കേരളത്തിന്റെ സ്വന്തം സൈന്യത്തെ ഈ മാസം 29ന് ആദരിക്കും

പ്രളയ ദുരന്തത്തില്‍ പെട്ട കേരളത്തിന് കൈത്താങ്ങുമായി വന്ന മത്സ്യത്തൊഴിലാളികളെ ആദരിക്കുവാന്‍ ഒരുങ്ങി സര്‍ക്കാര്‍. ഈ മാസം 29ന് നിശാഗന്ധിയില്‍ വെച്ച് സംഘടിപ്പിക്കുന്ന ചടങ്ങിലാണ് സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെ ആദരിക്കുന്നത്.

കേരളം പ്രളയ ജലത്തില്‍ മുങ്ങിയപ്പോള്‍ മുന്നും പിന്നും നോക്കാതെ ഓടി എത്തിയവരാണ് മത്സ്യത്തൊഴിലാളികള്‍. പ്രളയക്കെടുതി രൂക്ഷമായ കഴിഞ്ഞ വ്യാഴാഴ്ചമുതല്‍ ഇവര്‍ ദുരിതബാധിത സ്ഥലങ്ങളില്‍ സജീവമായി ഉണ്ടായിരുന്നു. നിരവധി പേരെയാണ് സ്വന്തം ജീവല്‍ പോലും പണയം വെച്ച് ഇവര്‍ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയത്.

കഴിഞ്ഞ ദിവസം നടന്ന പത്ര സമ്മേളനത്തില്‍ കേരളത്തിലെ മുഖ്യ മന്ത്രി തന്നെ ഇവരുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് മുന്നോട്ട് വന്നിരുന്നു. കേരളത്തിന്റെ സൈന്യമാണ് മത്സ്യത്തൊഴിലാളികള്‍ എന്ന് മുഖ്യ മന്ത്രി ഇവരെ പ്രശംസിച്ച് പറഞ്ഞത് കേരളക്കര ഹര്‍ഷാരവത്തോടെയാണ് കേട്ടുനിന്നത്. അതിനു ശേഷം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ നിരവധി പേര്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പിന്തുണയുമായി എത്തിയിരുന്നു.

രക്ഷാപ്രവര്‍ത്തനത്തില്‍ മത്സ്യത്തൊഴിലാളികളുടെ വലിയ ഇടപെടലുകളുണ്ടായിട്ടുണ്ട്. അവര്‍ക്ക് ഓരോ ബോട്ടിനും ഇന്ധനത്തിന് പുറമെ ദിവസംതോറും 3000 രൂപ നല്‍കണമെന്ന് തീരുമാനിച്ചിട്ടുണ്ട്. കേടുപാടു പറ്റുകയും നഷ്ടപ്പെട്ട് പോകുകയും ചെയ്ത ബോട്ടുകള്‍ക്ക് നഷ്ട പരിഹാരം നല്‍കും. ദുരിതാശ്വാസത്തിന് എത്തിച്ച ബോട്ടുകള്‍ കൊണ്ടുവന്ന പോലെ തന്നെ തിരിച്ചെത്തിക്കും. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ കീഴില്‍ സ്വീകരണം നല്‍കുമെന്നുമാണ് കഴിഞ്ഞ ദിവസം നടത്തിയ പത്ര സമ്മേളനത്തില്‍ മുഖ്യ മന്ത്രി പറഞ്ഞത്. ഇപ്പോള്‍ ഇതാ ഏറെ താമസമില്ലാതെ അതിനുള്ള ദിവസവും സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞു.