മനുഷ്യാവകാശ ദിനം ഇന്ന്; കമ്മീഷന്റെ അവകാശം ആര് സംരക്ഷിക്കും?

ഇന്ന് ലോക മനുഷ്യാവകാശ ദിനം. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ അവകാശങ്ങള്‍ ആര് സംരക്ഷിക്കും എന്നതാണ് ഇന്നത്തെ ചോദ്യം.

കമ്മീഷന് നാഥനില്ലാതായിട്ട് മാസം നാലായി. ഇക്കഴിഞ്ഞ ഓഗസ്റ്റ് 31നാണ് കമ്മീഷന്‍ അധ്യക്ഷനായിരുന്ന മുന്‍ പാറ്റ്‌ന ചീഫ് ജസ്റ്റിസ് ജെ.ബി.കോശി വിരമിച്ചത്.അന്നുതന്നെ സര്‍ക്കാര്‍ മനുഷ്യാവകാശ കമ്മീഷനിലെ ജുഡീഷ്യല്‍ അംഗമായ മുന്‍ ജില്ലാ ജഡ്ജി പി.മോഹനദാസിന് അധ്യക്ഷന്റെ ചുമതല താത്കാലികമായി നല്‍കി. എറണാകുളം കുടുംബകോടതി ജഡ്ജിയായിരിക്കെയാണ് മോഹന ദാസ് കമ്മീഷന്‍ അംഗമായി നിയമിതനായത്.

മാസം നാലു കഴിഞ്ഞിട്ടും മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനെ നിയമിക്കാത്തതിനു കാരണം മലയാളി ചീഫ് ജസ്റ്റിസ് ഇല്ലാത്തതാണെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു. എന്നാല്‍ കേരള ഹൈകോടതിയില്‍ നിയമിക്കപ്പെടുന്നവരെല്ലാം മലയാളികളാണോ? ഇപ്പോള്‍ കേരള ഹൈകോടതിയുടെ തലവനായിരിക്കുന്ന ആള്‍ കര്‍ണാടകക്കാരനാണ്.

സംസ്ഥാന കമ്മീഷന്റെ തലവന്‍ മലയാളിയായിരിക്കണമെന്ന് മനുഷ്യാവകാശ നിയമത്തിലൊരിടത്തും പറഞ്ഞിട്ടില്ല.നേരത്തെ കമ്മീഷന്‍ അധ്യക്ഷനായിരുന്ന ജസ്റ്റിസ് എന്‍.ദിനകര്‍ തമിഴ് നാട്ടുകാരനായിരുന്നു. അദ്ദേഹത്തിന് മലയാളം അറിയുമായിരുന്നില്ല. എന്നിട്ടൊന്നും സംഭവിച്ചില്ല.

ഒരു വര്‍ഷം 13000ത്തിലധികം പരാതികളാണ് കമ്മീഷനിലെത്തുന്നത്.കമ്മീഷന്‍ താത്കാലിക അധ്യക്ഷന്‍ പി.മോഹനദാസും കമ്മീഷന്‍ അംഗം കെ.മോഹന്‍കുമാറുമാണ് 14 ജില്ലകളിലും ഓടിനടന്ന് കേസ് നടത്തുന്നത്.

മനുഷ്യാവകാശ കമ്മീഷന്‍ ഓഫീസ് കമ്പ്യൂട്ടര്‍വത്കരിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. സര്‍ക്കാരുകള്‍ മാറി മാറി വന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ഒരു കേസ് നമ്പര്‍ അറിയണമെങ്കില്‍ ചിതലരിച്ച രേഖകള്‍ തപ്പണം.

കമ്മീഷന്‍ ഓഫീസ് നാലര ലക്ഷം രൂപ വാടകക്ക് ഒരു വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സ്വന്തം കെട്ടിടം എന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

ചുരുക്കത്തില്‍ കമ്മീഷന് നടക്കണമെങ്കില്‍ ഒരു ഊന്നുവടി കൂടിയേ തീരൂ എന്നതാണ് അവസ്ഥ.