പ്രളയസമയത്ത് ഒന്‍പതു വയസ്സുകാരനെ പുഴയിലെറിഞ്ഞ പിതൃസഹോദരന്‍ അറസ്റ്റില്‍

മലപ്പുറം: പ്രളയക്കാലത്ത് നാലാം ക്ലാസ് വിദ്യാര്‍ഥിയെ പുഴയിലെറിഞ്ഞ പിതൃസഹോദരന്‍ അറസ്റ്റില്‍. മലപ്പുറം എടയാറ്റൂരിലെ നാലാം ക്ലാസ് വിദ്യാര്‍ഥി ഷഹീനെ (ഒന്‍പത് വയസ്സ്)യാണ് പിതൃസഹോദരന്‍ മുഹമ്മദ് പുഴയിലെറിഞ്ഞത്. ഇയാളെ ഇന്ന് പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കും.

എടയാറ്റൂര്‍ ലക്ഷംവീട് കോളനിക്കു സമീപം താമസിക്കുന്ന മങ്കരത്തൊടി അബ്ദുള്‍ സലിം ഹസീന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷഹീനെ (9) ഈ മാസം 13 ാം തിയതിയാണ് കാണാതായത്. പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പിതാവ് അബ്ദുള്‍ സലീമിന്റെ സഹോദരന്‍ മുഹമ്മദാണ് തട്ടികൊണ്ടു പോയതെന്നു സൂചന ലഭിച്ചത്.

ബൈക്കില്‍ കുട്ടിക്കൊപ്പം മുഹമ്മദ് പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പൊലിസ് ഇയാളിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചത്. മാതാപിതാക്കളില്‍ നിന്നു പണം തട്ടിയെടുക്കാന്‍ വേണ്ടിയാണ് ഇയാള്‍ കൃത്യം നടത്തിയതെന്നാണ് സൂചന.

അന്വേഷണം ഊര്‍ജിതമായതിനെ തുടര്‍ന്ന് കുട്ടിയെ ഒളിപ്പിക്കാന്‍ കഴിയാതെ ആനക്കയം പാലത്തില്‍ നിന്ന് കുട്ടിയെ കടലുണ്ടി പുഴയിലേക്കെറിയുകയായിരുന്നു. പുഴയില്‍ ഫയര്‍ ഫോഴ്‌സ്, പൊലിസ്, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വതില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്. പ്രളയത്തിന്റെ മറവില്‍ കൊലപാതകം മറക്കാനാണ് പുഴയിലെറിഞ്ഞതെന്നാണ് സൂചന.