പ്രളയക്കെടുതി: കര്‍ണാടകയില്‍ വന്ന് മന്ത്രിമാരുമായി തർക്കിച്ച് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍

പ്രളയദുരന്തം വിലയിരുത്താന്‍ കര്‍ണാടകയില്‍ എത്തിയ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ സംസ്ഥാന മന്ത്രിമാരോട് ‘ഈഗോ ക്ലാഷില്‍’ ഏര്‍പ്പെട്ടത് വിവാദമാവുന്നു. കുടക് ജില്ലയില്‍ അവലോകന യോഗത്തിലാണ് നിര്‍മലാ സീതാരാമന്‍ മന്ത്രിമാരോട് ക്ഷോഭിക്കുകയും തര്‍ക്കിക്കുകയും ചെയ്തത്.

കുടക് ജില്ലയുടെ ചുമതലയുള്ള മന്ത്രി സ റ മഹേഷുമാണ് മാധ്യമങ്ങളുടെയും ഉദ്യോഗസ്ഥരുടെയും മുമ്പില്‍ നിര്‍മലാ സീതാരാമന്‍ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടത്. ജില്ലാ കമ്മിഷണറുടെ ഓഫിസില്‍ ചേര്‍ന്ന ഔദ്യോഗിക യോഗത്തിലാണ് സംഭവം.

കേന്ദ്രമന്ത്രി ആദ്യം ദുരിതബാധിതരെ കാണാന്‍ പോയപ്പോള്‍, ഉദ്യോഗസ്ഥര്‍ അവലോകന യോഗത്തിനായി കാത്തിരിക്കുകയാണെന്നും അതുകഴിഞ്ഞ് അവര്‍ക്ക് പുരനധിവാസ പ്രവര്‍ത്തനത്തിന് പോകാനുണ്ടെന്നും മന്ത്രി മഹേഷ് നിര്‍മലാ സീതാരാമനെ അറിയിച്ചു. ഉദ്യോഗസ്ഥരുമായി സംവദിച്ചു കഴിഞ്ഞ് ദുരിതബാധിതരെ കാണാമെന്നാണ് മന്ത്രി മഹേഷ് അറിയിച്ചത്.

എന്നാല്‍ ഇതോടെ നിര്‍മലാ സീതാരാമന്‍ ദേഷ്യപ്പെടാന്‍ തുടങ്ങി. ”ഞാന്‍ ചുമതലയുള്ള മന്ത്രിയെ പിന്തുടരണം, കേന്ദ്രമന്ത്രി ഒരു ചുമതലക്കാരനായ മന്ത്രിയെ ഇവിടെ പിന്തുടരണം. അവിശ്വസനീയം! നിങ്ങളുടെ കയ്യില്‍ പിന്തുടരേണ്ടതിന്റെ മിനിറ്റ് ടു മിനിറ്റ് ലിസ്റ്റുണ്ട്. ഞാന്‍ നിങ്ങളുടെ ഷെഡ്യൂള്‍ അനുസരിച്ച് ചെയ്യുന്നു”- മാധ്യമങ്ങളുടെ മൈക്കുകള്‍ ഓണായിരിക്കേ തന്നെ നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാംഗമാണ് നിര്‍മലാ സീതാരാമന്‍. സംഭവത്തെ അപലപിച്ച് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി. പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി മോദിയെ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹത്തിന്റെ പ്രതിനിധിയായ പ്രതിരോധ മന്ത്രിക്ക് സംസ്ഥാന മന്ത്രിമാര്‍ക്കു മേല്‍ ആധിപത്യം സ്ഥാപിക്കാനാണ് കൂടുതല്‍ താല്‍പര്യമെന്നും സിദ്ധരാമയ്യ പറഞ്ഞു.

മഴക്കെടുതി മൂലം കുടക് ഭാഗത്ത് 17 പേര്‍ മരിക്കുകയും 5000 ത്തില്‍ കൂടുതല്‍ പേര്‍ക്ക് വീട് നഷ്ടപ്പെടുകയും ചെയ്തു.