മോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച്‌ അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകരെ വീട്ടുതടങ്കലില്‍ വെച്ചാല്‍ മതിയെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് അറസ്റ്റിലായ തെലുങ്കു കവി വരവര റാവു ഉള്‍പ്പെടെ അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് ആശ്വാസം. ഇവരെ സെപ്തംബര്‍ ആറ് വരെ വീട്ടുതടങ്കലില്‍ വെച്ചാല്‍ മതിയെന്ന് സുപ്രീംകോടതിയുടെ ഉത്തരവ്. ഭിന്നാഭിപ്രായം ജനാധിപത്യത്തിന്റെ രക്ഷയ്ക്ക് ആവശ്യമെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് പറഞ്ഞു.

അതേസമയം, മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസിനെ മഹാരാഷ്ട്ര ഹൈക്കോടതി വിമര്‍ശിച്ചു. അറസ്റ്റ് നടപടികളില്‍ വീഴ്ചയുണ്ടായതായി കോടതി ചൂണ്ടിക്കാട്ടി. പൊലീസ് സാക്ഷികളെ ഉപയോഗിച്ചാണ് അറസ്റ്റ് എന്നും കോടതി കണ്ടെത്തി. അറസ്റ്റിന്റെയും ട്രാന്‍സിറ്റ് വാറന്റിന്റെയും നിയമസാധുത പരിശോധിക്കുമെന്നും കോടതി പറഞ്ഞു.

പുണെയിലെ ഭീമ കൊരെഗാവിൽ മറാഠാപേഷ്വാമാരോട് ഏറ്റുമുട്ടി ദളിതർ നേടിയ വിജയത്തിന്റെ 200-ാം വാർഷികം കഴിഞ്ഞ ജനുവരി ഒന്നിന് ആഘോഷിച്ചിരുന്നു. ഇതിനിടെ ഹിന്ദുത്വ അനുകൂല മറാഠാ സംഘടനകളും ദളിത് വിഭാഗക്കാരും ഏറ്റുമുട്ടിയത് കലാപത്തിലേക്ക് കത്തിപ്പടർന്നു. വാർഷികാചരണത്തിന്റെ ഭാഗമായി ഡിസംബർ 31-ന് നടന്ന എൽഗാർ പരിഷത്ത് പരിപാടിയിൽ മാവോവാദിസാന്നിധ്യം ഉണ്ടായിരുന്നെന്നാണ് പോലീസ് ആരോപിക്കുന്നത്. നേരത്തേ ഈ കേസിൽ മലയാളിയായ റോണാ വിൽസൺ, സുധീർ ധാവ്‌ലെ, സുരേന്ദ്ര ഗാഡ്‌ലിങ്, ഷോമാ സെൻ, മഹേഷ് റൗട്ട് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ രാജീവ് ഗാന്ധി വധത്തിന് സമാനമായരീതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ പദ്ധതിയിട്ടവരാണെന്നാണ് പുണെ പോലീസ് കോടതിയിൽ നൽകിയ കുറ്റപത്രം. അഞ്ചുപേർക്കുമെതിരേ യു.എ.പി.എ. ചുമത്തി.

പിന്നീട് കഴിഞ്ഞ ദിവസമാണ് വരവര റാവു, സുധ ഭരദ്വാജ്, വെര്‍നോണ്‍ ഗോണ്‍സാല്‍വേസ്, അരുണ്‍ ഫെറീറ, ഗൗതം നവ്‌ലഖ എന്നിവരെ  ഭീമ കോറേഗാവ് സംഭവവുമായി ബന്ധപ്പെടുത്തി അറസ്റ്റ് ചെയ്തത്. അന്നുണ്ടായ അക്രമ സംഭവങ്ങള്‍ക്ക് കാരണം ഇവരുടെ പ്രസംഗങ്ങളാണെന്നാണ് പൊലീസ് പറയുന്നത്.

ആക്ടിവിസ്റ്റുകളുടെ അറസ്റ്റ് നടപടി ക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമാണ് കമ്മീഷന്‍ നോട്ടീസ് അയച്ചത്. നാല് ആഴ്ചയ്ക്കുള്ളില്‍ അറസ്റ്റിനെ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മീഷന്‍ ആവശ്യപ്പെട്ടു.

പൂനെ പൊലീസ് അറസ്റ്റ് ചെയ്ത അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍

വരവര റാവു

കവിയും എഴുത്തുകാരനും മനുഷ്യാവകാശപ്രവര്‍ത്തകനുമായ വരവര റാവുവിനെ ഹൈദരബാദിലെ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ റെയ്ഡ് നടത്തിയ ശേഷമായിരുന്നു പൂനെ പൊലീസിന്റെ അറസ്റ്റ്.

വിപ്ലവ കവിയും തെലങ്കാനയിലെ പ്രമുഖ മാര്‍ക്‌സിസ്റ്റ് എഴുത്തുകാരനുമായ റാവു 1970ല്‍ ആന്ധ്രപ്രദേശില്‍ രൂപീകരിച്ച ‘വിപ്ലവ രചയിതല സംഘം’ (Revolutionary Writers’ Association) സ്ഥാപക നേതാവ് കൂടിയാണ്.

