മെത്രാന്‍മാര്‍ വിരട്ടി; മനോരമ വാലുചുരുട്ടി

  • മലയാള മനോരമ പ്രസിദ്ധീകരണമായ ഭാഷാപോഷിണിയുടെ ഡിസംബര്‍ ലക്കത്തില്‍ അന്ത്യ അത്താഴ മാതൃകയില്‍ ടോം വട്ടക്കുഴി വരച്ച ചിത്രം വിവാദമായി.

     

  • കേവലം ഒരു പടം കൊണ്ട് ഹനിക്കപ്പെടുന്നതാണോ ക്രിസ്തീയ വിശ്വാസം എന്ന് ചോദ്യം ഉയരുന്നു

     

  • ഭാഷാപോഷിണിയുടെ ഡിസംബര്‍ ലക്കം മുഴുവനായി വിപണിയില്‍ നിന്ന് പിന്‍വലിച്ചു

     

  • 1980 കളില്‍ പി.എ. ആന്റണിയുടെ ‘ക്രിസ്തുവിന്റെ ആറാം തിരുമുറിവ്’ എന്ന നാടകം സ്റ്റേജില്‍അവതരിപ്പിച്ചതിനെതിരെ കത്തോലിക്കാ സഭ നാടാകെ കലാപവും വിവാദവും അഴിച്ചുവിട്ടു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി ഒന്നിച്ച സംഭവമായിരുന്നു

     

  • സര്‍ക്കുലേഷന്‍ കുറയുമെന്ന ഭീതിയിലാണ് മനോരമ ഈ ചിത്രം പിന്‍വലിച്ചത്

-വൈഫൈ റിപ്പോര്‍ട്ടര്‍ ഡെസ്‌ക്-

കോട്ടയം: ക്രൈസ്തവ സഭാനേതാക്കളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് മലയാള മനോരമ പ്രസിദ്ധീകരണമായ ഭാഷാപോഷിണി ഡിസംബര്‍ ലക്കം വിപണിയില്‍ നിന്ന് പിന്‍വലിച്ചു. ലിയനാഡോ ഡാവിഞ്ചിയുടെ വിഖ്യാതചിത്രമായ അന്ത്യ അത്താഴത്തിന്റെ മാതൃകയില്‍ ടോം വട്ടക്കുഴി എന്ന ചിത്രകാരന്‍ വരച്ച പെയിന്റിംഗ് വിവാദമായതിനെത്തുടര്‍ന്നാണ് വിപണിയിലിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ഭാഷാപോഷിണി പിന്‍വലിച്ചത്.

ഇയോബിന്റെ പുസ്തകം എന്ന ചലച്ചിത്രത്തിന്റെ തിരക്കഥാകൃത്ത് സി ഗോപന്‍ കുപ്രസിദ്ധ ചാരവനിത മാതാഹരിയുടെ ജീവിതത്തെ ആസ്പദമാക്കി രചിച്ച ‘മൃദ്വംഗിയുടെ ദുര്‍മൃത്യു’ എന്ന നാടകത്തിന് വേണ്ടി വരച്ച ചിത്രമാണ് വിവാദമായത്. ഇതിനെതിരെ കത്തോലിക്കാസഭ അടക്കമുള്ള ക്രിസ്ത്യന്‍ സമുദായങ്ങളില്‍ നിന്നുണ്ടായ അതിരൂക്ഷമായ വിമര്‍ശനമാണ് ഭാഷാപോഷിണി മാസിക പിന്‍വലിക്കാന്‍ നിര്‍ബന്ധിതമായത്. ലോകത്ത് പലയിടത്തും അത്തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ മാധ്യമങ്ങള്‍ക്ക് മേല്‍ ഉണ്ടായിട്ടുണ്ടെങ്കിലും മലയാളത്തില്‍ അപൂര്‍വ്വമായാണ് ഒരു പ്രസിദ്ധീകരണത്തിന്റെ ലക്കം അപ്പാടെ പിന്‍വലിക്കപ്പെടുന്നത്. മലയാള മനോരമയുടെ കീഴിലുള്ള ഭാഷാപോഷിണിയുടെ എഡിറ്റര്‍ കെ സി നാരായണനാണ്.

അന്ത്യത്താഴത്തില്‍ യേശുക്രിസ്തുവും പന്ത്രണ്ട് ശിഷ്യന്മാരും അവസാനത്തെ അത്താഴത്തിനിരിക്കുന്ന ചിത്രത്തിന്റെ മാതൃകയില്‍ അര്‍ധ നഗ്നയായ മാതാഹരിയുടെ സമീപം പന്ത്രണ്ട് കന്യാസ്ത്രീകള്‍ ഇരിക്കുന്ന ചിത്രമാണ് ടോം വട്ടക്കുഴി എന്ന ചിത്രകാരന്‍ വരച്ചത്. യേശുവിന്റെ ഇരുവശത്തുമായി ആറുശിഷ്യര്‍ വീതം അത്താഴത്തിരിനിരിക്കുന്ന വിഖ്യാതചിത്രമാണ് ഡാവിഞ്ചിയുടേത്. ടോം വട്ടക്കുഴിയുടെ അത്താഴമേശയുടെ നടുവില്‍ ക്രിസ്തുവിന് പകരം ചുവന്ന പുറങ്കുപ്പായമണിഞ്ഞ മാതാഹരിയുടെ മാറ് തുറന്നിരിക്കുന്ന രൂപമാണ്. ക്രിസ്തുവിന്റെ മുഖഭാവത്തിന് തുല്യമാണ് മാതാഹരിയുടേയും.

