനുകളിലും ട്രാന്‍സ്‌ഫോമറുകളിലും അപകടകരമായതോ അസാധരണമായതോ ആയ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുള്ള സെക്ഷന്‍ ഓഫീസില്‍ അറിയിക്കണം. 1912 എന്ന ടോള്‍ ഫ്രീ നമ്പറിലും 9496001912 എന്ന വാട്‌സ് ആപ്പ് നമ്പറിലും ഇത് അറിയിക്കാവുന്നതാണ്. ലൈനുകളില്‍ മുട്ടി നില്‍ക്കുന്നതും വളരെ സമീപമുള്ള മരങ്ങളിലും ശിഖരങ്ങളിലും സ്പര്‍ശിച്ചാല്‍ അപകടസാധ്യതയുണ്ട്.

പൊതുനിരത്തുകളിലും മറ്റും യാത്ര ചെയ്യുമ്പോള്‍ വളരെയേറെ ശ്രദ്ധിച്ച് മാത്രം നടക്കുക. ശിഖരങ്ങളും മരങ്ങളും വീണ് വൈദ്യുതി കമ്പി പൊട്ടി വീണിരിക്കുവാന്‍ സാധ്യതയുണ്ട്. ജലനിരപ്പ് ഉയരുകയും ലൈനുകള്‍ താഴ്ന്ന് സുരക്ഷിതമായ അകലമില്ലാത്ത പ്രദേശങ്ങളുമുണ്ടാകാം. പരിചിതമല്ലാത്ത റൂട്ടുകളിലും റോഡുകളിലും കൂടിയുള്ള യാത്ര കഴിവതും ഒഴിവാക്കുക. താത്കാലികമായി കെട്ടിടത്തിന് അകത്തും പുറത്തും നല്‍കിയിരിക്കുന്ന മുഴുവന്‍ വൈദ്യുതി കണക്ഷനുകളും വിച്ഛേദിക്കുക. കെട്ടിടത്തിന് പുറത്ത് സ്ഥാപിച്ചിരിക്കുന്നതും വെള്ളം കയറിയതുമായ സ്ഥലങ്ങളിലെ മോട്ടോറുകള്‍, ലൈറ്റുകള്‍ മറ്റ് ഉപകരണങ്ങള്‍ എന്നിവയിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണെന്ന് ഉറപ്പ് വരുത്തണം. ജനറേറ്ററുകള്‍ , ഇന്‍വേര്‍ട്ടറുകള്‍, യു.പി.എസ് എന്നിവ അടിയന്തരാവശ്യത്തിന് മാത്രം പ്രവര്‍ത്തിപ്പിക്കുക.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF

Account number : 67319948232

Bank: State Bank of India

Branch: City branch, Thiruvananthapuram

IFSC Code: SBIN0070028

Swift Code: SBININBBT08

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