റാവുവിനെ ഇതാദ്യമായല്ല സര്‍ക്കാര്‍ അറസ്റ്റ് ചെയ്യുന്നത്. 1973ല്‍ ആന്ധ്ര സര്‍ക്കാരാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ആദ്യം ഉത്തരവിടുന്നത്. എന്നാല്‍ ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് അദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് മിസ (Maintenance and Internal Securtiy Act) നിയമപ്രകാരവും അദ്ദേഹം അറസ്റ്റിലായിട്ടുണ്ട്.

മാല്‍ക്കംഗിരിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പരസ്യമാക്കണമെന്നും അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് സമരം നടത്തിയതിന് 2016ലും റാവുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സുധാ ഭരദ്വാജ്

അഭിഭാഷകയും മനുഷ്യാവകാശപ്രവര്‍ത്തകയുമായ സുധാ ഭരദ്വാജിനെ 153 (എ), ഐ.പിസി505, 117, 120 വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഫരീദാബാദിലെ സൂരജ്കുണ്ഡ് സ്റ്റേഷനിലേക്കാണ് അവരെ കൊണ്ടുപോയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുപ്പതു വര്‍ഷത്തോളമായി ഛത്തീസ്ഗഢില്‍ പ്രവര്‍ത്തിക്കുന്ന സുധ ഭരദ്വാജ് പി.യു.സി.എല്ലിന്റെ (People’s Union for Civil Liberties) ദേശീയ സെക്രട്ടറിയാണ്. 2007 മുതല്‍ ഛത്തീസ്ഗഢ് ഹൈക്കോടതിയില്‍ അഭിഭാഷകയായി പ്രവര്‍ത്തിക്കുന്ന സുധ സംസ്ഥാനത്തെ ഭൂമി കയ്യേറ്റങ്ങള്‍ക്കെതിരെയും ആദിവാസിദളിത് വിഷയങ്ങളിലും നിയമപോരാട്ടം നടത്തുന്നയാളാണ്. ദല്‍ഹി നാഷണല്‍ ലോ യൂണിവേഴ്സ്റ്റിയിലെ വിസിറ്റിങ് പ്രൊഫസറുമാണ് സുധ ഭരദ്വാജ്.

വെര്‍ണോന്‍ ഗോണ്‍സാല്‍വേസ്, അരുണ്‍ ഫെരീറ

മുംബൈയില്‍ നിന്നുള്ള പൊതുപ്രവര്‍ത്തകരാണ് വെര്‍ണോന്‍ ഗോണ്‍സാല്‍വേസും അരുണ്‍ ഫെരീറയും. എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ഫെരീറയെ താനെയിലുള്ള വസതിയില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്.

മാവോയിസ്റ്റ് ബന്ധമാരോപിച്ച് അരുണ്‍ ഫെരീറയെ 2007ല്‍ നാഗ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും പത്തോശം യു.എ.പി.എ കേസുകള്‍ ചുമത്തി തടവിലിടുകയും ചെയ്തിരുന്നു. കുറ്റക്കാരനല്ലെന്ന് കണ്ടെത്തി അദ്ദേഹത്തെ പിന്നീട് വിട്ടയക്കുകയായിരുന്നു.

മാവോയിസ്റ്റ് മുന്‍ സെന്‍ട്രല്‍ കമ്മിറ്റി അംഗവും മഹാരാഷ്ട്ര സ്റ്റേറ്റ് രാജ്യ കമ്മിറ്റി സെക്രട്ടറിയുമെന്ന് സുരക്ഷാ ഏജന്‍സികള്‍ വിശേഷിപ്പിക്കുന്ന വെര്‍ണോന്‍ ഗോണ്‍സാല്‍വേസ് 2007 മുതല്‍ 2013 വരെ ജയിലിലായിരുന്നു. കോളേജ് പ്രൊഫസറായിരുന്ന വെര്‍ണോനിനെ യു.എ.പി.എ ചുമത്തിയായിരുന്നു അറസ്റ്റ് ചെയ്തത്. അന്ന് ഇരുപതോളം കേസുകള്‍ ചുമത്തിയിരുന്നെങ്കിലും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി 17 കേസുകള്‍ കോടതി തള്ളിക്കളഞ്ഞിരുന്നു.

വീണ്ടും കേസുകള്‍ ചുമത്തി ഗോണ്‍സാല്‍വേസിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമം നടക്കുന്നതായി ജയിലില്‍ നിന്ന് പുറത്തിറങ്ങിയ അവസരത്തില്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു.

