ക്യാമ്പുകളില്‍ രാഷ്ട്രീയം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി; ‘അവസാനത്തെ ആളെയും രക്ഷിച്ചിട്ടേ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കൂ’

പ്രളയക്കെടുതിയില്‍ നിന്നും കേരളം ആശ്വാസ്യകരമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. പ്രളയത്തില്‍ ഒറ്റപ്പെട്ട അവസാനത്തെ ആളെയും രക്ഷപ്പെടുത്തുന്നതുവരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു.

പ്രളയത്തില്‍ അകപ്പെട്ട 602 പേരെ ഇന്ന് രക്ഷപെടുത്തിയതായി. ദുരിതാശ്വാസ ക്യാമ്പുകളില്‍ സംഘടനകളുടെ അപ്രമാദിത്തം അനുവദിക്കില്ലെന്നും രക്ഷാദൗത്യം വിലയിരുത്തിയുള്ള വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

‘പ്രളയത്തില്‍ അകപ്പെട്ടുപോയ അവസാനത്തെയാളെ രക്ഷിക്കുംവരെ എല്ലാ സജ്ജീകരണങ്ങളും തുടരും. 3274 ക്യാമ്പുകളാണ് ഇപ്പോള്‍ കേരളത്തില്‍ ആകെയുള്ളത്. 10,28,073 പേര്‍ ക്യാമ്പുകളിലുണ്ട്. വെള്ളമിറങ്ങിയിട്ടും വീടുകള്‍ വാസയോഗ്യമല്ലാത്തതിനാല്‍ ക്യാമ്പുകളില്‍ കഴിയേണ്ടിവരുന്നുണ്ട് പല കുടുംബങ്ങള്‍ക്കും. ചില വീടുകള്‍ അപകടത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍. വീടുകള്‍ വാസയോഗ്യമാക്കാനായുള്ള നടപടികള്‍ ധ്രുതഗതിയില്‍ സ്വീകരിക്കാനാണ് തീരുമാനം. അത് പൂര്‍ത്തിയാവുംവരെ ദുരിതാശ്വാസ ക്യാമ്പുകള്‍ തുടരേണ്ടിവരും. വീടുകളിലേക്ക് തിരികെ പോകുന്നവര്‍ക്ക് അവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റ് നല്‍കും. വൈദ്യുതി കണക്ഷന്‍ ഇല്ലാത്ത സ്ഥലമാണെങ്കില്‍ കെഎസ്ഇബി അടിയന്തര നടപടി സ്വീകരിക്കും. വീടുകളിലും ക്യാമ്പുകളിലും ഉള്ളവരുടെ ആരോഗ്യത്തിനായി കര്‍മ്മപദ്ധതി തയ്യാറാക്കും.’

പ്രളയത്തില്‍ നനഞ്ഞുപോയ നോട്ടുകള്‍ക്ക് പകരം നല്‍കാമെന്ന് റിസര്‍വ്വ് ബാങ്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. വിവാഹങ്ങളില്‍ ആര്‍ഭാടം വേണ്ടെന്നുവച്ച് ആ തുക ദുരിതാശ്വാസ നിധിയിലേക് നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ‘ഫണ്ട് സ്വീകരിക്കാന്‍ തെറ്റായ രീതികള്‍ പാടില്ല. അത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നടപടി ഉണ്ടാകും.’ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ മത്സ്യ തൊഴിലാളികള്‍ക്ക് 29ന് തിരുവന്തപുരത്ത് ആദരം നല്‍കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ക്യാമ്പുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ വഴി മാത്രമേ സഹായങ്ങള്‍ നല്‍കാന്‍ കഴിയൂ. നേരിട്ട് സഹായം നല്‍കണം എന്നു പറഞ്ഞാല്‍ അത് സമ്മതിക്കാന്‍ കഴിയില്ല. ചില സംഘടനകള്‍ അവരുടെ അടയാളങ്ങളോടു കൂടി ക്യാമ്പില്‍ കടക്കാന്‍ ശ്രമിക്കുന്നുണ്ട്. അത് അനുവദിക്കാന്‍ കഴിയില്ല, ക്യാമ്പ് ഇപ്പോള്‍ ഒരു വീടാണ്. അത് നശിപ്പിക്കാന്‍ അനുവദിക്കില്ല.

ഓണം വേണ്ടെന്നു വെച്ചിട്ടുണ്ട്. ആര്‍ഭാടകരമായ ചടങ്ങുകളെല്ലാം ഒഴിവാക്കാം. എന്നാല്‍ ചില ചടങ്ങുകള്‍ നമുക്ക് പാലിക്കാം. ആര്‍ഭാടം ഒഴിവാക്കി ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തയ്യാറാകണം.ദുരിതാശ്വാസത്തിന്റെ പേരില്‍ ചിലര്‍ ഫണ്ട് സ്വീകരിക്കുന്നതായി കണ്ടിട്ടുണ്ട്. അതിനെതിരെ കര്‍ക്കശ നടപടി സ്വീകരിക്കും. ആളൊഴിഞ്ഞ വീടുകളില്‍ കടന്നുകയറി മോഷണം നടത്തുന്നവര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.