യുഎസ്-ഉത്തരകൊറിയ ബന്ധം വീണ്ടും ഉലയുന്നു; പോംപിയോയുടെ സന്ദര്‍ശനം ട്രംപ് റദ്ദാക്കി

വാഷിംഗ്ടണ്‍: ഉത്തരകൊറിയയുടെ ആണവനിരായുധീകരണത്തില്‍ യാതൊരു പുരോഗതിയുമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഉത്തര കൊറിയയെ ആണവപരീക്ഷണങ്ങളില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ചൈന ഒന്നും ചെയ്യുന്നില്ലെന്നും, സാമ്പത്തിക ഉപരോധങ്ങള്‍ തുടരുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

ഇതേത്തുടര്‍ന്നു വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ നടത്താനിരുന്ന ഉത്തരകൊറിയന്‍ സന്ദര്‍ശനം ട്രംപ് റദ്ദാക്കി.

ആണവനിരായുധീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വേണ്ടിയായിരുന്നു പോംപിയോ കൊറിയന്‍ സന്ദര്‍ശനം നടത്താനിരുന്നത്.

സിംഗപ്പൂരില്‍ നടന്ന കിം-ട്രംപ് ഉച്ചകോടിയിലെ ധാരണപ്രകാരം നേരത്തെ ഉത്തര കൊറിയ ആണവ നിരായുധീകരണ നടപടികള്‍ തുടങ്ങിയിരുന്നു.

ഉത്തര കൊറിയ ഒരു തരത്തിലുള്ള ആണവഭീഷണിയും ഉയര്‍ത്തുന്നില്ലെന്ന് ഉന്നുമായുള്ള ജൂണിലെ സിംഗപ്പൂരിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ആണവപരീക്ഷണശാലകള്‍ അടച്ചുപൂട്ടുന്നതില്‍ ഉത്തരകൊറിയ സ്വീകരിച്ച മെല്ലെപ്പോക്കാണ് ട്രംപിനെ പ്രകോപിതനാക്കിയിരിക്കുന്നത്.