ആറന്‍മുളയിലും കോഴഞ്ചേരിയിലും ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം കിട്ടുന്നില്ലെന്ന് വീണാ ജോര്‍ജ് എംഎല്‍എ

പത്തനംതിട്ട: ആറന്‍മുളയിലും കോഴഞ്ചേരിയിലും ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം കിട്ടുന്നില്ലെന്ന് വീണാ ജോര്‍ജ് എംഎല്‍എ. ഭക്ഷണം എത്തിക്കാന്‍ ഏകോപന സമിതികള്‍ രൂപീകരിക്കണമെന്ന് വീണാ ജോര്‍ജ് പറഞ്ഞു. വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തില്‍ ഫ്‌ളഡ് മാപ്പിങ്ങിനുള്ള സംവിധാനം വേണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

അതേസമയം മോട്ടറുകളും ജനറേറ്ററുകളും ഉപയോഗിച്ച് കിണറുകൾ സൗജന്യമായി വൃത്തിയാക്കാൻ ആരംഭിച്ചിരിക്കുന്നതായി എംഎല്‍എ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.

വീണാ ജോര്‍ജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മലിനമാക്കപ്പെട്ട കിണറുകൾ വൃത്തിയാക്കുക എന്നതാണ് നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഒരു കിണർ വൃത്തിയാക്കാൻ പതിനായിരം രൂപ മുതൽ മുകളിലേക്ക് ആവശ്യപ്പെടുന്നതായി മനസ്സിലാക്കുന്നു.ജനപ്രതിനിധി എന്ന നിലയിൽ ആളുകൾ നേരിടുന്ന ഈ ദുരിതത്തിൽ വ്യക്തിപരമായി അടിയന്തിര ഇടപെടൽ അനിവാര്യമായിരുന്നു. ആയതിനാൽ മോട്ടറുകളും ജനറേറ്ററുകളും ഉപയോഗിച്ച് കിണറുകൾ സൗജന്യമായി വൃത്തിയാക്കാൻ ആരംഭിച്ചിരിക്കുന്നു. ഇതുവരെ 49 കിണറുകൾ വൃത്തിയാക്കി.
അഞ്ചാറുവീടുകൾക്കായി ആദ്യഘട്ടത്തിൽ ഒരു കിണർ എന്ന നിലയിലാണ് വൃത്തിയാക്കുന്നത്. ഫേസ്ബുക്കിലൂടെയോ ഫോൺ സന്ദേശത്തിലൂടെയോ ആവശ്യം അറിയിക്കാം. 9746921201 എന്ന നമ്പറിൽ മേൽവിലാസം എസ് എം എസ് ചെയ്താൽ മതിയാകും.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് മുൻഗണന.