ഗൗതം നവ്‌ലഖ

മാധ്യമപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ ഗൗതം നവ്‌ലഖ് പി.യു.സി.എല്ലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഛത്തീസ്ഗഢിലെയും കശ്മീരിലെയും മനുഷ്യാവകാശ ലംഘന പ്രശ്‌നങ്ങളില്‍ ഇടപെട്ടിട്ടുള്ള നവ്‌ലഖ് ഇ.പി.ഡബ്ല്യു (Economic and Political Weekly) അടക്കമുള്ളവയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രതിരോധം, അന്താരാഷ്ട്ര കാര്യം എന്നീ വിഷയങ്ങളില്‍ നവ്‌ലഖ ചലംരെഹശരസ ല്‍ ലേഖനം എഴുതിയിരുന്നു. റാഫേല്‍ അഴിമതിയുമായി ബന്ധപ്പെട്ട് ഗൗതം എഴുതിയ ലേഖനങ്ങളുടെ പേരില്‍ റിലയന്‍സ് ഗ്രൂപ്പ് ന്യൂസ്‌ക്ലിക്കിനെതിരെ നോട്ടീസയച്ചിരുന്നു.

രാഷ്ട്രീയമായി തന്നെ നേരിടും: ഗൗതം നവ്‌ലഖ

‘ഈ കേസ് രാഷ്ട്രീയ വിയോജിപ്പുകള്‍ ഇല്ലാതാക്കാന്‍ വേണ്ടിയുള്ള പ്രതികാരേച്ഛയും ഭീരുത്വവും നിറഞ്ഞ ഒരു സര്‍ക്കാരിന്റെ രാഷ്ട്രീയനീക്കമാണ്. ഭീമ കൊറേഗാവ് സംഭവത്തിലെ യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാനും അതിലൂടെ കശ്മീര്‍ മുതല്‍ കേരളം വരെ നീണ്ടുകിടക്കുന്ന സര്‍ക്കാരിന്റെ അഴിമതികളില്‍ നിന്നും പരാജയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനും വേണ്ടിയാണ് ശ്രമിക്കുന്നത്. ഒരു രാഷ്ട്രീയ വിചാരണ രാഷ്ട്രീയമായി തന്നെ നേരിടണം. ഞാന്‍ ഈ അവസരത്തെ സ്വാഗതം ചെയ്യുന്നു. എനിക്ക് ഒന്നും ചെയ്യാനില്ല. രാഷ്ട്രീയ യജമാനന്‍മാരുടെ കല്‍പനകള്‍ അനുവര്‍ത്തിക്കുന്ന മഹാരാഷ്ട്ര പൊലീസാണ് എനിക്കും അറസ്റ്റ് ചെയ്യപ്പെട്ട എന്റെ സഖാക്കള്‍ക്കും എതിരെയുള്ള കേസ് തെളിയിക്കേണ്ടത്. പിയുഡിആറിലൂടെ (പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ ഡെമോക്രാറ്റിക് റൈറ്റ്‌സ്) 40 വര്‍ഷമായി ഞങ്ങള്‍ ഒത്തുചേര്‍ന്ന് ജനാധിപത്യഅവകാശങ്ങള്‍ക്കായി നിര്‍ഭയം പോരാടി. പിയുഡിആറിന്റെ ഭാഗമായി ഞാന്‍ ഇത്തരത്തിലുള്ള ധാരാളം വിചാരണകള്‍ വാര്‍ത്തയാക്കിയിട്ടുണ്ട്. ഇനി ഞാന്‍ തന്നെ അടുത്തുനിന്ന് ഒരു രാഷ്ട്രീയ വിചാരണയ്ക്ക് സാക്ഷ്യം വഹിക്കും.’

ഞങ്ങളും അര്‍ബന്‍ നക്‌സല്‍; ഞങ്ങളെയും അറസ്റ്റ് ചെയ്യൂ; ട്വിറ്ററില്‍ പ്രതിഷേധം ശക്തം

മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ചിന്തകരുടെയും അറസ്റ്റില്‍ പ്രതിഷേധിച്ച് #MeTooUrbanNaxal ഹാഷ്ടാഗ് ക്യാംപെയ്ന്‍ ട്വിറ്ററില്‍ തരംഗമാകുന്നു. അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അകാരണമായ അറസ്റ്റുമായി ബന്ധപ്പെട്ടാണ് സോഷ്യല്‍ മീഡിയ ഈ ഹാഷ്ടാഗ് ക്യാംപെയിന്‍ ഉയര്‍ത്തുന്നത്. ഇനിയും അറസ്റ്റ് ചെയ്യേണ്ടവരുടെ ലിസ്റ്റ് ആവശ്യപ്പെട്ടുള്ള ബോളിവുഡ് സംവിധായകനും സംഘപരിവാര്‍ പ്രചാരകനുമായ വിവേക് അഗ്‌നിഹോത്രിയുടെ ട്വീറ്റിനെ തുടര്‍ന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നത്. #UrbanNaxal എന്ന ഹാഷ്ടാഗ് ഉപയോഗിച്ചായിരുന്നു വിവേക് അഗ്‌നിഹോത്രിയുടെ ട്വീറ്റ്. ഇതിനു മറുപടിയായാണ് #MeTooUrbanNaxal എന്ന ഹാഷ്ടാഗ് രൂപം കൊണ്ടത്. അറസ്റ്റ് ചെയ്യേണ്ടവരുടെ ലിസ്റ്റില്‍ എന്നേയും ഉള്‍പ്പെടുത്തൂ എന്നും പ്രതിഷേധക്കാര്‍ പറയുന്നു.