painting-thewifireporter

ഇരുവശത്തുമായി ആറുവീതം കന്യാസ്ത്രീമാരുമുണ്ട്. ഇവരുടെ ഭാവങ്ങളും ചലനങ്ങളും ക്രിസ്തുശിഷ്യരുടേതിന് സമാനവുമാണ്. ക്രിസ്തുവിന്റെ അത്താഴ മേശയില്‍ അപ്പവും വീഞ്ഞും മീനുമായിരുന്നെങ്കില്‍ ഇവിടെ ആപ്പിളും അപ്പവും ഗ്ലാസുകളില്‍ വെള്ളവുമാണ്. ഹൗവ്വ ആദത്തിന് നല്‍കിയ ആപ്പിളിനെ സൂചിപ്പിക്കാനാണ് തീന്‍ മേശയില്‍ ആപ്പിള്‍ ചിത്രീകരിച്ചതെന്നും വിമര്‍ശനമുണ്ട്. ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ തോക്കേന്തിയ പട്ടാളക്കാരെയും കാണാം. അന്ത്യത്താഴ ചിത്രത്തിന്റെ മാതൃകയില്‍ ഉള്ള ചിത്രമായതിനാലാണ് ക്രിസ്ത്യന്‍ സഭകള്‍ വന്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്.

ക്രിസ്തുവിന്റെ അന്ത്യത്താഴം ഡാവിഞ്ചി എന്ന മഹാനായ ചിത്രകാരന്റെ ഭാവനയാണെങ്കിലും കത്തോലിക്കാസഭ അടക്കമുള്ള ക്രിസ്ത്യന്‍ സഭാവിഭാഗങ്ങള്‍ ഇതിനെ പൂര്‍ണമായും അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ അതേ മാതൃകയില്‍ മറ്റൊരു ചിത്രകാരന്റെ ഭാവനയെ അംഗീകരിക്കാന്‍ ക്രിസ്ത്യന്‍ സഭാവിഭാഗം തയ്യാറാകാത്തത് കടുത്ത അസഹിഷ്ണുതയാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ഒരു ചിത്രത്തിന്റെ പേരില്‍ ഒരു സാഹിത്യമാസികയുടെ ലക്കം അപ്പാടെ പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്തിരിയുകയാണ് മലയാള മനോരമ മാനേജ്മെന്റ് വേണ്ടതെന്ന നിലപാടാണ് സാഹിത്യസാംസ്‌കാരിക ലോകത്തിന്റേത്.

മാതാഹരിയുടെ ജീവിതത്തെക്കുറിച്ച് വിശ്വപ്രസിദ്ധ നോവലിസ്റ്റ് പൗലോ കൊയ്‌ലോ എഴുതിയ ദ സ്പൈ എന്ന നോവല്‍ തരംഗമായതോടെ മാതാഹരിയുടെ ജീവിതം വീണ്ടും ചര്‍ച്ചയായിരുന്നു. ഒന്നാം ലോകമഹായുദ്ധകാലത്ത് ജര്‍മ്മനിക്ക് വേണ്ടി ചാരപ്പണി ചെയ്തുവെന്നാരോപിച്ചാണ് ഫ്രഞ്ച് പട്ടാളം മാതാഹരിയെ പിടികൂടി വെടിവച്ചുകൊല്ലുന്നത്. എന്നാല്‍ പൗലോ കൊയ്‌ലോ ഈ വാദത്തെ പൊളിച്ചാണ് ദ സ്പൈ എന്ന നോവലില്‍ മാതാഹരിയെ ചിത്രീകരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് മാതാഹരിയുടെ അന്ത്യനിമിഷങ്ങളെ പ്രതിപാദിക്കുന്ന നാടകം സി ഗോപന്‍ എഴുതിയത്.

മാതാഹരിയുടെ ജീവിതത്തെക്കുറിച്ച് ആദ്യമായി മലയാളത്തില്‍ എഴുതിയത് പ്രശസ്ത കവി വൈലോപ്പള്ളി ശ്രീധരമേനോനാണ്. നര്‍ത്തകി എന്ന പേരില്‍ എഴുതിയ ആ കവിതയെ അടിസ്ഥാനമാക്കിയാണ് സി ഗോപന്‍ ‘മൃദ്വംഗിയുടെ ദുര്‍മൃത്യു’ എന്ന നാടകം എഴുതിയത്. വെടിവച്ചുകൊല്ലപ്പെടുന്നതിന് മുമ്പ് ഒരു കന്യാസ്ത്രീ മഠത്തില്‍ മാതാഹരി ആടിയ അന്ത്യനൃത്തമാണ് വൈലോപ്പിള്ളിയുടെ നര്‍ത്തകിയുടെ പ്രമേയം. വൈലോപ്പിള്ളി അടക്കമുള്ളവര്‍ കഥാപാത്രമായി രംഗത്തുവരുന്ന നാടകത്തില്‍ കവിതയുടെ വരികള്‍ അപ്പാടെ തന്നെ ഉപയോഗിക്കുന്നുണ്ട്.

മാതാഹരി കന്യാസ്ത്രീകളോടൊത്ത് മരണത്തിന്റെ തലേന്ന് അത്താഴത്തിനെത്തുന്ന പരാമര്‍ശമാണ് വിവാദമായ ചിത്രീകരണത്തിന് ആധാരമായിരിക്കുന്നത്.
ഭാഷാപോഷിണി ഡിസംബര്‍ ലക്കത്തിന്റെ മുഖചിത്രം ശ്രീനാരായണഗുരുവിന്റെ മുഖം തകര്‍ന്ന ഒരു പ്രതിമയാണ്. ഗുരുവിന്റെ ജാതിയില്ലാ വിളംബരത്തെക്കുറിച്ചുള്ള ലേഖനവും ഈ ലക്കത്തിലുണ്ട്